അഭിനയക്കരുത്തിന്‍റെ അതുല്യഭാവം; നടൻ മുരളിയുടെ ഓർമ പുതുക്കി ജന്മനാട്

murali

മലയാള സിനിമയ്ക്ക് അഭിനയത്തിന്‍റെ രസതന്ത്രം പകർന്ന് നൽകിയ മഹാനടൻ മുരളിയുടെ ഓർമകൾക്ക് 15 ആണ്ട്. മുരളിയെ അനുസ്മരിക്കുന്ന പരിപാടി സംഘടിപ്പിച്ചിക്കുകയാണ് അദ്ദേഹത്തിന്‍റെ ജന്മനാട്ടിലെ ഗ്രാമധമനി ഗ്രന്ഥശാല. പരിപാടിയിൽ മുരളിയുടെ ബാല്യകാല സുഹൃത്തുക്കളും നാട്ടുകാരും അദ്ദേഹത്തെ അനുസ്മരിച്ചു. ഇതേക്കുറിച്ച് നടൻ മുരളിയുടെ അയൽക്കാരനും കെഎസ്ആർടിസിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ സന്തോഷ് വി എസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.

മലയാള സിനിമാചരിത്രത്തിന് ഒരിക്കലും ഒഴിവാക്കാനാകാത്ത അഭിനയക്കരുത്തിൻ്റെ അതുല്യ ഭാവമായിരുന്നു ഭരത് മുരളി …

2009ൽ അൻപത്തിയഞ്ചാം വയസിൽ നമ്മളെയെല്ലാം തനിച്ചാക്കി പോകുമ്പോൾ, നാമമാത്രമായി നടക്കുന്ന അനുസ്മരണങ്ങളിൽ ഞെട്ടലോടെ മാത്രം നമ്മൾ ഓർക്കും. നമുക്കിനി എന്തെല്ലാം മാസ്മരിക ഭാവങ്ങൾ അഭിനയത്തിൻ്റെ ആഴങ്ങളിലിറങ്ങി മുത്തും പവിഴവും പളുങ്കുമായി സമ്മാനിക്കുമായിരുന്നുവെന്ന് …

എങ്കിലും ഇന്ന് മാരൂർ ഗ്രാമധമനി ഒരുക്കിയ സ്മരണ അദ്ദേഹത്തിന് 15 വർഷത്തിനു ശേഷം നൽകിയ ഒരു കടംവീട്ടലായി പോലും തോന്നി….

മാരൂരിലെ ഒരു വീട്ടുമുറ്റത്ത്, കൊച്ചു കുട്ടികളുടെയും യുവാക്കളുടെയും മദ്ധ്യവയസ്ക്കരുടെയും,80 വയസ്സിൻ്റെ ചുറ്റിലുള്ളവരുടെയുമൊക്കെ സജീവ സാന്നിധ്യത്തിൽ ഒരു ഗ്രാമത്തിൻ്റെ ഓർമ്മ മനസ്സിൽ എന്നും തിളക്കമായി അനുഭവപ്പെടുന്ന രീതിയിൽ കേവലം രണ്ടു മണിക്കൂറിൽ മലയാളത്തിൻ്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിൻ്റെ മഹനീയ സാന്നിധ്യത്തിൽ മുരളിയണ്ണനെ നമ്മുടെ ഓരോരുത്തരുടെയും സ്വകാര്യ വിയോഗമായി ഓർമ്മപ്പെടുത്തുമ്പോൾ കലയെ സ്നേഹിക്കുന്ന ഒരു കുടവട്ടൂർ നിവാസിക്ക് ഉണ്ടാകുന്ന ആത്മവേദന അതനുഭവിക്കുന്നവന് മാത്രമേ അറിയൂ…

Also Read- ‘മലയാളത്തിന്റെ മുരളീരവം നിലച്ചിട്ട് ഇന്നേക്ക് പതിനാലു വര്ഷം’, ഓർമ്മകളിൽ പ്രിയപ്പെട്ട മുരളി

പ്രൊഫഷണൽ നാടകങ്ങളുടെ സുവർണ്ണ കാലഘട്ടത്തിൽ അതിനു സമാന്തരമായി അമേച്വർ നാടകത്തിൻ്റെ ഒരു പാത ശങ്കരപ്പിള്ളക്കും കാവാലത്തിനുമൊപ്പം നടൻ വെട്ടിത്തെളിച്ച ഒരു ചരിത്രം കവി ഓർക്കുന്നു. പ്രിയനന്ദനൻ എന്ന ഒരു പുതു മുഖസംവിധായകൻ്റെ ‘നെയ്ത്തുകാരൻ’ എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരം മലയാള സിനിമാചരിത്രത്തിലാദ്യം.

ഒരു അഭിനേതാവിൻ്റെ ഊർജ്ജം പരമാവധി ആഗിരണം ചെയ്ത് കഥാപാത്രത്തിൻ്റെ പൂർണ്ണതയിലേക്ക് യാതൊരു മായവുമില്ലാതെ ആവാഹിച്ച് ‘നെയ്ത്തുകാര’നിലെ അപ്പുമേസ്ത്രിയാകുന്നത് നമുക്ക് മറക്കാനാകുമോ…

പ്രൈമറിസ്കൂൾ മുതൽ യൂണിവേഴ്സിറ്റിയിലെ കൂടാരജീവിതം വരെ ഒന്നിച്ചു കഴിയാനുള്ള ഭാഗ്യമാണ് ബാല്യകാലസുഹൃത്തായിരുന്ന ആർ രാമചന്ദ്രൻ സാർ അനുസ്മരിച്ചത് … കുടവട്ടൂർ എൽ പി എസിലെ പഠനകാലം മുതൽ അണ്ണൻ്റെ ആദ്യ സിനിമകളായ ഞാറ്റടി, മീനമാസത്തിലെ സൂര്യൻ എന്നിവയിൽ എത്തുന്ന വരെയുള്ള വലിയ കാലഘട്ടം സാർ നമുക്ക് മനോഹരമായി പകർന്നു തന്നു…

മുരളി എന്ന നടന് നമ്മൾ എന്തു ചെയ്തു എന്നന്വേഷിക്കേണ്ട സമയം ഒരുപാട് അതിക്രമിച്ചു കടന്നുവെന്നേ വേദനയോടെ പറയാൻ കഴിയു…

Actor-Murali_memory

2009 മുതലുള്ള15 വർഷത്തെ ദീർഘമായ ശൂന്യത്യക്ക് ഒരു വിരാമം ഉണ്ടാകാൻ അദ്ദേഹത്തെ സ്നേഹിക്കുന്ന, ആരാധിക്കുന്ന, ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളുണ്ട് നമ്മുടെ നാട്ടിലും ചുറ്റിലും… ഗ്രാമ ധമനി വായനശാലയും കട്ടയിൽ EMS ഗ്രന്ഥശാലയും കുടവട്ടൂർ ദേശസേവിനി വായനശാലയും ഒരുമിച്ച് പ്രവർത്തിച്ച് എല്ലാ വർഷവും ഒരു അമച്വർ നാടകമത്സരവും ഒരു ഫിലിം ഫെസ്റ്റിവലും ഒരുക്കി മുരളി എന്ന നടൻ്റെ ഓർമ്മകളെ സമ്പന്നമാക്കാനുള്ള ഒരു മനസ്സ്… അതൊരു പ്രതീക്ഷ മാത്രമാകാതെ യാഥാർഥ്യമാകുമെന്ന പ്രത്യാശയോടെ …

ഗ്രാമധമനിയുടെ നല്ല പ്രവർത്തകർക്ക് നന്ദി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News