മലപ്പുറം കൊണ്ടോട്ടിയില്‍ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. പഴയങ്ങാടി വലിയ ജുമായത്ത് പള്ളിയിലാണ് കബറടക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കി.
നിറത്തിൻ്റെ പേരിൽ നിരന്തരമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതിൽ മനംനൊന്താണ് കൊണ്ടോട്ടിയിൽ നവവധു ജീവനൊടുക്കിയത്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരമായി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് മരിച്ച ഷഹാനയുടെ കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.
നിറം കുറവാണെന്ന് പറഞ്ഞ് ഷഹാനയെ നിരന്തരമായി ഭർത്താവ് കുറ്റപ്പെടുത്തുമായിരുന്നുവെന്നും ആത്മഹത്യ കടുത്ത മാനസിക പീഡനം മൂലമാണെന്നുമാണ് ആരോപണം. നിറത്തിൻ്റെ പേരിൽ ഭർത്താവ് വിവാഹ ബന്ധം വേർപെടുത്താൻ നിർബന്ധിച്ചിരുന്നെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here