വായ്പ തിരിച്ചടക്കാതെ കോടികള്‍ കൊടുത്ത് വിദേശത്ത് സ്വത്തുക്കള്‍ വാങ്ങി; അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് രാജ്യം വിട്ടു

പ്രമുഖനായ ഇന്ത്യന്‍ വ്യവസായിയും രാജ്യസഭാ എം.പിയുമായിരുന്ന വിജയ് മല്യ ഇന്ത്യയില്‍ നിന്ന് ഒളിച്ചു കടക്കുന്നതിനു മുന്നേ വിദേശ രാജ്യങ്ങളില്‍ നടത്തിയ ഇടപാടുകളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വിവിധ ഉന്നത അന്വേഷണ ഏജന്‍സികളുടെയും കണ്ണ് വെട്ടിച്ചു രാജ്യം വിടുന്നതിനു മുന്നേ വിജയ് മല്യ വിദേശ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തു വകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ഒടുവില്‍ സിബിഐ കുറ്റപത്രത്തിലൂടെ പുറത്തു വിടുന്ന വിവരം.

വ്യവസായിയായിരുന്ന വിത്തല്‍ മല്യയുടെ മകനായ വിജയ് മല്യ 1983-ല്‍ പിതാവിന്റെ പെട്ടെന്നുള്ള മരണത്തിനു ശേഷമാണ് ഇരുപത്തിയെട്ടാം വയസ്സില്‍ യുണൈറ്റഡ് ബ്രീവറീസ്, കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ അധിപനായി സ്ഥാനം ഏറ്റെടുക്കുന്നത്.
2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ധനികന്മാരുടെ പട്ടികയില്‍ 162-ാമതും. ഇന്ത്യയിലെ ധനികന്മാരില്‍ 41-ാമതും ആയിരുന്നു അന്ന് വിജയ് മല്യ. വിവിധ ബാങ്കുകളില്‍ നിന്നായെടുത്ത 9000 കോടി ലോണ്‍ തുകയുടെ തിരിച്ചടവ് നടത്താതെ വായ്പ്പാ കുടിശ്ശിക വരുത്തി 2016 മാര്‍ച്ച് 2ന് ദില്ലി എയര്‍പോര്‍ട്ട് വഴി രാജ്യംവിട്ട വിജയ് മല്യയുടെ നാട് വിടല്‍ അന്ന് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

രാജ്യം വിടുന്നതിനു മുന്നേ 2015 -2016 കാലഘട്ടത്തില്‍ വിജയ് മല്യ ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായി 330 കോടി രൂപയുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് മുംബൈ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍. വായ്പ്പാ കുടിശ്ശിക തിരിച്ചു പിടിക്കാത്ത കാലഘട്ടത്തിലാണ് വിദേശ രാജ്യങ്ങളില്‍ വിജയ് മല്യ ഈ ഇടപാടുകള്‍ നടത്തിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. 2008 മുതല്‍ 2017 വരെ വായ്പ്പാ തിരിച്ചടവിനുള്ള തുക വിജയ് മല്യയുടെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനു ശ്രമിക്കാതെ ഇന്ത്യക്ക് പുറത്ത് ആഡംബര വസതികളും, വസ്തു വകകളും വാങ്ങിക്കൂട്ടുകയായിരുന്നു വിജയ് മല്യ. മക്കളുടെ പേരില്‍ സ്വിറ്റ്സര്‍ലണ്ടിലെ ട്രസ്റ്റുകളിലേക്കും കോടിക്കണക്കിനു രൂപ നല്‍കി.

35 മില്യണ്‍ യൂറോയ്ക്കാണ് വിജയ് മല്യ ഫ്രാന്‍സില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത്. ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണ്. കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്ന പേരില്‍ ഐഡിബിഐ ബാങ്കില്‍ നിന്ന് മാത്രം 900 കോടി രൂപയാണ് മല്യ വാങ്ങിയെടുത്തത്. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ ഡി ബി ഐ ബാങ്ക് ജനറല്‍ മാനേജര്‍ ബുദ്ധദേവ് ദാസ് ഗുപ്തയടക്കം പതിനൊന്നു പേരെയാണ് അനുബന്ധ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News