ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഉണ്ടായിരുന്ന ‘ഉദയ്’ എന്ന ആൺ ചീറ്റയാണ് രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തതെന്ന് മധ്യപ്രദേശ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ.എസ്. ചൗഹാൻ അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് അസുഖം ബാധിച്ച നിലയിൽ ആറ് വയസ്സുള്ള ചീറ്റയെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സെന്ററിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഞായറാഴ്ച
വൈകീട്ട് നാലോടെ ചാവുകയായിരുന്നു. നാളെ വൈകീട്ട് പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കുനോയിൽ നിന്നും വീണ്ടും പുറത്തു കടന്ന ഒബാൻ എന്ന ചീറ്റയെ ശിവപുരി ജില്ലയിലെ കരേര വനത്തിൽ നിന്നും അധികൃതർ പിടികൂടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഒബാൻ പുറത്തുകടക്കുന്നത്. ഉത്തർപ്രദേശിലെ വനത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് അധികൃതർ ചീറ്റയെ പിടികൂടി പാർക്കിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 12ഉം നമീബിയയിൽ നിന്ന് 8 ചീറ്റകളെയുമാണ് ഇന്ത്യയിൽ എത്തിച്ചിരുന്നത്. ഇതിൽ അഞ്ച് വയസ്സുള്ള ‘സാഷ’ എന്ന ചീറ്റ മാർച്ച് 27ന് വൃക്ക രോഗം ബാധിച്ച് ചത്തിരുന്നു. നമീബിയയിൽ നിന്ന് എത്തുന്നതിന് മുമ്പ് തന്നെ വൃക്കസംബന്ധമായ അസുഖം സാഷയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ കുനോ ദേശീയ പാർക്കിൽ സിയായ എന്ന ചീറ്റ കഴിഞ്ഞ ദിവസം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here