’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും, ആദരാഞ്ജലികള്‍ അര്‍ജുന്‍’: മമ്മൂട്ടി

Arjun Shiroor

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിയും മൃതദേഹ ഭാഹങ്ങളും ഗംഗാവാലി പുഴയില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടന്‍ മമ്മൂട്ടി.

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും കാത്തിരുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്ന അര്‍ജുന് ആദരാഞ്ജലികള്‍ നേരുന്നതായും മമ്മൂട്ടി കുറിച്ചു.

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും… ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികള്‍ അര്‍ജുന്‍

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി ഗംഗാവാലി പുഴയിൽ നിന്ന് 72-ാം ദിനമാണ് കണ്ടെത്തിയത്. മൂന്നാംഘട്ട തിരച്ചിലിൽ ഡ്രഡ്ജിങ്ങ് നടത്തിയാണ് അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രക്കിടെ, ജൂലായ് പതിനാറിന് കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനിന്റെ ലോറി അകപ്പെട്ടത്. അപകടത്തിൽ കാണാതായ അർജുനിന്റെ കുടുംബത്തിന്റെ വിഷമം ഒരു നാടിന്റെ വികാരമായി മാറുകയായിരുന്നു. അർജുനെ കണ്ടെത്താനുള്ള ഷിരൂർ ദൗത്യത്തിന്റെ നാൾവഴികളിങ്ങനെയായിരുന്നു.-

ജൂലൈ 16 രാവിലെ 8.30

  • ദേശീയപാത 66 ലേക്ക് ചെങ്കുത്തായ മലനിരകൾ ഇടിഞ്ഞുവീണ് പാതയോരത്ത് നിർത്തിയിട്ടിരുന്ന അർജുന്റെ ലോറിയുൾപ്പെടെ മൂന്നു ടാങ്കറുകളും ഒരു ലോറിയും ഒരു കാറും കാണാതാകുന്നു.

ജൂലൈ 19

  • സംഭവസ്ഥലത്തെത്തിയ അർജുന്റെ അനിയനുൾപ്പെടെ സംഭവസ്ഥലത്തെത്തിയവർ തിരച്ചിൽ പേരിനു മാത്രമാണ് നടക്കുന്നതെന്ന് മാധ്യമങ്ങളെ അറിയിക്കുന്നു.

ജൂലൈ 20

  • റഡാർ എത്തിച്ച് പരിശോധന നടത്തുന്നു മണ്ണിനടിയിൽനിന്ന് മൂന്നു സിഗ്നലുകൾ ലഭിച്ചു. ജിപിഎസ് ലൊക്കേഷൻ കാണിച്ചുകൊണ്ടിരുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കുന്നു.

ജൂലൈ 21

  • രക്ഷാപ്രവർത്തനം പതുക്കെയാണ് നടക്കുന്നതെന്ന് കാണിച്ച് അർജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു.
  • കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സംഘം തിരച്ചിലിനെത്തുന്നു.
  • റോഡിൽ നിന്ന് 98 ശതമാനം മണ്ണ് മാറ്റിയപ്പോഴും ട്രക്കിന്റെ സൂചനയില്ല. തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് നീളുന്നു.

ജൂലൈ 22

  • കരയിൽ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കോഴിക്കോട്ട് നിന്നും 18 പേരടങ്ങുന്ന സന്നദ്ധ സംഘം ഷിരൂരിലേക്ക് തിരച്ചിലിനായി പോകുന്നു.
  • പുഴയിൽ എൽപിജി ബുള്ളറ്റ് ടാങ്കർ കണ്ടെത്തുന്നു അത് കരക്കെത്തിക്കുന്നു.

ജൂലൈ 23

  • ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ ഇടത്തുനിന്നുതന്നെ സോണാർ സിഗ്നൽ ലഭിക്കുന്നു.
  • അപകടത്തിൽ കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി.
  • കൂരാച്ചുണ്ട് റെസ്ക്യൂ ടീം തിരച്ചിലിന് ഷിരൂരിലെത്തി.

ജൂലൈ 24

  • അർജുനു വേണ്ടിയുള്ള തിരച്ചിൽ വൈകിയില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുന്നു.

ജൂലൈ 25

  • മലയാളിയായ റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ തിരച്ചിലിന് ഷിരൂരിലെത്തി
  • കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടു.

ജൂലൈ 26

  • മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.

ജൂലൈ 27

  • അർജുനെ തിരയാനായി ഈശ്വർ മാൽപെയും, മത്സ്യത്തൊഴിലാളികളും രംഗത്ത്.

ജൂലൈ 28

  • തിരച്ചിൽ ദൗത്യം കർണാടക താത്കാലികമായി നിർത്തുന്നു. കേരളം എതിർപ്പ് അറിയിക്കുന്നു. ദൗത്യം തുടരുമെന്ന് കർണാടകയുടെ വിശദീകരണം.

ജൂലൈ 29

  • കാലാവസ്ഥ അനുകൂലമാണെങ്കിൽ തിരച്ചിൽ നടത്തുമെന്ന് കർണാടക.

ജൂലൈ 30

  • തൃശൂർ കാർഷിക സർവകലാശാലാ പ്രതിനിധികൾ സ്ഥലത്തെത്തി ഡ്രഡ്‌ജര്‍ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നു. തിരച്ചിൽ സാധ്യമെന്ന് പ്രതിനിധികൾ.

ഓഗസ്റ്റ് 1

  • ഷിരൂരിലെ ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു.

ഓഗസ്റ്റ് 3

  • ഷിരൂരിലേക്ക് തൃശൂരിലെ ഡ്രഡ്‌ജര്‍ എത്തിക്കേണ്ടെന്ന് തീരുമാനം.
  • അമാവാസി നാളിൽ പുഴയിലെ വെള്ളം കുറയുമ്പോൾ തിരച്ചിലിന് തയാറെന്ന് മൽപെ.

ഓഗസ്റ്റ് 4

  • കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഈശ്വര്‍ മാല്‍പെയെ പുഴയിലിറങ്ങാൻ പൊലീസ് അനുവദിച്ചില്ല.

ഓഗസ്റ്റ് 7

  • ജൂനിയർ ക്ലർക്കായി അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ താല്‍ക്കാലിക നിയമനം.

ഓഗസ്റ്റ് 10

  • ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞു, അർജുനു വേണ്ടി വീണ്ടും തിരച്ചിൽ.

ഓഗസ്റ്റ് 13

  • ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും മരവാതില്‍ ഭാഗവും കണ്ടെത്തുന്നു.

ഓഗസ്റ്റ് 14

  • നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്.

ഓഗസ്റ്റ് 15

  • ഈശ്വര്‍ മാല്‍പെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങല്‍ വിദഗ്ധരും അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ തിരയാന്‍ ഷിരൂരിൽ

ഓഗസ്റ്റ് 16

  • അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ ലഭിച്ചു.

ഓഗസ്റ്റ് 28

  • ഗോവയിൽനിന്ന് ഡ്രഡ്‌ജര്‍ എത്തിച്ച് തിരച്ചിൽ തുടരുമെന്ന് അർജുന്റെ കുടുംബത്തിന് സിദ്ധരാമയ്യ ഉറപ്പ് നൽകുന്നു.

സെപ്റ്റംബർ 18

  • ഗോവയിൽ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രഡ്‌ജര്‍ കാർവാറിൽ.

സെപ്റ്റംബർ 20

  • ഗംഗാവലിപ്പുഴയിൽ ഡ്രഡ്‌ജര്‍ ഉപയോഗിച്ച് അർജുനടക്കം 3 പേർക്കായി തിരച്ചിലാരംഭിക്കുന്നു.

സെപ്റ്റംബർ 21

  • സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങൾ എന്നിവ ഗംഗാവലിപ്പുഴയിൽ നിന്ന് ലഭിക്കുന്നു. ആദ്യം അർജുന്റെ ലോറിയുടേതെന്നു കരുതിയെങ്കിലും പിന്നീട് അല്ലെന്നു സ്ഥിരീകരിച്ചു.

സെപ്റ്റംബർ 22

  • പുഴയിൽനിന്ന് ഒരു അസ്ഥിക്കഷണം ലഭിക്കുന്നു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഈശ്വര്‍ മല്‍പെ തിരച്ചിൽ നിർത്തി മടങ്ങി.

സെപ്റ്റംബർ 23

  • റിട്ട.മേജർ ജനറൽ എം.ഇന്ദ്രബാല‍നും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും തിരച്ചിലിനായി എത്തി.

സെപ്റ്റംബർ 25

  • അർജുന്റെ ലോറി കണ്ടെത്തുന്നു. കാബിനുള്ളിൽ ഒരു മ‍‍‍‍ൃതദേഹവും കണ്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News