മലയാള സിനിമയിലെ ആദ്യത്തെ ഷോമാന്‍; രാമു കാര്യാട്ട് ഓര്‍മ്മയായിട്ട് 45 വര്‍ഷം

മലയാള സിനിമയിലെ ആദ്യത്തെ ഷോമാന്‍ രാമു കാര്യാട്ട് ഓര്‍മ്മയായിട്ട് ഇന്നേക്ക് 45 വര്‍ഷമാകുന്നു. ആറ് പതിറ്റാണ്ടുകാലമായി മലയാളിയുടെ ചലച്ചിത്രാവേശമായ ചെമ്മീനിന്റെ സ്രഷ്ടാവായ രാമുകാര്യാട്ടിന്റെ സംഭാവനകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണ് ഇത്.

മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ സിനിമയാണ് ചെമ്മീന്‍. മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ സംവിധായകനുമാണ് രാമു കാര്യാട്ട്. ചെമ്മീനിനെപ്പോലൊരു സിനിമ രണ്ടാമത് ആവര്‍ത്തിക്കാത്തതിനെക്കുറിച്ച് രാമുകാര്യാട്ട് പറഞ്ഞത്, എവറസ്റ്റില്‍ രണ്ടു തവണ കയറേണ്ടതുണ്ടോ എന്നാണ്. അതുവരെ മലയാള സിനിമയ്‌ക്കോ മറ്റേതെങ്കിലും ഇന്ത്യന്‍ സിനിമയ്‌ക്കോ കയറിയെത്താനാവാത്ത ഉയരത്തിലായിരുന്നു ചെമ്മീന്‍.

ALSO READ:വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം; ഒരാള്‍ മരിച്ചു

മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ചെമ്മീനെ രാമു കാര്യാട്ട് മലയാള സിനിമയുടെയും നാഴികക്കല്ലാക്കി. തകഴിയുടെ ചെമ്മീനിനെ ദൃശ്യ സൗന്ദര്യത്തിന്റെ വേറൊരു ഉയരത്തിലെത്തിക്കുമ്പോള്‍ കാര്യാട്ട് തനിക്ക് പിന്നില്‍ അണിനിരത്തിയത് അന്ന് രാജ്യം കണ്ട ഏറ്റവും വലിയ സാങ്കേതിക വിദഗ്ധരെയും കലാകാരന്മാരെയും- മാര്‍ക്കസ് ബര്‍ട്‌ലി, ഋഷികേശ് മുഖര്‍ജി, എസ് എല്‍പുരം, സലീല്‍ ചൗധരി, മന്നാഡേ, വയലാര്‍, ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി, ബാബു സേട്ട്. 1965ല്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണ കമലം നേടിയ ചെമ്മീന്‍ മലയാളത്തിന്റെ മുട്ടോളമല്ല ലോകത്തിന്റെ ഉയരത്തോളം ചാടി കാന്‍, ചിക്കാഗോ, മോസ്‌കോ ചലച്ചിത്രമേളകളിലും അംഗീകരിക്കപ്പെട്ടു.

ALSO READ:പുതിയ പേരുമായി അബുദാബി വിമാനത്താവളം; ഇനിമുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്

തൃശൂരിലെ ചേറ്റുവാക്കാരനായ രാമന്‍ കുട്ടി രാമു കാര്യാട്ടാകുന്നത് 1954-ലെ നീലക്കുയിലിലൂടെയാണ്. മലയാള സിനിമ മലയാളത്തിന്റെ മണ്ണിലും പ്രകൃതിയിലും ഈണത്തിലും കാലുറപ്പിച്ചു നിന്ന വേറൊരു വഴിത്തിരിവായിരുന്നു രാമു കാര്യാട്ടും പി ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത നീലക്കുയില്‍. പിന്നീട് രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ മുടിയനായ പുത്രനും മൂടുപടത്തിനും ശേഷമായിരുന്നു കാര്യാട്ടിന്റെ ചെമ്മീനിലേക്കുള്ള കാല്‍വെപ്പ്. 1974-ല്‍ കാര്യാട്ടിന്റെ നെല്ലിലൂടെയാണ് ലതാമ മങ്കേഷ്‌കര്‍ മലയാളത്തില്‍ പാടുന്നത്. ദ്വീപിലൂടെ തലത് മഹമൂദും. ബാലു മഹേന്ദ്രയെന്ന ഛായാഗ്രഹകന്‍ അവതരിപ്പിക്കപ്പെടുന്നതും നെല്ലിലൂടെയാണ്. മലയാള സിനിമയുടെ നെല്ലും പതിരും ചികയുന്ന ഏത് ചരിത്രത്തിലും മറക്കാനാവാത്ത പേരാണ് രാമു കാര്യാട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News