വിടപറഞ്ഞത് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, വിവിധ വേഷങ്ങളിൽ പകർന്നാടിയ മഹാനടി. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ നടിയാണ് കവിയൂർ പൊന്നമ്മ. എഴുനൂറിലധികം സിനിമകളിൽ നടിയായും, അമ്മയായും, സഹോദരിയായും, മറ്റ് വേഷങ്ങളിലും പകർന്നാടി. മലയാള സിനിമ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തേണ്ട സ്ത്രീകഥാപാത്രങ്ങൾക്ക് വേഷം നൽകിയ നടിയെയാണ് നഷ്ടമായത്.
നാടക വേദികളിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഗായികയായി കലാരംഗത്തേക്ക് കടന്നുവന്ന കവിയൂർ പൊന്നമ്മ തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. ടിവി സീരിയലുകളിലും പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്. കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർട്സ്ക്ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
Also read:‘പുതുമുഖമോ ? നായിക എന്‍റെ ഭാര്യയാണ്’, കഥ ഇന്നുവരെ മനോഹര ചിത്രമെന്ന് മുകേഷ്
സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലിന്റെ മാത്രം അമ്മയായത് അൻപതോളം സിനിമകളിൽ. പി.എൻ.മേനോൻ, വിൻസെന്റ്, എം.ടി.വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്.സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അഭിനയിച്ചു.
1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരി ആയാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്. ഇരുപതാം വയസില്‍ ‘കുടുംബിനി’ എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടു. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മഘതീർഥം എന്ന ചിത്രം നിർമിച്ചു.
Also read:ഈ നടി സെക്കൻഡുകൾ മാത്രമുള്ള പരസ്യത്തിന് വാങ്ങിയ തുക കേട്ടാൽ നിങ്ങൾ ഞെട്ടും
1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ ലഭിച്ചു. 1973 ൽ നിര്‍മാല്യം സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ടത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് തൊട്ടടുത്തവര്‍ഷം പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രം പൊന്നമ്മയുടെ കരിയറിലെ നാഴിക കല്ലായി മാറി. 1989-ല്‍, ‘ദേവദാസ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മലയാള സിനിമയിൽ കവിയൂർ പൊന്നമ്മ വസന്തമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില്‍ 1944 ജനുവരി 6 ന് ടി പി ദാമോദരന്‍ ഗൗരി ദമ്പതികളുടെ മകളായാണ് പൊന്നമ്മയുടെ ജനനം. സിനിമ നിര്‍മാതാവ് എം കെ മണിസ്വാമിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജീവിത പങ്കാളി. ഏക മകള്‍ ബിന്ദു. നടി കവിയൂര്‍ രേണുക സഹോദരിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here