‘ഒന്നിച്ചു നിന്നുകഴിഞ്ഞാൽ ധൈര്യമാവുമല്ലോ’, നാട്ടിലെത്തുന്നതിന്റെ ആശ്വാസത്തിൽ മണിപ്പൂരിലെ മലയാളി വിദ്യാർഥികൾ

ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പൂരിൽ നിന്നും ഉടൻ തിരികെയെത്താമെന്നതിന്റെ ആശ്വാസത്തിലാണ് മലയാളി വിദ്യർത്ഥികൾ. സംഘർഷം തുടങ്ങിയ സമയം തങ്ങളെ നന്നായി ബാധിച്ചിരുന്നുവെന്ന് മണിപ്പൂർ യൂണിവേഴ്സിറ്റിയിലെ പിജി സൈക്കോളജി ഫസ്റ്റ് സെമസ്റ്റർ വിദ്യാർത്ഥിനി ഫാത്തിമ ദിൽന കൈരളി ന്യൂസ് ഓൺലൈനോട് പറഞ്ഞു.

ഇപ്പോൾ ഒൻപത് പേർ യൂണിവേഴ്സിറ്റിയിലെ തന്നെ ഗസ്റ്റ് ഹൗസിലാണുള്ളത്. ഭാഷയൊന്നും വലിയ വശമില്ലാത്തതിനാൽ ഞങ്ങൾ ഒന്നിച്ചു നിൽക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒന്നിച്ചു നിന്നുകഴിഞ്ഞാൽ കുറച്ചുകൂടി ധൈര്യം ആവുമല്ലോ എന്ന് കരുതിയെന്നും ഫാത്തിമ വ്യക്തമാക്കി. നോർക്ക നാട്ടിലെത്താനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു തന്നിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു.

ഫാത്തിമ പറയുന്നു….

“സംഘർഷം തുടങ്ങിയ സമയം നന്നായി ബാധിച്ചിരുന്നു. ഇപ്പോൾ വലിയ ബുദ്ധിമുട്ടില്ല. ഞങ്ങൾ ആകെ 9 മലയാളികളാണുള്ളത്. അതിൽ 4 പെൺകുട്ടികളാണ്. മണിപ്പൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. നോർക്ക ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾ 9 മലയാളികളും ഇപ്പോൾ ഒന്നിച്ചുണ്ട്. ഞാൻ ഹോസ്റ്റലിൽ ആയിരുന്നു. അവിടെ പ്രശ്നമായപ്പോൾ എന്നോട് അവിടെ നിന്നും മാറണമെന്ന് പറഞ്ഞു. ആൺകുട്ടികളോടും മാറാൻ പറഞ്ഞു. ഇവിടത്തെ ഭാഷയൊന്നും വലിയ വശമില്ലാത്തതിനാൽ ഞങ്ങൾ ഒന്നിച്ചു നിൽക്കാമെന്ന് തീരുമാനിച്ചു. ഒരുമിച്ചു നിന്നുകഴിഞ്ഞാൽ കുറച്ചു ധൈര്യമാവുമാല്ലോ എന്നുകരുതി. ഞങ്ങളെല്ലാവരും യൂണിവേഴ്സിറ്റിക്കുള്ളിൽ അവർ തന്നെ നൽക്കുന്ന ഗസ്റ്റ് ഹൗസിലാണുള്ളത്. പിജി സൈക്കോളജി ഫസ്റ്റ് സെമസ്റ്റർ വിദ്യാർത്ഥികളാണ്”.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം 9 പേരെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി ദില്ലിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് നേരത്തെ അറിയിച്ചിരുന്നു. ഇവരെ 8-ന് ഇംഫാലിൽ നിന്ന് കൊൽക്കത്തയിലെത്തിക്കും. അവിടെനിന്നുമാണ് ബംഗളൂരുവിൽ എത്തിക്കുക. ഇംഫാലിൽ നിന്ന് മെയ് 8 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കൊൽക്കത്തയിലേയ്ക്കും കൊൽക്കത്തയിൽ നിന്നും അന്നു രാത്രി 9.30യോടെ ബംഗളൂരുവിലും എത്തിച്ചേരാൻ പാകത്തിന് വിദ്യാർത്ഥികൾക്കായുള്ള ടിക്കറ്റ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ബുക്ക് ചെയ്തിട്ടുണ്ട്.

ഇംഫാലിൽ കുടുങ്ങി കിടന്ന ഒമ്പത് വിദ്യാർഥികളാണ് സർക്കാരിനോട് സഹായം ആവശ്യപ്പെട്ടത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾ മണിപ്പൂരിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെയും നാട്ടിലെത്തിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും പ്രൊഫ. കെ.വി തോമസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News