താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും പീഡനാരോപണ കേസിൽ ജാമ്യം ലഭിച്ച യുട്യൂബര്‍ ഷാക്കിര്‍ സുബാന്‍. വിദേശത്തായിരുന്ന ഷാക്കിർ കൊച്ചിയിലെത്തി.’നിരപരാധിയാണ്. പേടിക്കേണ്ട ആവശ്യമില്ല. കോടതിയില്‍ തെളിയിക്കും.നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. ഒരു മാസം മുമ്പ് മകന് വാങ്ങിയ ടോയ് ഇപ്പോഴും കൈയ്യിലുണ്ട്. കേസിനെ നേരിടും. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശ പ്രകാരം മറ്റ് കാര്യങ്ങള്‍ നീക്കും. എന്നും ഷാക്കിര്‍ സുബാന്‍ പറഞ്ഞു.
മല്ലുട്രാവലർ എന്ന പേരിലറിയപ്പെടുന്ന ഷാക്കിറിനെതിരെ സൗദി യുവതി നൽകിയ പരാതിയിലാണ് കേസ്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ തനിക്കെതിരെ പീഡനശ്രമം നടത്തി എന്നാണ് യുവതി പരാതി നൽകിയത്. യുവതി നൽകിയ പരാതിയിൽ കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദേശത്തുള്ള ഷാക്കിര്‍ സുബാന്‍ 25ന് നാട്ടിലെത്തുമെന്നും അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ഷാക്കിർ കൊച്ചിയിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here