സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത് പദ്ധതിയാണിത്. പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട് റിപ്പോർട്ടുകൾ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.
ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും ധനസഹായത്തോടെ രണ്ടു വർഷംമുമ്പ് തുടക്കമിട്ടതാണ് ഈ പദ്ധതി. ലോകബാങ്കും എ ഐ ഐ ബിയും ചേർന്ന് 1680 കോടിയുടെ ധനസഹായം ആണ് നൽകുന്നത്. സംസ്ഥാന സർക്കാർ പദ്ധതിക്കായി ചെലവിടുന്നത് 720 കോടി ആണ്. വരുന്ന നാലു വർഷം കൊണ്ട് കേരളത്തിലെ നഗരങ്ങളെ മാലിന്യപരിപാലനത്തിൽ സമ്പൂർണ സ്വാശ്രയത്വത്തിൽ എത്തിക്കുകയും പൂർണ ശുചിത്വ നഗരങ്ങളാക്കുകയുമാണ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയിൽ ഇതിനകം 400 പേർക്ക് തൊഴിൽ നൽകി കഴിഞ്ഞു. ഖരമാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ പതിനായിരത്തിലേറെ പേർക്ക് കൂടി തൊഴിൽ ലഭിക്കും. കൂടാതെ മാലിന്യ സംസ്‌കരണത്തിൽ കേരളം വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും.
also read:കോഴിക്കോട്ട് എക്സൈസിനും പൊലീസിനും നേരെ ആക്രമണം
തുടക്കത്തിൽ തന്നെ പരിസ്ഥിതി സൗഹൃദ പദ്ധതിക്കായി നഗരസഭകളിൽ എൻവയോൺമെന്റൽ എൻജിനിയർമാരെ നിയമിച്ചിരുന്നു. ഇവരുടെ സഹായത്തോടെ ആകെ 703 പ്രോജക്ട് ഏറ്റെടുക്കും. ഇതിൽ 350 പ്രോജക്ട് തയ്യാറായി കഴിഞ്ഞു.
കേരള സോളിഡ് വെയ്‌സ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിനാണ് പദ്ധതി നിർവഹണ ചുമതല ഉള്ളത്. ഖരമാലിന്യ ശേഖരണം, തരംതിരിക്കൽ, സൂക്ഷിക്കൽ, സംസ്‌കരണം എന്നിങ്ങനെ എല്ലാ തലത്തിലും ആധുനിക സംവിധാനമാണ് പദ്ധതിയിൽ നടപ്പാക്കുക. പരിസ്ഥിതി ആഘാതമില്ലാതെ മാലിന്യം സംസ്‌കരിക്കുന്നതിന് മേഖല തിരിച്ച് നാലു വലിയ സംസ്‌കരണ കേന്ദ്രം ഉണ്ടാകും.
നഗരസഭകളെ സഹായിക്കാൻ വിദഗ്‌ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭകളിലെ ഹരിത കർമ സേനാംഗങ്ങൾക്ക് ആധുനിക സുരക്ഷാ സേവനങ്ങൾ ലഭ്യമാകും. സമഗ്ര പരാതി പരിഹാര സംവിധാനവുമുണ്ടാകും. എല്ലാ നഗരസഭകളും പദ്ധതി ഏറ്റെടുക്കാനുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്. വിശദ പദ്ധതി റിപ്പോർട്ട് പ്രകാശനം ചെയ്തതിനു ശേഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here