ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിച്ചേക്കും. മഹുവയ്‌ക്കെതിരായ നടപടി പ്രചരണ ആയുധമക്കാനാണ് തുണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. അതേ സമയം മഹുവ മെയ്ത്രയ്‌ക്കെതിരായ നടപടി തെളിവുകള്‍ ഇല്ലാതെ എന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ അനുമതി ലഭിച്ചാല്‍ പുറത്താക്കല്‍ നടപടിയെ മഹുവാ മൊയ്ത്ര നിയമപരമായി ചോദ്യം ചെയ്യും. ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയേ സമീപിക്കാനാണ് നീക്കം. നിയമ വിദഗ്ധരുമായി ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് സൂചന. എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ ഭരണ ഘടനാ പരമായ പിഴവുണ്ടായി എന്നാണ് മഹുവാ മൊയ്ത്രയുടെ പ്രാഥമിക വിലയിരുത്തല്‍. അവകാശ ലംഘനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ്.
എന്നാല്‍ പുറത്താക്കല്‍ നടപടി ശുപാര്‍ശ ചെയ്തത് എത്തിക്‌സ് കമ്മിറ്റിയും. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയില്‍ വരേണ്ടത്. പാര്‍ലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്‌സ് കമ്മിറ്റിക്കു പുറത്താക്കല്‍ ശുപാര്‍ശ നല്‍കാനാവില്ല. അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്കു കഴിയും . ചോദ്യത്തിന് കോഴ നല്‍കി എന്ന ആരോപണമുള്ള ബിസിനസ് കാരനായ ഹീരാ നന്ദാനിയെ തെളിവെടുപ്പിനായി വിളിച്ചു വരുത്താന്‍ പാര്‍ലമെന്ററി സമിതി തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ കമ്മിറ്റിയുടെ പ്രവര്‍ത്തന രീതിയെ ചോദ്യം ചെയ്താകും കോടതിയെ സമീപിക്കുക. മഹുവയെ പുറത്താക്കിയ നടപടി ചട്ടങ്ങള്‍ മുന്‍പ് കേട്ട് കേള്‍വിയില്ലാത്തതും നടപടി തെളിവുകള്‍ ഇല്ലാതെയുമാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
അതേ സമയം മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടി സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ നീക്കം. വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തും അകത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here