ദേവ്ഭൗ ( സഹോദരന്‍ ദേവേന്ദ്ര) അഭിനന്ദനങ്ങള്‍! ബിജെപിയുടെയോ എന്‍ഡിഎയുടെയോ നേതാക്കളല്ല, സാക്ഷാല്‍ ഉദ്ധവ് താക്കറെയുടെ ക്യാമ്പാണ് ഇത് പറയുന്നത്. പുതുവര്‍ഷത്തില്‍ മഹാരാഷ്ട്രയില്‍ ഇനിയും പല കളികള്‍ നടക്കുമോയെന്നാണ് ചിലരെങ്കിലും നെറ്റി ചുളിക്കുന്നത്. താക്കറെ ശിവസേന മുഖപത്രമായ ‘സാമ്ന’യിലെ മുഖ പ്രസംഗമാണ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിലെ മിക്കവാറും എല്ലാ ഖണ്ഡികകളിലും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വാഴ്ത്തി പാടുകയാണ്
ഇതിന് തൊട്ട് മുമ്പ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഷാദരോഗത്തിന്റെ പിടിയിലാണെന്നും ജന്മനാടായ സത്താറയിലെ ഗ്രാമത്തിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നതെന്നും അച്ചടിച്ച സാമ്ന തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ച് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്.
ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് ഉദ്ധവ് താക്കറെ ലക്ഷ്യമിടുന്നത്. ഷിന്‍ഡെയുടെ രാഷ്ട്രീയ ഭാവിക്ക് തടയിടാനും ഫഡ്നാവിസിനോടൊപ്പം ചേര്‍ന്ന് പഴയ സമവാക്യങ്ങളുടെ സാധ്യത തേടാനുമാണ് താക്കറെയുടെ ശ്രമം.
ALSO READ: മറാത്തിയോ ഭോജ്പുരിയോ? തമ്മില്‍ തല്ലില്‍ കലാശിച്ച് പുതുവര്‍ഷാഘോഷം, ഒടുവില്‍ ഒരു മരണം!
എന്‍ സി പി ലയന ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍, ആര്‍ക്കും വേണ്ടാത്ത കോണ്‍ഗ്രസിനോടൊപ്പം നിന്നാല്‍ ഇനി രക്ഷയില്ലെന്ന തിരിച്ചറിവാകും പുതിയ നീക്കത്തിന് പുറകിലെന്നാണ് ചില കോണുകളില്‍ നിന്ന് ഉയരുന്നത്
‘ദേവഭൗ, അഭിനന്ദനങ്ങള്‍!’ പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ക്കാണ് താക്കറെ പൂച്ചെണ്ട് നീട്ടിയിരിക്കുന്നത്. ഇതിനായി ഫഡ്നാവിസ് തിരഞ്ഞെടുത്തത് ഗഡ്ചിറോളി ജില്ലയാണെന്നത് ശ്ലാഘനീയമാണെന്നും സാമ്ന ചേര്‍ത്ത് വയ്ക്കുന്നു. മുഖ്യമന്ത്രി ഫഡ്നാവിസ് ഗഡ്ചിറോളിയിലെത്തി, നക്സല്‍ ബാധിത ജില്ലയില്‍ വികസനത്തിന്റെ പുതിയ ഉത്സവത്തിന് തുടക്കമിടുകയാണെന്നും സാമ്ന പ്രകീര്‍ത്തിച്ചു.
അതെ സമയം ലേഖനത്തിലെ വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് ഒളിപ്പിച്ച് വച്ചിരിക്കുന്ന ചില സന്ദേശങ്ങള്‍ അനുഭവപ്പെടും. ഈ മാറിയ മൂഡ് വലിയ സൂചനയാണ് നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നല്ല പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ അഭിനന്ദിച്ചതെന്നാണ് സഞ്ജയ് റാവത്ത് വിശദീകരിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here