6 ജി നെറ്റ് വര്‍ക്ക് സുഗമമാക്കാന്‍ പരിസ്ഥിതി സൗഹൃദ ഷീല്‍ഡുകള്‍; ശ്രദ്ധേയ നേട്ടവുമായി എം.ജി സര്‍വകലാശാല

പരിസ്ഥിതി സൗഹൃദ ഷീല്‍ഡുകള്‍ വികസിപ്പിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല.ആറാം തലമുറ വയര്‍ലെസ് നെറ്റ് വര്‍ക്കുകളില്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ സുഗമ നീക്കത്തിന് സഹായകമായ ഒന്നാണിത്. ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധം വിഖ്യാതമായ കെമിക്കല്‍ എന്‍ജിനീയറിംഗ് രാജ്യാന്തര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

സസ്യങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സെല്ലുലോസ് നാനോ ഫൈബറുകളും കരിമ്പിന്‍ ചണ്ടി കത്തിച്ച് സംസ്കരിച്ചെടുക്കുന്ന ബയോ കാര്‍ബണും ഉപയോഗിച്ച് തയ്യാറാക്കിയ ഷീല്‍ഡുകളാണ് യു.കെയിലെ ലാങ്കസ്റ്റര്‍ സര്‍വകലാശാലയില്‍ വിജയകരമായി പരീക്ഷിച്ചത്.

കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്താലയത്തിന്‍റെ വിശ്വേശ്വരയ്യ പി.എച്ച്.ഡി പദ്ധതിയുടെ ഭാഗമായി വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിന്‍റെയും ഡോ. നന്ദകുമാര്‍ കളരിക്കലിന്‍റെയും നേതൃത്വത്തില്‍ രണ്ടു വര്‍ഷം മുന്‍പ് എ.ജി സര്‍വകലാശാലയില്‍ ആരംഭിച്ച ഗവേഷണത്തിന്‍റെ തുടര്‍ പഠനത്തിലാണ് ഈ കണ്ടുപിടുത്തം.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നുള്ള അധിക വൈദ്യുത കാന്തിക തരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ ഷീല്‍ഡിംഗ് കണ്ടെത്തിയതിന് ആദ്യ ഘട്ട ഗവേഷണത്തിന് ദേശീയ പെട്രോ കെമിക്കല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഗവേഷക സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ഥി അവിനാശ് ആര്‍ പൈയ്ക്ക് ബ്രിട്ടീഷ് കൗണ്‍സിലിന്‍റെ ന്യൂട്ടണ്‍ ഭാഭ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ലാങ്കസ്റ്റര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് രണ്ടാം ഘട്ട ഗവേഷണം ആരംഭിച്ചത്.

ഇന്‍റര്‍നെറ്റ് സേവനത്തില്‍ വേഗത്തിന്‍റെ പുതുചരിത്രം കുറിക്കുന്ന 6ജി വയര്‍ലെസ് നെറ്റ് വര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പഠനങ്ങള്‍ വ്യാപകമായി നടന്നുവരികയാണ്. മൂന്ന് ടെറാ ഹെര്‍ട്സ് വരെയുള്ള സ്പെക്ട്രം ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന 6 ജി നെറ്റ് വര്‍ക്കില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍തോതിലുള്ള ഡാറ്റാ കൈമാറ്റം സാധ്യമാകും. ഡാറ്റാ കൈമാറ്റത്തിന്‍റെ തോത് ഉയരുമ്പോള്‍ ടെറാഹെര്‍ട്സ് സ്പെക്ട്രത്തില്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ സഞ്ചാരത്തില്‍ വ്യതിചലനത്തിന് സാധ്യതയുണ്ട്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാണ് ഷീല്‍ഡുകള്‍ ആവശ്യമായി വരിക.

നിലവില്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ വ്യതിചലനം പരിഹരിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് ലോഹം, പ്ലാസ്റ്റിക് എന്നിവ കൊണ്ട് നിര്‍മിച്ച ഷീല്‍ഡുകളാണ്. ഏറെ സങ്കീര്‍ണമായ രീതികളിലൂടെ നിര്‍മിക്കുന്ന ഇവ പരിസ്ഥിതിക്ക് ദോഷകരമാണ്.

ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പരിസ്ഥിതി സൗഹൃദ ഷീല്‍ഡുകള്‍ നിര്‍മിക്കുന്നതിനുള്ള ഗവേഷണത്തിന് തുടക്കം കുറിച്ചതെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍വകലാശാലയില്‍തന്നെ ഉദ്പാദിപ്പിക്കുന്ന നാനോ സെല്ലുലോസാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. ടെറാ ഹെര്‍ട്സ് റേഞ്ചില്‍ ഷീല്‍ഡിംഗിന് ഉപകരിക്കുന്ന പരിമിതമായ ഉത്പന്നങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. വൈദ്യുത കാന്തിക വ്യതിചലനം തടയുന്നതില്‍ ചാലകതയുള്ള നാനോ മെറ്റീരീയലുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഷീല്‍ഡുകളെക്കാള്‍ ഫലപ്രദമാണ് പുതിയ കണ്ടുപിടുത്തം. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുമ്പോള്‍ അസംസ്കൃത വസ്തുക്കള്‍ക്കായി വന്‍തോതില്‍ പണം മുടക്കേണ്ടിവരില്ലെന്ന സവിശേഷതയും ഇതിനുണ്ട്. ഉപയോഗശേഷം നീക്കം ചെയ്യുമ്പോള്‍ ഇവ മണ്ണില്‍ അലിഞ്ഞു ചേരുകയും ചെയ്യും.

ലാങ്കസ്റ്ററിലെ എന്‍ജിനീറിംഗ് ഓഫ് മൈക്രോ വവേവ്സ് ടെറാഹെര്‍ട്സ് ആന്‍റ് ലൈറ്റ് വിഭാഗത്തിലാണ് ടെറാഹെര്‍ട്സ് സ്പെക്ട്രത്തില്‍ ഈ ഷീല്‍ഡുകളുടെ വൈദ്യുത കാന്തിക ചാലകത പരിശോധിച്ച് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News