വരുതിയിലാക്കാൻ ബിജെപി; വഴങ്ങാതെ ഷിൻഡെ, നിർണായ തീരുമാനം ഇന്ന് 

Eknath Shinde

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാൻ മഹായുതി സഖ്യം. അതിവേഗം നടപടികൾ പൂർത്തിയാക്കുമ്പോഴും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് സഖ്യത്തിനുള്ളിലെ ഭിന്നത പ്രകടമാക്കിയിരിക്കയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഖ്യ നേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയിലെ തീരുമാനങ്ങളിൽ ഷിൻഡെ തൃപ്തനല്ലെന്ന് വേണം കരുതാൻ. ദില്ലിയിൽ നിന്ന് മടങ്ങിയ ഉടനെയാണ് മുംബൈയിൽ നടക്കാനിരുന്ന നിർണായ യോഗങ്ങളെല്ലാം റദ്ദാക്കി ഷിൻഡെ ജന്മനാട്ടിലേക്ക് ‘മുങ്ങിയത്’. മുഖ്യമന്ത്രി പദത്തിന് പകരമായി മകനെ ഉപമുഖ്യമന്ത്രിയാക്കാനും ആഭ്യന്തരം, നഗര വികസനം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകൾ സ്വന്തമാക്കാനാണ് ഷിൻഡെയും ശ്രമം.

ദില്ലിയിൽ നടന്ന യോഗത്തിൽ ഭാരതീയ ജനതാ പാർട്ടി ഏകനാഥ് ഷിൻഡെക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട് . എന്നാൽ, മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ആദ്യം ശ്രമിച്ച ഷിൻഡെ ഈ വാഗ്ദാനം സ്വീകരിക്കാൻ തയ്യാറായില്ല. അദ്ദേഹത്തിൻ്റെ ചെറുത്തുനിൽപ്പ് ബിജെപിക്ക് രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അസ്വസ്ഥനായ ഷിൻഡെ സർക്കാരിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്ന കാര്യം പോലും ചിന്തിക്കാൻ തുടങ്ങിയതോടെയാണ് അന്തിമ തീരുമാനമെടുക്കാൻ ഗ്രാമാന്തരീക്ഷത്തിലേക്ക് മടങ്ങിയത്. നിർണായക തീരുമാനങ്ങൾ എടുക്കാൻ സത്താറയിൽ പോകുന്ന പതിവുണ്ടെന്നാണ് അടുത്ത അനുയായികളും പറയുന്നത്.

ഷിൻഡെ പുതിയ സർക്കാരിൽ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നാണ് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് മുതിർന്ന ശിവസേന നേതാവ് ശംഭുരാജ് ദേശായി പറഞ്ഞു. ഷിൻഡെക്ക് ദേഷ്യമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് ഗ്രാമത്തിലേക്ക് പോയതെന്നും അടുത്ത അനുയായി സാമന്ത് പറയുന്നു.

അതേസമയം പുതിയ സർക്കാരിൽ ഷിൻഡെയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി, മാറ്റിനിർത്താൻ ബിജെപി തയ്യാറല്ല. മഹായുതി സർക്കാരിൽ ഏകനാഥ് ഷിൻഡെയുടെ പങ്ക് മന്ത്രിസ്ഥാനങ്ങൾക്കപ്പുറമാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായ മറാഠാ സമുദായത്തിലേക്കുള്ള നിർണായക കണ്ണിയായാണ് ഷിൻഡെയെ ബിജെപി കാണുന്നത്. ശിവസേനയിലെ പിളർപ്പും മറാത്താ പ്രതിഷേധവും ഉൾപ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങൾ മറികടക്കാൻ ഷിൻഡെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ നേതൃത്വം ബിജെപിയെ സഹായിച്ചു.

also read: മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയെന്ന് ശിവസേന നേതാവ്

മഹായുതി സഖ്യത്തിനുള്ളിൽ ഇതിനകം തന്നെ സ്ഥാനം ഉറപ്പിച്ച അജിത് പവാറിന് ഷിൻഡെയുടെ പുറത്താകൽ ധൈര്യം പകരും. പവാറിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനം ബിജെപിയുടെ പദ്ധതികളെ തകിടം മറിക്കുകയും സർക്കാരിൽ അധികാര അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News