ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞുവെന്ന് എം സ്വരാജ്. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ മാധ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന മാധ്യമ സംവാദത്തില്‍ എം സ്വരാജ് പറഞ്ഞു.
എം സ്വരാജിന്റെ വാക്കുകള്‍
ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും എതിരായി സംപ്രേഷണത്തിന് നിരോധന ഉത്തരവ് ഉണ്ടായി. മീഡിയ വണ്‍ സുപ്രിം കോടതിയില്‍ പോയിട്ടാണ് ആ കേസ് ജയിച്ചത്. പക്ഷേ ഏഷ്യാനെറ്റിന് സംപ്രേഷണാവകാശം എങ്ങിനെയാണ് തിരിച്ചു കിട്ടിയത് എന്നറിയുമോ ആര്‍ക്കെങ്കിലും.. ‘അണ്‍കണ്ടീഷണല്‍ അപ്പോളജി’ (നിരുപാധികമായ മാപ്പ്) എന്ന് കേന്ദ്രത്തിന് എഴുതിക്കൊടുത്തിട്ടാണ് അവര്‍ സംപ്രേഷണം തുടര്‍ന്നത്. അങ്ങനെ മാപ്പെഴുതിക്കൊടുത്തവരാണ് ഇപ്പോള്‍ പറയുന്നത് ‘മിണ്ടാന്‍ തന്നെയാണ് തീരുമാനം’ എന്ന്.
കേന്ദ്ര ഭരണത്തിനെതിരായി നിങ്ങള്‍ എന്താണ് മിണ്ടുന്നത്?. ‘തെമ്മാടി ഭരണം’ എന്ന് കേരളത്തിലെ ഭരണത്തെ നിങ്ങള്‍ വിളിച്ചു. വിളിച്ചയാള്‍ക്ക് ഒരു കുഴപ്പവുമുണ്ടായില്ല. അയാളിപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു. അതുപോലെ തെമ്മാടി ഭരണമെന്ന് മോദിയെ നോക്കി ഒന്ന് പറയാന്‍ സാധിക്കുമോ?.. ‘എളമരം കരീമിനെ പിടിച്ചു നിര്‍ത്തി ചെകിട്ടത്തടിക്കണമായിരുന്നു, മൂക്കില്‍ നിന്ന് ചോര വീഴ്ത്തണമായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞു, അമിത് ഷായെക്കുറിച്ച് അങ്ങനെയൊരു വാചകം പറയാനുള്ള ധൈര്യമുണ്ടോ?. പറഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ വായ തുറക്കില്ല, മിണ്ടില്ല.
Also Read: ബി എസ് എന്‍ എല്‍ ടവറിന്റെ കേബിള്‍ മോഷ്ടിച്ചവര്‍ പിടിയില്‍
ഭരണകൂടം വേട്ടയാടിക്കൊന്ന സ്റ്റാന്‍ സ്വാമിയുടെ വാര്‍ത്ത അദ്ദേഹം ‘ആശുപത്രിയില്‍ മരിച്ചു’ എന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ലജ്ജാകരമായ അവസ്ഥയിലേക്ക് കേരളത്തിലെ മാധ്യമങ്ങള്‍ മാറി. അത്രത്തോളമെത്തി വിധേയത്വം.
നസീം ഖുറേഷി, ജുനൈദ്, സലിം, ഇദ്രീസ് പാഷ. പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണ്. എന്ത് നിലപാടെടുത്തു നിങ്ങള്‍?.. എന്ത് റിപ്പോര്‍ട്ട് ചെയ്തു നിങ്ങള്‍?.. കേരളത്തിലെ ചെറിയ വിഷയങ്ങളെ കേന്ദ്രത്തോട് സമീകരിച്ച് രാജ്യം നേരിടുന്ന ഗുരുതരമായ ജനാധിപത്യ മതേതരത്വ വെല്ലുവിളികളെ മറച്ചു പിടിക്കുകയാണ് നിങ്ങള്‍. കൊടിയ പാതകമാണ് നിങ്ങളീ ചെയ്യുന്നത്.
ബാലസോര്‍ തീവണ്ടി അപകടം നടന്നപ്പോള്‍ മനോരമ ഓണ്‍ലൈനില്‍ ഒരു തലക്കെട്ട് വന്നു. ‘വന്ദേഭാരത് ഓടിക്കാനുള്ള തിരക്കിനിടയില്‍ സുരക്ഷ മറന്ന് മോദി’ എന്ന്. ആ തലക്കെട്ട് കണ്ട ഞാന്‍ അത്ഭുതപ്പെട്ടു. മനോരമക്ക് ഇതെന്ത് പറ്റി എന്ന് . പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ഒറ്റ മണിക്കൂറേ ആ തലക്കെട്ടിന് ആയുസ്സുണ്ടായുള്ളൂ. ‘വന്ദേഭാരത് ഓടിക്കാനുള്ള തിരക്കിനിടയില്‍ സുരക്ഷ മറന്നത് ആര്?’ എന്നായി തലക്കെട്ട് രൂപം മാറി. എവിടെ മിണ്ടണമെന്നും എവിടെ മിണ്ടരുതെന്നും നിങ്ങള്‍ക്കറിയാം. എവിടെ തിരുത്തണമെന്നും എവിടെ മുക്കണമെന്നും നിങ്ങള്‍ക്കറിയാം.
പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു പുതിയ എസ് യുവി (പ്രധാനമന്ത്രിക്കല്ല, കൂടെയുള്ള സുരക്ഷാ സേനക്ക്) വാങ്ങിയപ്പോള്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ‘ഒരു കിടിലന്‍’ എസ് യു വി എന്നായിരുന്നു ഏഷ്യാനെറ്റിന്റെ തലക്കെട്ട്.. തലക്കെട്ട് ശ്രദ്ധിക്കണം. കിടിലന്‍ എന്ന് പറഞ്ഞു അത് ആഘോഷമാക്കുകയാണ്. ആഹ്‌ളാദിച്ചാട്ടെ എന്നാണ് തലക്കെട്ടിന്റെ ധ്വനി. അത് കഴിഞ്ഞു കേരളത്തിലെ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ ഒരു കിയ കാറ് വാങ്ങിച്ച വാര്‍ത്ത വന്നു. കോടികളുടെ ആഡംബര വാഹനമൊന്നുമില്ല, പാളയത്ത് ഇറങ്ങി നിന്നാല്‍ ഒരു മിനുട്ടില്‍ പത്ത് കിയ പോകുന്നത് കാണാം. അന്ന് വൈകിട്ടത്തെ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയുടെ തലക്കെട്ട് എന്തായിരുന്നു എന്നറിയുമോ ‘ ധൂര്‍ത്തിന്റെ കാര്‍ണിവല്‍’. അവിടെ വാങ്ങിയാല്‍ ‘കിടിലന്‍’. ഇവിടെ വാങ്ങിയാല്‍ ധൂര്‍ത്തിന്റെ കാര്‍ണിവല്‍’.
ഒട്ടും ആനുപാതികമല്ലാത്ത സമീകരണങ്ങളിലൂടെ നിങ്ങള്‍ ചെയ്യുന്നത് കൊടിയ ദ്രോഹമാണെന്ന് പറഞ്ഞു കൊണ്ടാണ് സ്വരാജ് അവസാനിപ്പിക്കുന്നത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു തവണയെങ്കിലും ആ പ്രസംഗമൊന്ന് കേള്‍ക്കണം. നന്നാവാനോ വിധേയത്വം മാറാനോ വേണ്ടിയല്ല, ‘മാപ്ര’യെന്ന് നാട്ടുകാര്‍ നിങ്ങളെ എന്ത് കൊണ്ട് വിളിക്കുന്നു എന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here