നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമായ ‘ഫിലിപ്സ്’ ഇപ്പോൾ ഒ ടി ടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നസെന്റ് എന്ന മഹാ നടൻ ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അഭിനയിച്ച ചിത്രത്തിന് ഡബ്ബ് ചെയ്യാൻ ഇന്നസെന്റിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ‘ഫിലിപ്സ്’ എന്ന ചിത്രത്തിന് ഇന്നസെന്റിന് വേണ്ടി ശബ്‍ദം നൽകിയിരിക്കുന്നത് മിമിക്രി താരമായ കലാഭവൻ ജോഷിയാണ്. മറ്റൊരാൾ ഡബ്ബ് ചെയ്തിരിക്കുന്നതാണെന്ന് പ്രേക്ഷകർക്ക് ഒരിക്കലും തിരിച്ചറിയാത്ത രീതിയിലാണ് കലാഭവൻ ജോഷി ഇന്നസെന്റിനു ശബ്ദമായി നൽകിയിരിക്കുന്നത്.
ഫിലിപ്സ് എന്ന സിനിമയിൽ ഇന്നസെന്റിന് ശബ്ദം നൽകുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നി എന്ന് ജോഷി പറഞ്ഞു. ഇന്നസെന്റിന്റെ ജനന ദിവസമായ ഫെബ്രുവരി 28 ൽ തന്നെ ജനിക്കാൻ കഴിഞ്ഞതും ഒരു നിമിത്തമാണെന്ന് ജോഷി പറഞ്ഞു.
‘‘ഇന്നസെന്റ് ചേട്ടൻ മരിച്ചതിന് ശേഷം ‘ഫിലിപ്സ്’ എന്ന സിനിമയിൽ മണിയാശാൻ എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം കൊടുത്തു. ഞാൻ അത് ചെയുമ്പോൾ ഇന്നസെന്റ് ചേട്ടന്റെ ആത്മാവ് എന്നോടൊപ്പം ഉള്ളതുപോലെ തോന്നി. ഒരുപാട് നിരൂപകർ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു, അതിന് ദൈവത്തോട് നന്ദി പറയുന്നു.
Also read:ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി
ഇന്നസെന്റ് ചേട്ടന്റെ വീട്ടുകാർ എന്നെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി ഞാൻ കരുതുന്നു. ഫിലിപ്സ് എന്ന സിനിമയിൽ പല വികാരങ്ങളിൽ ശബ്ദം കൊടുക്കണമായിരുന്നു. പടം കണ്ടിട്ട് ഇന്നസെന്റ് ചേട്ടന്റെ മകൻ ചോദിച്ചത് അതിൽ എവിടെയെങ്കിലും അപ്പച്ചൻ ശബ്ദം കൊടുത്തിട്ടുണ്ടോ എന്നാണ്. അപ്പോൾ അണിയറപ്രവർത്തകർ പറഞ്ഞു,‘‘ഇല്ല അത് ജോഷി തന്നെയാണ് മുഴുവൻ ചെയ്തത്’’. ഇന്നസെന്റ് എന്ന നടൻ ഇല്ലെങ്കിൽ കലാഭവൻ ജോഷി എന്ന ആളില്ല. എനിക്ക് ഇപ്പോൾ കിട്ടിയ ഭാഗ്യങ്ങളുടെയെല്ലാം കാരണം ഇന്നസെന്റ് ചേട്ടനാണ്. എല്ലാം ഒരു നിമിത്തമാണ്” ജോഷി പറയുന്നു.
കേരളത്തിലെ പ്രശ്നങ്ങൾ പാരഡിയിലൂടെ അവതരിപ്പിക്കുന്ന പരിപാടികൾ ആയിരുന്ന ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്നിവയിലൊക്കെ ദിലീപിന് ശേഷം ഇന്നസന്റിന്റെ ശബ്ദം അവതരിപ്പിച്ചത് കലാഭവൻ ജോഷി ആയിരുന്നു. ഇന്നസെൻറ്റിന്റെ ശബ്ദം അവതരിപ്പിച്ചതിന് കലാഭവൻ ജോഷിക്ക് നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here