എല്‍ഡിഎഫിന്‍റെ സോളാർ സമരം ഒത്തുതീർപ്പാക്കാൻ താനാണ് ഇടപെട്ടതെന്ന്, മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോൺ മുണ്ടക്കയം അവകാശപ്പെട്ടിരുന്നു. കൈരളി ടിവി എംഡിയും എംപിയുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ ആവശ്യപ്രകാരമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും താൻ ഒത്തുതീർപ്പിന് മുൻകൈ എടുത്തതെന്നായിരുന്നു മുണ്ടക്കയത്തിന്‍റെ അവകാശവാദം. ഇത് മാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കവെയാണ് ജോണ്‍ മുണ്ടക്കയത്തിന് മനോരമയുടെ വക ചുവപ്പുകാർഡ്.
മുണ്ടക്കയത്തിൻ്റെ അവകാശവാദം കേവലം ഭാവന മാത്രമാണെന്നും പുസ്‌തകം വിറ്റഴിക്കാനുള്ള പൊടിക്കൈ മാത്രമായി ഇതിനെ കണ്ടാൽ മതിയെന്നായിരുന്നു ബ്രിട്ടാസിൻ്റെ പ്രതികരണം. “ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ കോൺഗ്രസിന്‍റെ മുതിർന്ന നേതാവായ ചെറിയാൻ ഫിലിപ്പിലൂടെ എന്നെയാണ് ബന്ധപ്പെട്ടത്. എന്ത് വിട്ടുവീഴ്‌ച ചെയ്യാനും സർക്കാർ ഒരുക്കമാണെന്നുമായിരുന്നു തിരുവഞ്ചൂരിൻ്റെ നിലപാട്. ഇക്കാര്യങ്ങളെല്ലാം സിപിഐഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു “. അവകാശപ്പെടുന്നതുപോലെ വിലപ്പെട്ട വിവരങ്ങൾ കൈവശമുണ്ടായിരുന്നിട്ട് ജോലി നോക്കുന്ന സ്വന്തം പത്രത്തിൽ എക്‌സ്‌ക്ലൂസീവായി എന്തുകൊണ്ടാണ് മുണ്ടക്കയം ഇക്കാര്യങ്ങൾ നൽകാതിരുന്നതെന്നും ബ്രിട്ടാസ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
“സ്വന്തം ബ്യൂറോ ചീഫ് ഇങ്ങനെ എക്‌സ്‌ക്ലൂസീവ് ഒഴിവാക്കി ഇപ്പോൾ പുസ്‌തകത്തിന് വേണ്ടി കഥ ചമക്കുന്നതിനെ മനോരമ എങ്ങനെ നോക്കിക്കാണുമെന്നറിയാൻ കൗതുകമുണ്ട് ” – ബ്രിട്ടാസ് ഇങ്ങനെ പറഞ്ഞതടക്കം മനോരമയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പുറമെ, ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും ശരിവെച്ചാണ് ഇന്നലെ ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചത്. ഇതുകൂടെയായപ്പോള്‍ മുണ്ടക്കയത്തിന്‍റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. അന്നത്തെ ഫോണ്‍ രേഖകള്‍ കൂടെ മാധ്യമങ്ങള്‍ക്ക് പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ബ്രിട്ടാസ് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു.
ഇതടക്കമുള്ള പ്രതികരണങ്ങള്‍ വന്ന സാഹചര്യത്തിലാണ് മുണ്ടക്കയത്തേയും അദ്ദേഹത്തിൻ്റെ കെട്ടുകഥയേയും മനോരമ ദിനപത്രം തിരസ്‌കരിച്ചത്. ഈ വാര്‍ത്ത നല്‍കിയാല്‍ വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഴുവന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കിയപ്പോള്‍ ‘വീരവാദം’ ആഘോഷിക്കാതെ മനോരമ അവ ചവറ്റുകൊട്ടയിലെറിഞ്ഞത്.
Also Read: സോളാർ വിഷയം; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here