2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ വിചാരണ നടക്കുന്ന പ്രത്യേക കോടതിക്ക് ബോംബ് ഭീഷണി. ഒക്ടോബര്‍ 30-ന് സെഷന്‍സ് കോടതി രജിസ്ട്രാറുടെ ഓഫീസിലേക്ക് അജ്ഞാതന്‍ വിളിച്ച് കോടതി നമ്പര്‍ 26-ല്‍ ബോംബ് സ്ഥാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ പറഞ്ഞു. ദക്ഷിണ മുംബൈയിലെ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി സമുച്ഛയത്തിലെ 26-ാം നമ്പര്‍ കോടതി മുറിയിലാണ് സ്ഫോടനക്കേസിന്റെ വിചാരണ നടത്തുന്ന പ്രത്യേക എൻഐഎ കോടതി പ്രവർത്തിക്കുന്നത്.
കൊളാബ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എന്നാല്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2008 സെപ്തംബര്‍ 29-ന് മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മലേഗാവിൽ പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ട സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവ് പ്രജ്ഞാ ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരും മറ്റ് അഞ്ച് പേരും സ്ഫോടന ഗൂഢാലോചനയ്ക്ക് വിചാരണ നേരിടുകയാണ്. നിലവില്‍ പ്രതികളുടെ അന്തിമ മൊഴി രേഖപ്പെടുത്തുന്നതിനാല്‍ വിചാരണ അവസാന ഘട്ടത്തിലാണ്. യുഎപിഎ അടക്കം ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here