തദ്ദേശഭരണവകുപ്പിൻ്റെ പ്രോപ്പർട്ടി മാപ്പിങ് സൊല്യൂഷനുവേണ്ടി വസ്തുനികുതി മാപ്പിങ്ങും വീടുതോറുമുള്ള സർവേയും സംബന്ധിച്ച് വ്യക്തതയുമായി ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഞയറാഴ്ചയിലെ ‘മലയാള മനോരമ’ പത്രത്തിൽ വന്ന വാർത്തയിലൂടെ ചില തെറ്റിദ്ധാരണകൾ ഉയർത്തപ്പെട്ട സാഹചര്യത്തിൽലാണ് വിശദീകരണം.
Also Read: പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കല്‍; പൊലീസ് കേസെടുത്തു; തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്‌തേക്കും
വീടുകളിൽനിന്നു വ്യക്തിഗതവിവരങ്ങൾ ശേഖരിക്കാൻ സർക്കാരിതര ഏജൻസിയെ സർക്കാർ നിയോഗിച്ചെന്നും അത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ആണെന്നുമാണ് മേനോരമ വാർത്ത പറയുന്നത്. പ്രസ്തുത വിവരശേഖരണത്തിനു സർക്കാർ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിയും ഉണ്ട് എന്നതു വസ്തുതയാണ്. എന്നാൽ, വാർത്ത വായിച്ചാൽ തോന്നുന്നത് സൊസൈറ്റിയെ മാത്രമാണ് ആ ചുമതലയ്ക്കു തെരഞ്ഞെടുത്തത് എന്നാണ്. അതിനായി സർക്കാർ തെരഞ്ഞെടുത്ത നാല് ഏജൻസികളിൽ ഒന്നുമാത്രമാണ് ഊരാളുങ്കൽ സൊസൈറ്റി. ഈ സ്ഥാപനങ്ങളെല്ലാം ഈ പ്രവൃത്തി ചെയ്തുവരുന്നുമുണ്ട്. ആ വസ്തുത ആ വാർത്തയിൽ ഇല്ല.[കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെൻ്റ് സെൻ്റർ (KSREC), കരകുളത്തെ ഗ്രാമീണപഠനകേന്ദ്രം, തൃശൂരിലെ പ്രസിദ്ധമായ സെൻ്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെൻ്റ് (CSRD) തുടങ്ങിയവയാണു മറ്റു സ്ഥാപനങ്ങളെന്ന് ഊരാളുങ്കൽ സൊസൈറ്റി പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
Also Read: മോൻസൻ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കെ സുധാകരൻ
2018-ൽ ആണ് ഈ ദൗത്യത്തിന് ഊരാളുങ്കൽ സൊസൈറ്റിയെ തെരഞ്ഞെടുത്തത് എന്നു വാർത്തയിൽ പറയുന്നതും ശരിയല്ല.. 2016 ഫെബ്രുവരിയിൽ ആണ് ഇതിനു തുടക്കം കുറിക്കുന്നത്. ‘വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി’യുടെ 2016 ജനുവരി 6-ലെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് 2016 ഫെബ്രുവരി 19-ന് പ്രസ്തുത സർവ്വേ നടത്തിപ്പിന് യുഎൽസിസിഎസിനെ ചുമതലപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന ഉത്തരവ് (GO. Rt. 687/2016/ LSGD) പുറപ്പെടുവിച്ചത്. അതുകൊണ്ട്, ‘പദ്ധതി ഊരാളുങ്കലിനെ ഏല്പിക്കാൻ 2017-ൽ തീരുമാനിച്ചു’ എന്നു വാർത്തയിൽ പറയുന്നത് വസ്തുതയല്ലന്നും ഊരാളുങ്കൽ സൊസൈറ്റി ചൂണ്ടിക്കാട്ടി.
തദ്ദേശഭരണസ്ഥാപനതലത്തിലുള്ള കുടുംബങ്ങളുടെ സോഷ്യോളജിക്കൽ ഡേറ്റകൂടി മാപ്പിങ്ങിൻ്റെ പരിധിയിൽ കൊണ്ടുവരണമെന്നു നിർദ്ദേശിച്ചതും ഇതേ ഉത്തരവാണ്.“തദ്ദേശഭരണസ്ഥാപനതലത്തിൽ ഉള്ള കുടുംബങ്ങളുടെ സോഷ്യോളജിക്കൽ ഡേറ്റകൂടി മാപ്പിങ് പരിധിയിൽ കൊണ്ടുവരണം” എന്ന് ഈ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. ആ നിലയ്ക്ക് “2018 ഒക്റ്റോബർ നാലിന് തദ്ദേശഭരണവകുപ്പ് ഇറക്കിയ ഉത്തരവിലാകട്ടെ, ജിഐഎസ് മാപ്പിങ്ങിനൊപ്പം കുടുംബങ്ങളുടെ ‘സോഷ്യോളജിക്കൽ ഡേറ്റ’ കൂടി ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി നൽകി” എന്നു പറയുന്നതും ശരിയല്ലെന്നും ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.
മേല്പറഞ്ഞ ഉത്തരവുപ്രകാരം ഇൻഫർമേഷൻ കേരള മിഷ(IKM)ൻ്റെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനങ്ങളെല്ലാം ഈ പ്രവർത്തനം നടത്തുന്നത്. അതേ ഉത്തരവുപ്രകാരംതന്നെ, പഞ്ചായത്തുവകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റർ, എൻഐസി ഡയറക്റ്റർ, ഐകെഎം ഡയറക്റ്റർ എന്നിവർ അംഗങ്ങളായ സമിതിയാണ് ഇതിനുള്ള നിരക്കുകൾ നിശ്ചയിച്ചതും നിർവ്വഹണയേജൻസിയെ വിലയിരുത്തുന്നതും. ഇത്തരത്തിൽ പഴുതുകൾ ഇല്ലാത്ത സംവിധാനത്തോടെയാണു പദ്ധതി നടപ്പാക്കിവരുന്നതെന്നും ഊരാളുങ്കൽ സൊസൈറ്റി വിശദീകരിച്ചു
സർവ്വേ നടത്തുന്ന ചുമതല ഊരാളുങ്കലിനെ സർക്കാർ ഏല്പിച്ചു എന്നതും ശരിയല്ല. വിവിധ ഏജൻസികളെ ഇതിനു തെരഞ്ഞെടുക്കുക മാത്രമാണ് സർക്കാർ ചെയ്തത്. അതിൻ്റെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശഭരണസ്ഥാപനവും സർവ്വേയ്ക്ക് ഓരോ സ്ഥാപനത്തെ തെരഞ്ഞെടുക്കുകയാണ്. ഇതിൻ്റെ ടെൻഡറിങ് സംബന്ധിച്ചും സർക്കാർ വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. [സ.ഉ. (സാധാ.) നമ്പർ. 2556/2018/ത.സ്വ.ഭ.വ., തീയതി 04/10/2018]
വീടുതോറുമുള്ള സർവേയിൽ ശേഖരിച്ച വിവരങ്ങൾ അതീവശ്രദ്ധയോടും സുരക്ഷിതമായും സർക്കാരിൻ്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ (SDC) നേരിട്ട് അപ്ലോഡ് ചെയ്യുകയാണു ചെയ്യുന്നത്. ഈ ഡേറ്റയുടെ ഉടമസ്ഥതയും കൈകാര്യവും പൂർണ്ണമായും സർക്കാരിനാണ്. ഡേറ്റ അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ അതതു തദ്ദേശഭരണസ്ഥാപനങ്ങൾക്കു മാത്രമാണ് ഇവ ആക്സസ് ചെയ്യാനും ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും കഴിയുന്നത്. അവർ നിശ്ചയിക്കുന്ന പാസ്വേഡ് ഉപയോഗിച്ചു മാത്രമേ അവരുടെ ജീവനക്കാർക്ക് അത് ആക്സസ് ചെയ്യാൻ കഴിയൂ. അത്രമേൽ സുരക്ഷിതമാണ് ഈ ഡേറ്റ. പോരാത്തതിന്, മുഴുവൻ ഡാറ്റാ ഫ്ലോയും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഇതും സമഗ്രമായ ഡാറ്റ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നുവെന്നും ഊരാളുങ്കൽ സൊസൈറ്റി വ്യക്തമാക്കി
ഡാറ്റ പരിരക്ഷിക്കുന്നതിന് നിരവധി നടപടികൾ ഞങ്ങൾ തുടക്കം മുതലേ സ്വീകരിച്ചിട്ടുണ്ട്. അവ ചുവടെ പറയുന്നു:
● എൻക്രിപ്ഷൻ: ശേഖരണം മുതൽ സംരക്ഷണത്തിലും കൈമാറ്റത്തിലും എല്ലാം ഡാറ്റ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. അനധികൃതമായി ആർക്കും അതിൽ എത്താൻ പറ്റാത്തതരത്തിൽ ഇത് അധികപരിരക്ഷ നൽകുന്നു.
● നിയന്ത്രിത ആക്‌സസ്: ഡാറ്റ ആക്സസ് ചെയ്യാനുള്ള അധികാരം അംഗീകൃതവ്യക്തികൾക്കു മാത്രമായി കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അവർക്കു മാത്രമേ ഡാറ്റ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും കഴിയൂ എന്ന് ഉറപ്പാക്കുന്നു.
● റെഗുലർ ബായ്ക്കപ്പുകൾ: ഡാറ്റാ നഷ്‌ടപെടാതിരിക്കാനും ആകസ്മികമായ സാഹചര്യങ്ങൾ ഉണ്ടായാൽ ഡാറ്റ ലഭ്യത ഉറപ്പാക്കാനുമായി സുരക്ഷാ ഓഡിറ്റ് ചെയ്‌ത സർക്കാർ സെർവറുകളിൽ ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യുന്നു.
● ഡിസാസ്റ്റർ റിക്കവറി പ്ലാൻ: സിസ്റ്റംതകരാറുകളോ അടിയന്തരസാഹചര്യങ്ങളോ ഉണ്ടായാൽ വേഗത്തിലും ഫലപ്രദമായും ഡാറ്റ വീണ്ടെടുക്കാനുള്ള സമഗ്രമായ റിക്കവറി പ്ലാൻ ഉണ്ട്.
വീടുതോറുമുള്ള സർവേയിൽ ശേഖരിക്കുന്ന ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിക്കാൻ ഞങ്ങൾ പൂർണപ്രതിജ്ഞാബദ്ധരാണ്. ഡാറ്റ ദുരുപയോഗം സംബന്ധിച്ച വിട്ടുവീഴ്ചയില്ലാത്ത (സീറോ ടോളറൻസ്) നയം പിന്തുടരുന്ന പ്രസ്ഥാനമാണ് യുഎൽസിസിഎസ്. ഡാറ്റയുടെ കൃത്യത നിലനിർത്തുന്നതിനും വിവരദാതാക്കളായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അതിലൂടെ ഊരാളുങ്കൽ സൊസൈറ്റി നിറവേറ്റുന്നത് എന്നും പത്രപ്രക്കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾ അവരുടെ നികുതിനിർണ്ണയനങ്ങൾക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുമായി നടത്തുന്ന വിവരശേഖരണങ്ങളിൽ അതിന് ആവശ്യമുള്ള വസ്തുവിൻ്റെ വിസ്തൃതി, അതിലെ നിർമ്മാണങ്ങളുടെ വിസ്തീർണ്ണം, വൈദ്യുതി കണക്ഷൻ, കുടിവെള്ളലഭ്യത, സംവരണവിഭാഗമാണോ, വൈവാഹികാവസ്ഥ, പ്രായം, വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങൾ ആണ് ഉള്ളത്. ഇവയാകട്ടെ, വിവരശേഖരണ ഏജൻസി സ്വന്തമായി സമാഹരിക്കുന്നില്ല. അതതുവീട്ടിൽവച്ചുതന്നെ സർക്കാരിൻ്റെ സെർവ്വറിലേക്ക് നേരിട്ട് എൻ്റർ ചെയ്യുകയാണു ചെയ്യുന്നത്. എന്നുവച്ചാൽ, ശേഖരിക്കുന്ന വിവരങ്ങൾ നേരിട്ടു സർക്കാരിൻ്റെ സെർവ്വറിലേക്കു പോകുകയാണ്. ത്ദ്ദേശഭരണവകുപ്പിൻ്റെ ഐറ്റി വിഭാഗമായ ഇൻഫർമേഷൻ കേരള മിഷ(ഐകെഎം)ൻ്റെ ഡേറ്റാബേസുമായുള്ള ഓരോ തദ്ദേശഭരണസ്ഥാപനത്തിൻ്റെയും വിവരശേഖരത്തിൻ്റെ കൂട്ടിച്ചേർക്കൽ (ഇൻ്റഗ്രേഷൻ) നടക്കുന്നമുറയ്ക്ക് ഇത് സംസ്ഥാനസർക്കാരിൻ്റെ പൊതു ഡേറ്റാബേസായി മാറും. അത്രമാത്രം സുരക്ഷിതമാണ് വിവരങ്ങൾ. വിവരശേഖരണം പൂർത്തിയാകുമ്പോൾ അതതു തദ്ദേശഭരനസ്ഥാപനം ഇതിനായി ഐകെഎമ്മിന് അപേക്ഷ നല്കുകയാണു രീതിയെന്നും ഊരാളുങ്കൽ സൊസൈറ്റി ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങൾ പലതും ഈ വിവരശേഖരണചുമതല സ്വകാര്യ ഏജൻസികളെ ഏല്പിച്ചപ്പോൾ കേരളം അതിനുപകരം സാമൂഹികോത്തരവാദിത്വവും നൂറ്റാണ്ടുകാലത്തെ വിശ്വസ്തതയും ഉള്ള സഹകരണസ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി, തദ്ദേശഭരണവകുപ്പിനു കീഴിൽത്തന്നെ പ്രവർത്തിക്കുന്ന കരകുളത്തെ ഗ്രാമീണപഠനകേന്ദ്രം, സഹകരണസ്ഥാപനം ആയ തൃശൂർ CSRD, കേരള സ്ടെറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവമെൻ്റ് സെൻ്റർ (KSREC), തുടങ്ങിയ സ്ഥാപനങ്ങളെ ആണ് ഏല്പിച്ചത്. ഈ മാതൃക വാസ്തവത്തിൽ പ്രശംസിക്കപ്പെടുകയാണു വേണ്ടത്.
വ്യത്യസ്ത ഏജൻസികളെ ഏല്പിച്ചതുകൊണ്ട് സംസ്ഥാനത്തിൻ്റെ ആകെ വിവരശേഖരം ഒന്നിച്ച് ഒരു ഏജൻസി നടത്തുന്ന സ്ഥിതി ഒഴിവാക്കിയിട്ടുണ്ട്. ഒരു ജില്ലയിലെയോ ഒരു ബ്ലോക്കുപഞ്ചായത്തിലെയോപോലും വിവരങ്ങൾ ഒന്നിച്ച് ഒരു ഏജൻസി അല്ല ശേഖരിക്കുന്നത്. ഇതെല്ലാം ഡേറ്റാസുരക്ഷയ്ക്ക് അനുഗുണമാണ്.
Also Read: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെയ്പ്പില്‍ മൂന്ന് മരണം
കേന്ദ്രസർക്കാരും രാജ്യത്തെ വിവിധ സംസ്ഥാനസർക്കാരുകളും വിവിധ ആവശ്യങ്ങൾക്കുള്ള വിവരശേഖരണം നടത്തുന്നത് ഔട്ട് സോഴ്സിങ്ങ് വഴിയാണ്. ഇൻഡ്യയിൽആധാർ നടപ്പാക്കിയപ്പോൾ രാജ്യത്തൊട്ടാകെ അതിനു വേണ്ട വിരലടയാളങ്ങൾ, കൃഷ്ണമണി തുടങ്ങിയവയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ അടക്കം എല്ലാ വ്യക്തിഗത വിവരശേഖരണവും നടത്തിയതും ഡേറ്റാ എൻട്രി നടത്തിയതും ഔട്ട് സോഴ്സ് ചെയ്ത സ്വകാര്യ ഏജൻസികൾ ആയിരുന്നു. ഏറ്റവുമൊടുവിൽ നമ്മുടെ സംസ്ഥാനത്ത് ക്നോളജ് ഇക്കോണമി മിഷൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ തൊഴിൽ രഹിതരെ രജിസ്റ്റർ ചെയ്യിക്കാനുള്ള പ്രവർത്തനത്തിനു മുന്നോടിയായി നടത്തിയ വിവരശേഖരണവും സൂക്ഷദാരിദ്ര്യം കണ്ടെത്താൻ നടത്തിയ വിവരശേഖരണവും സർക്കാരിനുവേണ്ടി നിർവ്വഹിച്ചത് കുടുംബശ്രീ ആയിരുന്നല്ലോ. ഇപ്പോൾ ഐക്യരാഷ്ട്രസഭയുടെ ‘സുസ്ഥിരവികസനലക്ഷ്യങ്ങൾ 2030’-ൻ്റെ തുടർച്ചയായ നിരീക്ഷണാവലോകനങ്ങൾക്കായി എല്ലാ സംസ്ഥാനവും പ്രാഥമികതലത്തിലുള്ള വിവരങ്ങളുടെ ശേഖരണവും അപ്ഡേറ്റിങ്ങും നടത്തിക്കൊണ്ടിരിക്കുന്നതും ഇത്തരത്തിൽത്തന്നെ ആണ്. ഇത് ലോകമാകെ അംഗീകരിക്കപ്പെട്ട മാതൃകയാണ്. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രാജ്യത്ത് ഒരു സംസ്ഥാനത്തും ഒരു ആരോപണവും ഉണ്ടായതായി അറിവില്ല ഇക്കാര്യത്തിൽ കൂടുതൽ ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ എപ്പോഴും ഊരാളുങ്കൽ സൊസൈറ്റിയുമായി ബന്ധപ്പെടാം എന്നും പത്ര പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here