രമ്യ റാം
ആശുപത്രിമണം നിറഞ്ഞ ഇടവഴികളിൽനിന്ന് ഒടിവിൽ ചിരിയുടെ ഒടേ തമ്പുരാൻ, പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായി. ഹാസ്യത്തിന്റെ, കരുതലിന്റെ, സാഹോദര്യത്തിന്റെ, കൂടപ്പിറപ്പിന്റെ, കരുത്ത് കാട്ടിയ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് ആശാനേ നിങ്ങൾ പോകുന്നത് ? അടുത്തറിയുന്നവർക്കും അല്ലാത്തവർക്കും എല്ലാം ഇന്നസെന്റ് സ്വന്തം വീട്ടിലെ ഒരു കുടുംബാംഗത്തെപ്പോലെ ആയിരുന്നു. അച്ഛനെ പോലെ , അപ്പൂപ്പനെ പോലെ , സഹോദരനെ പോലെ ..അങ്ങനെ ഓരോരുത്തരുടെയും ആരൊക്കെയോ ആയിരുന്നു .
ശരിയാണ്. ഭൂരിഭാഗം സിനിമകളിലും പ്രേക്ഷകരെയെല്ലാം കുടു കുടെ ചിരിപ്പിക്കാനായാണ് ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ പൊട്ടിച്ചിരികളും പൊട്ടിച്ചിരിപ്പിക്കലും മാത്രം നിറഞ്ഞതായിരുന്നില്ല ഇന്നസെന്റിന്റെ ജീവിതം. അവിടെ ചിരി മാത്രമല്ല വിഷമങ്ങളും വേദനകുളും തീരാ മുറിവുകളും ഉണ്ട്.
കാൻസർ വാർഡിലെ ചിരി എന്ന ആത്മകഥ വായനക്കാരുടെ കണ്ണ് നനച്ചു. അതിൽ അദ്ദേഹം എഴുതുന്നുണ്ട് ഇങ്ങനെ .
‘‘വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക് പോയെങ്കിലും ആശങ്കയുടെ നാളുകളായിരുന്നു അത്. ഇടക്കിടെ ആലീസ് വിളിച്ച് ബയോപ്സി ഫലം എന്തായി എന്ന് ചോദിച്ചു. ഗംഗാധരൻ ഡോക്ടറെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാമെന്ന് മറുപടി. പിന്നീട് ഡോക്ടർ വിളിച്ചുപറഞ്ഞു -നാളെ ഹോസ്പിറ്റലിൽ വരൂ.. ഭയം വന്നുതുടങ്ങിയിരുന്നു.
ആ ദിവസം എറണാകുളത്ത് സംവിധായകൻ സത്യൻ അന്തിക്കാട് താമസിച്ച ഹോട്ടലിലെത്തി. വിവരങ്ങളറിയാവുന്ന സത്യൻ ചോദിച്ചപ്പോൾ പറഞ്ഞു-കുഴപ്പം ആണടാ..കരഞ്ഞുകൊണ്ട് പറഞ്ഞു. സത്യന്റെയും കണ്ണ് നിറഞ്ഞുപോയി. അവിടെനിന്നിറങ്ങി മകനോടൊപ്പം ലേക് ഷോർ ആശുപത്രിയിലേക്ക് .‘‘ചെറിയ കുഴപ്പമുണ്ട്. വലിയ കുഴപ്പമുള്ള കാര്യമല്ല. ലിംഫോമ-കാൻസറിന്റെ വകഭേദങ്ങളിലൊന്ന് ’’-ഗംഗാധരൻ ഡോക്ടർ പറഞ്ഞു. മാറുമോ-കരച്ചിലിന്റെ വക്കത്തെത്തുംപോലെ ചോദിച്ചു. ചികിത്സിച്ചാൽ മാറാവുന്നതേ ഉള്ളൂ-മറുപടി. തിരിച്ച് വണ്ടിയിൽ കയറുമ്പോൾ ആരും മിണ്ടുന്നില്ല. തൊട്ടടുത്ത് മറ്റൊരു വാഹനത്തിലെത്തിയ സ്ത്രീകൾ എന്നെ കണ്ട് നിലക്കാതെ ചിരിക്കുന്നു. ഉള്ള് പിടഞ്ഞ് ഞാനും. മകന്റെ കണ്ണിൽ നിറഞ്ഞ കണ്ണീർ’’-ഇന്നസെന്റ് ആത്മകഥയുടെ താളുകളിൽ കുറിച്ചു.
തനിക്ക് കാൻസർ ആണെന്ന് അറിഞ്ഞിട്ടും കരയാൻ തയ്യാറാവാതിരുന്ന ആ മനുഷ്യൻ ആദ്യമായി പൊട്ടിക്കരഞ്ഞത് ഭാര്യ ആലീസിനും കാൻസർ ആണെന്ന് അറിഞ്ഞപ്പോഴായിരുന്നു. 2019 ൽ മാതൃഭൂമി ഒരുക്കിയ ക ഫെസ്റ്റിവലിൽ “മനസ്സ് തുറന്ന് ഇന്നസെന്റ്” എന്ന ഇന്റർവ്യൂവിൽ അതേപ്പറ്റി ഇന്നസെന്റും ഭാര്യ ആലീസും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇന്നസെന്റ് പറഞ്ഞിട്ടാണ് ഭാര്യ ആലീസിനെ മാമോഗ്രാം ടെസ്റ്റ് ചെയ്യിച്ചത്. ഒടുവിൽ ഡോക്ടർ ഫലം വിളിച്ചറിയിച്ചപ്പോൾ തൊട്ടടുത്തിരിക്കുന്ന ഭാര്യ ആലീസിനെ അറിയിക്കാതിരിക്കാനായി ഇന്നസെന്റ് പൊട്ടിച്ചിരിയോടെ ഓ അതെയോ എന്നും പറഞ്ഞ് ഫോൺ വെച്ചു. എന്നാൽ ഇന്നസെന്റിന്റെ ആ ഫോൺ വിളിയിൽ നിറഞ്ഞ് നിന്ന പൊട്ടിച്ചിരിയിലെ ഒളിച്ചു വെച്ച കണ്ണീരിനെ തിരിച്ചറിഞ്ഞിട്ടെന്നോണം ആലീസ് പൊട്ടിക്കരഞ്ഞു. എന്നിട്ട് ചോദിച്ചു എനിക്കും കാൻസർ ആണല്ലേ ……. നിസ്സഹായതയോടെ അവർ കണ്ണിൽ നോക്കിയിരുന്നു. അന്ന് രാത്രി ആലീസിനെ ചേർത്തുപിടിച്ച് ഇന്നസെന്റ് പറഞ്ഞു “അർബുദം പകരുമെന്ന പേടി വേണ്ട. വെറുതെ ടെസ്റ്റ് ചെയ്തിട്ട് കാശ് പോവും എന്ന വേവലാതിയും മാറിക്കിട്ടിയില്ലേ.. നമ്മളിപ്പോൾ സന്തുഷ്ട കാൻസർ കുടുംബമായി’’ .തനിക്ക് കാൻസർ ആണെന്ന് അറിഞ്ഞിട്ടും പതറാതിരുന്ന ആ മനുഷ്യൻ അന്ന് പതറി . നിറ കണ്ണുകളോടെ അയാൾ ഭാര്യയെ ചേർത്ത് പിടിച്ചു.
ജീവിതം കാത്തുനിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് മരിക്കാൻ സാധിക്കുക. എന്ത് വന്നാലും ജീവിതം മനോഹരമാണ് എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമേ ഉള്ളൂ-ചിരി.’’ ആത്മകഥയിൽ ഇന്നസെന്റ് കുറിച്ചു.
ഇന്നസെന്റ് നിങ്ങൾ ഇനിയും ജീവിക്കും.നിറഞ്ഞു നിന്ന കഥാപാത്രങ്ങളിലൂടെ , മായാത്ത ഓർമ്മയിലൂടെ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല് ഫോളോ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Click Here