മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലപ്രഖ്യാപനം നടത്തി

പ്രവാസലോകത്തെ കുട്ടികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നടക്കുന്ന ഏക ഭാഷാ തുല്യത പരീക്ഷയായ മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാഫലം സാംസ്‌കാരിക കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പഠനകേന്ദ്രങ്ങളില്‍ നിന്ന് മലയാള ഭാഷയില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ പരീക്ഷയ്ക്ക് അപേക്ഷിച്ച 156 കുട്ടികളില്‍ 150 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 96.15%.

”ഇന്ത്യയില്‍ ആദ്യമായി പ്രവാസലോകത്തെ കുട്ടികള്‍ മാതൃഭാഷയില്‍ പത്താംതരം തുല്യത നേടുന്ന ചരിത്രമുഹൂര്‍ത്തമാണിത്. കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറുകയാണ് ഇന്നിവിടെ. ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങി വിവിധ വികസന മേഖലകളില്‍ കേരളം ഒന്നാം നമ്പര്‍ ആയതുപോലെ സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലയിലും പ്രവാസക്ഷേമത്തിലും കൂടി കേരളത്തെ അടയാളപ്പെടുത്തുന്ന അഭിമാനനേട്ടമാണ് നീലക്കുറിഞ്ഞി പരീക്ഷ”യെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ALSO READ: സെന്‍സീറ്റീവ് ചര്‍മ്മത്തിന് ചേരുന്ന ഫേയ്‌സ്പാക്ക് തയ്യാറാക്കാം ഈസിയായി

പരീക്ഷ എഴുതിയ കുട്ടികളില്‍ 26 പഠിതാക്കള്‍ക്ക് എ+ ഗ്രേഡ് ലഭിച്ചു. 42 പേര്‍ക്ക് എ ഗ്രേഡും 38 പേര്‍ക്ക് ബി+ ഗ്രേഡും ലഭിച്ചു. 48 ആണ്‍കുട്ടികളും 102 പെണ്‍കുട്ടികളും പരീക്ഷ പാസായി.പ്രവാസ ലോകത്ത് അതാത് നാട്ടിലെ ഔപചാരിക വിദ്യാഭ്യാസം ചെയ്യുന്ന മലയാളി കുട്ടികള്‍ക്ക് മലയാളഭാഷ പഠിക്കാനും കേരളത്തിന്റെ സംസ്‌കാരവുമായി അടുത്തിടപഴകാനും വേണ്ടി കേരള സര്‍ക്കാര്‍ സാംസ്‌കാരികകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മലയാളം മിഷന്‍. മിഷന്‍ നടത്തുന്ന നാല് കോഴ്‌സുകള്‍
പത്തുവര്‍ഷക്കാലം പഠിച്ചു പൂര്‍ത്തിയാക്കിയ 152 വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷ എഴുതിയത്. കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്‌സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്‌സ്) നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്) എന്നിവയാണ് മലയാളം മിഷന്‍ നടത്തുന്ന കോഴ്‌സുകള്‍. ഇതില്‍ നീലക്കുറിഞ്ഞി കോഴ്‌സ് പരീക്ഷ പൊതുപരീക്ഷയായി പരീക്ഷാഭവനാണ് നടത്തുന്നത്.

2019 ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താംതരം ഭാഷാപ്രാവീണ്യ തുല്യത നല്‍കി നീലക്കുറിഞ്ഞി കോഴ്‌സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള മലയാള ഭാഷാപരിജ്ഞാന യോഗ്യതയായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളത് മലയാളം മിഷന്റെ നീലക്കുറിഞ്ഞി കോഴ്‌സാണ്. പി എസ് സി അംഗീകരിച്ചിട്ടുള്ള ഒരേയൊരു ഭാഷാതുല്യത കോഴ്‌സ് ആണ് നീലക്കുറിഞ്ഞി. 2022 ആഗസ്റ്റില്‍ ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

2009 ല്‍ തുടക്കമിട്ട മലയാളം മിഷനില്‍ 2011 മുതലാണ് മലയാള ഭാഷാപഠനകോഴ്‌സിലേക്ക് കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിച്ചത്. 2022 വരെയുള്ള കാലയളവില്‍ ആദ്യമായി നീലക്കുറിഞ്ഞി കോഴ്‌സ് പൂര്‍ത്തിയാക്കിയ 156 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഡല്‍ഹി, മുംബൈ, തമിഴ്‌നാട്, ഗോവ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 149 കുട്ടികളും പരീക്ഷയില്‍ പങ്കെടുക്കുന്ന ആദ്യ വിദേശ രാജ്യമായ ബഹ്‌റൈനില്‍ നിന്നുള്ള 3 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇവരില്‍ ഗോവയിലെ 23 കുട്ടികളില്‍ 23 പേരും, മുംബൈയിലെ 21 കുട്ടികളില്‍ 21 പേരും, ബഹ്‌റൈനിലെ 3 കുട്ടികളില്‍ 3 പേരും, തമിഴ്‌നാട്ടിലെ 67 കുട്ടികളില്‍ 66 പേരും ഡല്‍ഹിയിലെ 9 കുട്ടികളില്‍ 8 പേരും പുതുച്ചേരിയിലെ 33 കുട്ടികളില്‍ 29 പേരും വിജയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്.സി. ഇ.ആര്‍.ടി. അംഗീകരിച്ച പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും അടിസ്ഥാനത്തിലാണ് കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്.പ്രവാസ ലോകത്ത് മലയാള ഭാഷാപ്രചാരണവും വ്യാപനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ കീഴില്‍ 52 രാജ്യങ്ങളിലും 25 സംസ്ഥാനങ്ങളിലുമായി 100 ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലായിരത്തോളം വരുന്ന പഠനകേന്ദ്രങ്ങളില്‍ അന്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മലയാളഭാഷ പഠിക്കുന്നു. പ്രവാസലോകത്ത് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആറായിരത്തോളം വരുന്ന ഭാഷാപ്രവര്‍ത്തകരാണ് അദ്ധ്യാപകര്‍. അവര്‍ക്ക് മലയാളം മിഷന്‍ ഓണ്‍ലൈനായും നേരിട്ടും പരിശീലനം നല്‍കിവരുന്നു.

ALSO READ: എന്ത്? ആര്? എപ്പ? ‘400 സീറ്റ് നേടുമെന്ന് പറഞ്ഞിട്ടില്ല’, നിലപാട് മാറ്റി മോദി; കുടിച്ച വെള്ളത്തിൽ ഇങ്ങേരെ വിശ്വസിക്കല്ലേയെന്ന് വിമർശകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News