സവർണമേലാള ശാസനകളെ വെല്ലുവിളിച്ച ഉജ്ജ്വലവിപ്ലവകാരി, മഹാത്മാ അയ്യങ്കാളിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കെ.കെ രാഗേഷ്

സവർണമേലാള ശാസനകളെ വെല്ലുവിളിച്ചുകൊണ്ട്, അധസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ട ജനതയുടെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഉജ്ജ്വലവിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് മുന്‍ എംപി കെ.കെ രാഗേഷ്. ഒറ്റയാൾ സമരത്തിൽ തുടങ്ങി, അടിച്ചമർത്തപ്പെട്ട ജനതയുടെ നേതൃത്വമേറ്റേടുത്ത അയ്യങ്കാളിയുടെ ജീവിതം സമരതീക്ഷ്ണമായിരുന്നുവെന്നും അവസാനശ്വാസം വരെ നിർഭയനായി നിന്ന പോരാളി കൂടിയായിരുന്നു അയ്യങ്കാളിയെന്നും രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സവർണ്ണ മാടമ്പികളെ വിറപ്പിച്ച
വില്ലുവണ്ടി
മഹാത്മാ അയ്യങ്കാളിയുടെ ചരമവാർഷിക ദിനമാണ് ഇന്ന്. സവർണമേലാള ശാസനകളെ വെല്ലുവിളിച്ചുകൊണ്ട്, അധസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ട ജനതയുടെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഉജ്ജ്വലവിപ്ലവകാരിയാണ് അയ്യങ്കാളി. ഒറ്റയാൾ സമരത്തിൽ തുടങ്ങി, അടിച്ചമർത്തപ്പെട്ട ജനതയുടെ നേതൃത്വമേറ്റേടുത്ത അയ്യങ്കാളിയുടെ ജീവിതം സമരതീക്ഷ്ണമായിരുന്നു. രോഗം ജീവിതം കാർന്നെടുത്തപ്പോഴും അവസാനശ്വാസം വരെ നിർഭയനായി നിന്ന പോരാളി കൂടിയായിരുന്നു അയ്യങ്കാളി.
കീഴാള ജനതയുടെ വിമോചന പോരാളിയായ അയ്യങ്കാളിയുടെ നേതൃത്വത്തിലാണ് തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കം നടന്നത്. തിരുവിതാംകൂറിൽ ദളിതർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സവർണ ജാതിബോധത്തിനെതിരെ വില്ലുവണ്ടി യാത്ര നയിച്ച സമരവീര്യമാണ് അയ്യങ്കാളി. 1907ൽ ദളിതർക്ക് വിദ്യാഭ്യാസ അവകാശമനുവദിച്ച് തിരുവിതാംകൂർ സർക്കാർ ഉത്തരവിറക്കിയെങ്കിലും സവർണമാടമ്പിമാർ അത് അംഗീകരിക്കാൻ തയ്യാറായില്ല. വിലക്കുലംഘിച്ച്, സ്‌കൂൾ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയുടെ കൈപിടിച്ച് അയ്യങ്കാളി ഐതിഹാസികമായ അവകാശ സമരം നയിച്ച ഊരൂട്ടമ്പലം സ്‌കൂൾ ഇന്നറിയപ്പെടുന്നത് അയ്യങ്കാളിയുടെയും പഞ്ചമിയെന്ന അന്നത്തെ വിദ്യാർത്ഥിനിയുടെയും പേരിലാണ്. കീഴാള സമുദായത്തിലെ പഞ്ചമിയെ സ്‌കൂളിൽ ചേർക്കാൻ അയ്യങ്കാളി എത്തിയത് സവർണ്ണ മാടമ്പികളെ അന്ന് വിറളി പിടിപ്പിച്ചു. അയ്യങ്കാളിയെ ക്രൂരമായ മർദ്ദിച്ചശേഷം സവർണ്ണജന്മികൾ സ്‌കൂൾ തീയിട്ട് നശിപ്പിക്കുകയായിരുന്നു.
ഊരൂട്ടമ്പലം ഗവ. യു.പി. സ്‌കൂളിന്റെ ഇന്നത്തെ പേര് അയ്യൻകാളിപഞ്ചമി സ്മാരക സ്‌കൂൾ എന്നാണ്. 2022 ഡിസംബർ രണ്ടിനാണ് അയ്യങ്കാളി പഞ്ചമി സ്മാരക സ്‌കൂൾ എന്ന് പുനർ നാമകരണം ചെയ്യുന്നതിന്റെ പ്രഖ്യാപനവും പുതിയ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ നിർവ്വഹിച്ചത്. പഞ്ചമി ‘തൊട്ട് അശുദ്ധമാക്കിയ’ ആ ബെഞ്ച് ഇന്നും സ്‌കൂളിലെ പ്രധാനാധ്യാപകന്റെ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അയ്യങ്കാളിയുടെയും പഞ്ചമിയുടെയും ഓർമ്മകൾക്കുള്ള ഉജ്ജ്വല സ്മാരകമാണ് മികവിന്റെ കേന്ദ്രമായ ഊരൂട്ടമ്പലത്തെ ഈ സ്‌കൂളും. അയ്യങ്കാളി ഉൾപ്പെടെയുള്ള നവോത്ഥാനനായകർ പൊരുതിനേടിയതാണ് നാം അനുഭവിക്കുന്നതെല്ലാം എന്ന തിരിച്ചറിവ് മാത്രമാണ് ഈ ദിനത്തിൽ നമുക്കവർക്ക് നൽകാനുള്ള സ്മരണാഞ്ജലി!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News