‘മന്ത്രി പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട് ‘, മന്ത്രി കെ രാജന്റെ വാക്കിൽ മാളുക്കുട്ടി ഹാപ്പി

കോഴിക്കോട് കക്കോടി സ്വദേശി മാളുക്കുട്ടിക്ക് കൈത്താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത്. മാളുകുട്ടിയുടെ ചികിത്സാ സഹായം എന്ന ആവശ്യത്തിനാണ് അദാലത്തിൽ പരിഹാരമായത്. വൈകാതെ സഹായം ലഭിക്കുമെന്ന് മന്ത്രി കെ.രാജൻ ഉറപ്പ് നൽകി.

തന്റെ ചികിത്സയ്ക്കാവശ്യമായ മരുന്ന് വാങ്ങാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നായിരുന്നു അദാലത്തിലെത്തിയ 73കാരി മാളുക്കുട്ടിയുടെ ചോദ്യം. കോഴിക്കോട് കക്കോടിയിലാണ് ഇവരുടെ വീട്. വർഷങ്ങൾക്ക് മുൻപേ ഭർത്താവ് മരിച്ചു. ഇതോടെ മാളുക്കുട്ടി വീട്ടിൽ ഒറ്റയ്ക്കായി.

പ്രതിസന്ധികൾക്കിടയിലും ജീവിതം കരുപ്പിടിപ്പിച്ച് കൊണ്ടുവരുമ്പോഴാണ് ഇടിത്തീയായി മാളുക്കുട്ടിക്ക് ഒരപകടം സംഭവിച്ചത്. 8 വർഷം മുൻപ് ക്വാറിയിലെ ജോലിക്കിടെയുണ്ടായ അപകടത്തിൽപെട്ട് ദേഹമാസകലം വേദനയാണ് മാളുക്കുട്ടിക്ക്. സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ് മാളുക്കുട്ടിക്ക് ആകെയുള്ള ആശ്രയം പക്ഷേ ചികിത്സക്കാവശ്യമായ മരുന്നും മറ്റും ഇതുകൊണ്ട് മാത്രം വാങ്ങാൻ കഴിയില്ലെന്നായിരുന്നു മാളുക്കുട്ടിക്ക് പറയാൻ ഉണ്ടായിരുന്നത്.

‘സർക്കാർ തരുന്ന 1600 രൂപ മാത്രമാണ് എന്റെ ജീവിതം. ആ പൈസ കൊണ്ട് ഒന്നും ആകില്ല. അല്ലേൽ ഞാൻ മന്ത്രിയെ ശല്യം ചെയ്യോ?’, മാളുക്കുട്ടി ചോദിക്കുന്നു. അധികംവൈകാതെ മന്ത്രിയുടെ കരുതൽ വാക്കുകളുമെത്തി. മാളുക്കുട്ടിക് സഹായം ഉറപ്പ്.

സഹായം അഭ്യർത്ഥിക്കുമ്പോൾ പ്രകടമായ ദൈന്യത തിരിച്ചുവരുമ്പോൾ മാളുക്കുട്ടിയുടെ മുഖത്തുണ്ടായിരുന്നില്ല. ആകെമൊത്തം സന്തോഷംകൊണ്ട് തിളങ്ങിയ മുഖമായിരുന്നു മാളുക്കുട്ടിയുടേത്. ‘ഡോക്ടറെ കാണിക്കണമെങ്കിലും വേണം പൈസ. അത് പോലും എന്റെ കയ്യിലില്ല. പരാതി കേട്ട മന്ത്രി നന്നായാണ് സംസാരിച്ചത്. സന്തോഷമുണ്ട്. എത്രയോ പേർക്ക് നമ്മൾ പൈസ കൊടുക്കുന്നുണ്ട്, മാളുക്കുട്ടിയമ്മക്കും തരാല്ലോ എന്നാണ് മന്ത്രി പറഞ്ഞത്’, മാളുക്കുട്ടിയമ്മ ഉത്സാഹത്തോടെ പറയുന്നു.

പരാതി കേട്ട മന്ത്രി വൈകാതെ സഹായം ലഭിക്കുമെന്ന് ഉറപ്പ് നൽകി. അധികമൊന്നും കാത്തിരിക്കാതെ തന്റെ ആവശ്യത്തിന് അദാലത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് മാളുക്കുട്ടി മടങ്ങിയത്. മാളുക്കുട്ടിയെപ്പോലെ നിരവധി പേരുടെ ആവശ്യമാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ പരിഹാരംകണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News