മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കേരളത്തിലുടനീളം കെല്‍ട്രോണ്‍ സ്ഥാപിച്ച എഐ അധിഷ്ഠിത ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പദ്ധതി നിര്‍വഹണവും മനസിലാക്കാന്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശീ വിവേക് ഭിമാന്‍വര്‍ ഐഎഎസ് കെല്‍ട്രോണ്‍ സന്ദര്‍ശിച്ചു. കെല്‍ട്രോണ്‍ സിഎംഡി ശ്രീ എന്‍ നാരായണമൂര്‍ത്തി, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീ പ്രമോജ് ശങ്കര്‍ ഐഒഎഫ്എസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ കെല്‍ട്രോണ്‍ പരിപാലിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു സേഫ് കേരള പദ്ധതിയുടെ സാങ്കേതികവശങ്ങള്‍ മനസിലാക്കി.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് മഹാരാഷ്ട്ര ഗതാഗത വകുപ്പിനെ ആകര്‍ഷിച്ചത്. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വിവിധ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് സിസ്റ്റങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണത്തിന് ശേഷം, സാങ്കേതിവിദ്യയുടെ സാധ്യതകള്‍ മനസിലാക്കാന്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെ കെല്‍ട്രോണിന്റെ ടെക്‌നിക്കല്‍ ടീമുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സമയം ചെലവഴിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് കേരളത്തില്‍ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംരംഭങ്ങളില്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പ് മതിപ്പറിയിച്ചു. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
also read- വാർധക്യത്തിൽ കൂട്ടായി എത്തി; വിധി വീണ്ടും ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി; കൊച്ചനിയൻ യാത്രയായി
സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ച് പരിപാലിക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തുടനീളം സമാനമായ ബൃഹത് പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവസരങ്ങള്‍ കെല്‍ട്രോണിനെ തേടിയെത്തുകയാണ്. 2023 ജൂണ്‍ മാസത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ഗതാഗത വകുപ്പ് സംഘവും, ജൂലൈ മാസത്തില്‍ തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും സംഘവും സേഫ് കേരള പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here