കേരളം ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഹബ്ബായി മാറുന്നു: മുഖ്യമന്ത്രി

കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി  ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം:

കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള ഒരു ദിവസമാണിന്ന്. നാടിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്ന പല പദ്ധതികള്‍ക്കും ഇന്ന് ആരംഭം കുറിക്കുകയാണ്. അതേസമയം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കപ്പെടുകയുമാണ്. ഇതിനായി രാജ്യത്തിന്‍റെ പ്രധാനമന്ത്രി തന്നെ എത്തിയിരിക്കുന്നു എന്നതില്‍ നമുക്കെല്ലാവര്‍ക്കും അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക – വിവര സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ നൂതനവൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും യാഥാര്‍ത്ഥ്യമാക്കിയ കേരളത്തില്‍ തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിതമാവുന്നത് എന്നതില്‍ നാടിനാകെ അഭിമാനിക്കാം. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഈ  സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനമാണ്.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജിയോട് ചേര്‍ന്നു തന്നെയാണ് 1,500 കോടി രൂപ മുതല്‍മുടക്കില്‍ 13.93 ഏക്കറിലായി നമ്മുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നത്. ഇതിനുള്ള പ്രാരംഭ മുതല്‍മുടക്ക് എന്ന നിലയില്‍ 2022-23 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും ഈ പാര്‍ക്ക് ഊന്നല്‍ നല്‍കുന്നത്.

ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. അവയ്ക്കൊക്ക ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഇതിന്റെ വികസനവുമായി ബന്ധപ്പെട്ട് മാന്‍ചെസ്റ്റര്‍, ഓക്‌സ്ഫഡ്, എഡിന്‍ബറ എന്നീ വിദേശ സര്‍വ്വകലാശാലകള്‍ ഇതിനോടകം തന്നെ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതില്‍ നിന്നുതന്നെ ഈ പാര്‍ക്ക് രാജ്യത്തിന്റെയാകെ ഭാവിക്ക് മുതല്‍ക്കൂട്ടാകും എന്നത് വ്യക്തമാണ്.

ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങള്‍. കേരളത്തെ പോലെ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തിനാകട്ടെ മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ കൂടിയേ തീരൂ. ആ നിലയ്ക്ക് മാതൃകാപരമായ ഒരു പദ്ധതിയാണ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്നത്, കൊച്ചി വാട്ടര്‍ മെട്രോ. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്.

കേരള സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ എഫ് ഡബ്യുവിന്റെ വായ്പയും ഉള്‍പ്പെടെ 1,136.83 കോടി രൂപ ചിലവു ചെയ്താണ് കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാകും. ഗതാഗത വിനോദസഞ്ചാര മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കൊച്ചിയുടെ കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കും. ആ നിലയ്ക്ക് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജ്ജമാണ് പകരുന്നത്.

പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ കൂ‍ഴിലുള്ള  ഇത്ര പരിസ്ഥിതി സൗഹൃദമായ ഈ ജലഗതാഗത സംവിധാനം ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാന്‍ പോവുകയാണ്.

ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്തവരായി സമൂഹത്തില്‍ ആരുംതന്നെ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തിക്കൊണ്ടു കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. അതുമായി ബന്ധപ്പെട്ട രണ്ട് പരിപാടികള്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇന്നാകട്ടെ, പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News