പാരമ്പര്യ പഠനരീതികളിൽ വ്യത്യസ്തമായി പ്രകൃതിയിലേക്ക് നേരിട്ട് പഠിക്കാനിറങ്ങിയപ്പോൾ കുരുന്നു പാഠങ്ങളിൽ വിരിഞ്ഞിറങ്ങിയത് പത്തരമാറ്റ് പൂമ്പാറ്റ ചരിതം. മൈലം ഗവ എൽപി സ്കൂളിലാണ് വളരെ വ്യത്യസ്തവും സമകാലിക പ്രാധാന്യമുള്ളതും ഏറെ സാമൂഹിക ശ്രദ്ധയാകർഷിക്കുന്നതുമായ പഠന പ്രവർത്തനം സംഘടിപ്പിക്കപ്പെട്ടത്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പിറ്റിഎയും ഒത്തു ചേർന്ന് പൂന്തോട്ടം തയ്യാറാക്കുകയായിരുന്നു ആദ്യപടി.
ശേഷം അവിടെ വിരുന്നു വന്ന പൂമ്പാറ്റകളെ നിരീക്ഷിച്ചും ചിത്രങ്ങളെടുത്തും അവയുടെ പ്രത്യേകതകൾ പഠിച്ചു ചിട്ടപ്പെടുത്തി. പഠനം പൂർത്തിയായപ്പോൾ സ്വന്തമായത് കേരളത്തിലെ ഇരുപത്തിയെട്ട് ഇനം പൂമ്പാറ്റകളുടെ സമഗ്ര വിവരങ്ങൾ ചിത്രങ്ങൾ അടക്കം തയാറായി.
കുരുന്നുകളുടെ വിസ്മയിപ്പിക്കുന്ന ഈ പ്രവർത്തനം ‘ചിത്രപതംഗച്ചെപ്പ്’ എന്ന ഡോക്യുമെന്ററിയായും പുസ്തകമായും തയ്യാറായപ്പോൾ അതിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തന്നെ നിർവഹിച്ചത് കുട്ടികൾക്ക് വലിയ അംഗീകാരവും സന്തോഷവും നൽകുന്ന ഒന്നായി. അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ പരിപാടിയിൽ സന്നിഹിതനായിരുന്നു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ കല, അരുവിക്കര വൈസ് പ്രസിഡന്റ് രേണുക രവി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അൽഫിയ, ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപിക അമൃത, പിടിഎ വൈസ് പ്രസിഡന്റ് രാഖി, എസ്.എം.സി ചെയർമാൻ സുന്ദരൻ, രക്ഷകർത്താക്കൾ എന്നിവരും സന്നിഹിതരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here