എഴുത്തുക്കാരൻ എം.ടി വാസുദേവൻ നായരുമായുള്ള ബന്ധം വേദിയിൽ പങ്കുവെച്ച് നടൻ മമ്മൂട്ടി. താനും എം.ടിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് തരാൻ സാധിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.ചേട്ടനോ, അനിയനോ, പിതാവോ, സഹോദരനോ, സുഹൃത്തോ ആരാധകരോ അങ്ങിനെ ഏത് തരത്തിലും തനിക്ക് അദ്ദേഹത്തെ സമീപിക്കാമെന്ന് എംടി വാസുദേവൻ നായരുടെ നവതിയോടനുബന്ധിച്ച് നടന്ന സാദരം എം ടി ഉത്സവം പരിപാടിയിൽ മമ്മൂട്ടി പറഞ്ഞു.
അദ്ദേഹത്തിന്റെ സാഹിത്യ കൃതിയിലെ എല്ലാ കഥാപാത്രവുമായി താൻ മാറിയിട്ടുണ്ട്… സിനിമയിൽ അഭിനയിച്ചതു മാത്രമല്ല, എംടിയുടെ സാഹിത്യത്തിലെ എല്ലാ കഥാപാത്രങ്ങളെയും താൻ സ്വപ്നം കണ്ടിട്ടുണ്ട്… തന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേതെന്നും മമ്മൂട്ടി പറഞ്ഞു.
ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ കഥയും കഥാപാത്രങ്ങളും ആളുകളിലേക്ക് എത്തിച്ചേരാൻ അധികം കാലതാമസം വന്നിരുന്നില്ല. അത്രത്തോളം നവീകരിക്കപ്പെട്ട സാഹിത്യരചനകളുള്ള അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് എം ടി.
എം ടിയെ നമ്മൾ ആദരിക്കുന്നതിനേക്കാൾ കൂടുതൽ മറ്റ് ഭാഷകളിലെ സാഹിത്യപ്രവർത്തകരും മറ്റ് ഭാഷ സംസാരിക്കുന്നവരും അദ്ദേഹത്തെ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചൊരാൾ എന്ന നിലയിൽ തനിക്ക് കിട്ടുന്ന പ്രത്യേക അംഗീകാരം ആസ്വദിക്കുന്നത് ഒരു മാജിക്കൽ കണക്ഷൻ എം ടിയുമായി ഉള്ളതുകൊണ്ടാണ് അതിപ്പോഴും ഞങ്ങൾ തമ്മിലുണ്ട്… എം ടി ഇല്ലാതെ മലയാള ഭാഷ ഇല്ലെന്നും ഭാഷയുള്ള കാലം എംടി അവശേഷിക്കുമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here