‘കൊടുമണ്‍ പോറ്റി’യുടെ ബ്ലാക്ക് മാജിക്കില്‍ അകപ്പെടുന്ന കാണികള്‍; ഇത് മമ്മൂട്ടിയുടെ അഭിനയത്തികവിൻ്റെ ഭ്രമയുഗം

ദൈവങ്ങൾ പോലും പലായനം ചെയ്യപ്പെട്ട കലിയുഗത്തിലെ അപഭ്രംശകാലമാണ് ഭ്രമയുഗമെമെന്ന താന്ത്രികനിർവചനത്തെ രാഷ്ട്രീയമായി അപനിർമ്മിക്കുന്ന ചലച്ചിത്രമാണ് ഭ്രമയുഗം. പതിനേഴാം നൂറ്റാണ്ടിലെ ജാതീയമായ അധികാരത്തിലേക്കും, ഹിംസാത്മകമായ അത്യാഗ്രഹത്തിലേക്കുമുള്ള ദയാരഹിതമായ പര്യവേക്ഷണം കൂടിയാണ് രാഹുൽ സദാശിവൻ്റെ ഭ്രമയുഗം. ഈ മിസ്റ്ററി – ഹൊറർ ത്രില്ലർ മൂവി മലയാളിയുടെ കാഴ്‌ചാവബോധത്തെ സർഗാത്മകമായി തലകീഴ്‌മറിക്കുന്ന അടിമുടി വേറിട്ട ഒരു ചലച്ചിത്രാനുഭവമാണ്.

തൻ്റെ മനയിലേക്ക് സ്വാഗതമെന്ന കൊടുമൺ പോറ്റിയുടെ അധികാരമൂർച്ചയുള്ള പരുഷ സ്വരത്താൽ നിർബന്ധിതനായി അയാളുടെ മനയിൽ അകപ്പെടുന്ന പാവം പാണഗായകനാണ് തേവന്‍. ഇയാളെ പോലെ, പ്രേക്ഷകരായ നമ്മളും തുടർന്നുള്ള രണ്ടേകാൽ മണിക്കൂർ നേരം ഒരു കീറ് വെളിച്ചത്തേക്കാൾ ഇരട്ടിയുള്ള ഇരുട്ടുകൊണ്ടു പകലിനെ വേട്ടയാടുന്ന ചാത്തൻ്റെ അധികാരവലയത്തിലകപ്പെടുന്ന പ്രതീതിയാണ് ഭ്രമയുഗം. അതാണ് ഈ ചിത്രത്തെ അത്രമേൽ തീക്ഷ്‌ണക്കാഴ്‌ചയാക്കുന്നത്. ഒരുപക്ഷേ, 2020ലെ പുഷ്ക്കൽ സുനിൽ മഹാബലിൻ്റെ വെൽക്കം ഹോം എന്ന ചിത്രം കണ്ടപ്പോഴുണ്ടായ മാനസികാഘാതത്തിൻ്റെ സമാനമായ ഒരനുഭവപരിസരത്തെ ഓർമിപ്പിക്കുംവിധം ഭയം ഒരു പ്രത്യയശാസ്ത്രമായി മാറിയ കാലത്തെ തന്നെയാണ് പതിനേഴാം നൂറ്റാണ്ടിലെ ഒരധികാരമൂർത്തിയുടെ ദുരമൂത്ത ഹിംസയിലൂടെ ഭ്രമയുഗം ഭയചകിതമായ ആഖ്യാനരീതിയിലൂടെ പറഞ്ഞുറപ്പിക്കുന്നത്.

ഐതിഹ്യങ്ങളും ബ്ലാക്ക് മാജിക്കും നിറഞ്ഞ ഇൻഹ്യൂമനായ അധികാര വാഴ്‌ചയുടെ ഒരേടാണ് കൊടുമൺ പോറ്റിയുടെ കഥയിലൂടെ ഭ്രമയുഗം വാങ്മയപ്പെടുത്തുന്നത്. അധികാരത്തിൻ്റെ ലഹരിയിൽ ഭ്രാന്താവേശിതനായി അപരജീവിതത്തെ വെച്ച് മരണക്കളിയേർപ്പെടുന്ന അസ്വാതന്ത്ര്യത്തിൻ്റെ ഉടയോനായ കൊടുമൺ പോറ്റിയുടെ ഈ
ബ്ലാക്ക് – മാജിക്ക് കഥ കൃത്യമായും നമ്മുടെ കാലത്തെ ഭീതിയുടെ രാഷ്ട്രീയത്തിൻ്റെ റീ – സോഴ്‌സ് കാഴ്‌ചകളിലേക്കുള്ള നാനോ – സ്കോപ്പിക് കണ്ണാടിയാകുന്നുണ്ട്. താന്ത്രികവിദ്യ കൊണ്ടും ജാത്യാഹങ്കാരം കൊണ്ടും ദൈവത്തേക്കാൾ ശക്തനായ കൊടുമൺ പോറ്റിയും (മമ്മൂട്ടി) നിസ്സഹായനായ അലഞ്ഞുതിരിയുന്ന പാണഗായകനും (അർജുൻ അശോകൻ) പോററിയുടെ വീട്ടുജോലിക്കാരനും ഇടയിലാണ് വിധി പന്തയം വെച്ചുള്ള ഈ കഥ അരങ്ങേറുന്നത്.

രണ്ടുതവണ വിധി പണയം വെച്ച് കളിക്കാൻ പറ്റില്ലായെന്ന പോറ്റിയുടെ ശാസനമാത്രം സ്വീകാര്യമാകുന്ന ഈ പകിട കളി സമന്മാർക്കിടയിൽ നടക്കുന്ന അവസരങ്ങളുടെ പതിവുകളിയിൽ നിന്ന് ഏറെ വ്യത്യസ്‌തമാണ്, ഇവിടെ, ടോസ് – അപ്പ് കൊടുമൺ പോറ്റിയെന്ന എല്ലാം ഉളളവനും തേവനെന്ന മറ്റൊന്നുമില്ലാത്തവനും തമ്മിലാണ്. പാണഗായകനായ തേവൻ വിജയിച്ചാൽ, പോറ്റി അവനെ വിട്ടയക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു, അങ്ങനെ അയാൾക്ക് അമ്മയുടെ വീട്ടിലേക്ക് മടങ്ങാം. പാണഗായകൻ തോറ്റാൽ, അയാൾക്ക് വാഗ്‌ദാനം ചെയ്യാൻ കഴിയുന്ന മൂല്യമുള്ള ഒരേയൊരു ചരക്ക് പണയം വയ്ക്കണം – അത് അവൻ്റെ സമയമാണ്.

ALSO READ | ‘ഭ്രമയുഗം’ ഇനി ‘സോണി’ക്ക് സ്വന്തം; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

ഈ പകിടകളിക്ക് സാക്ഷിയായി പ്രേക്ഷകരും പോറ്റിയുടെ ഈ കരാർ അനുസരിച്ചുപോകുന്ന തലത്തിലാണ് കൊടുമൺ പോറ്റിയുടെ ലാബിരിന്തെൻ ചുവരുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നമ്മൾ. അകത്തു കടന്നാൽ പുറത്തുള്ള ലോകത്തിൻ്റെ ഒരു കീറ് വെളിച്ചമോ കുഞ്ഞുപ്രതീക്ഷയോ കാണാനാകാത്ത വിധം പലപ്പോഴും അതിലെ പാണഗായകനായ തേവനോളം ആഴത്തിലുള്ള പ്രതിസന്ധിയിൽ നാം നമ്മെത്തന്നെ മുഖാമുഖപ്പെടുന്ന ഒരു പ്രതീതി പടർത്തുന്നതാണ് ഭ്രമയുഗം. ഭ്രമയുഗത്തിൻ്റെ ആഖ്യാന ഗതിവിഗതികൾ പോറ്റിയുടെ മനയ്ക്കുള്ളിൽ അകപ്പെട്ട ഇരകളുടെ ഭയഭരിതമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. രാത്രികൾ പകലുകളേക്കാൾ ദൈർഘ്യമേറിയതായി അനുഭവപ്പെടുന്ന കാലാതീതമായ ലൂപ്പിൽ കുടുങ്ങിക്കിടക്കുമ്പോൾ, രക്ഷപ്പെടാനുള്ള പ്രതീക്ഷ മാത്രമാണ് അവരെ ജീവനോടെ നിലനിർത്തുന്ന ഏകഘടകം.

മനയിലെ പാചകക്കാരനിൽ തേവൻ ഒരു സമാന പങ്കാളിയെ കണ്ടെത്തുന്നു. തേവനെന്ന പാണഗായകൻ്റെ അതേ അഴിയാകുരുക്കിലാണ് പാചകക്കാരനും ഏറെ കാലമായി കുടുങ്ങിയതെന്ന് തോന്നുന്നു, പോറ്റിയുടെ ആശ്രിതസേവനത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്‌ത ഡസൻ കണക്കിന് സാധുസേവകരുടെ പിൻഗാമികളാണിവർ. ദുർമന്ത്രവാദിയെപ്പോലെയുള്ള പോറ്റിയുടെ അനിർവചനീയമായ ശക്തികൾ കണക്കിലെടുക്കുമ്പോൾ, പാണഗായകൻ്റെ മനയിലേക്കുള്ള പ്രവേശനം പ്രേക്ഷകരായ നമുക്ക് തോന്നിയത് പോലെ ആകസ്‌മികമല്ല. പ്രവേശിക്കുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും പുറത്തുകടക്കുക തോൽവിയുറപ്പുള്ള ഒരു പകിട കളിയോളം അപകടകരമാണ് എന്ന തിരിച്ചറിവ് മനയിലെ അധികാര പദവിയിലുള്ള പോറ്റിയുടെ സഹായി മുതൽ ആതിഥേയനായ തേവൻ വരെ അകപ്പെട്ട വ്യസനഭരിതമായ ജീവിതം പേടിയോടെ പച്ചകുത്തുന്നുണ്ട്.

സർവ്വാധികാരിയായ പോറ്റി സാധുവായ പാണഗായകനെ ചലച്ചിത്രത്തിൻ്റെ തുടക്കത്തിലെ സ്വന്തം മനയിലേക് സ്വാഗതം ചെയ്യുന്ന രീതി ഇതിൻ്റെ ഭാഗമാണ്. തേവനെന്ന പാണഗായകന് ഒരു പ്ലേറ്റ് നിറയെ ഭക്ഷണം അനുവദിക്കുകയും, തൻ്റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുമ്പോൾ പോറ്റി ജാതിയുടെയോ മതത്തിൻ്റെയോ സങ്കൽപ്പങ്ങൾക്ക് അതീതനാണെന്ന് നമ്മുക്ക് തോന്നാതിരിക്കില്ല. പോറ്റി തൻ്റെ പ്രജകളെ കളങ്കപങ്കിലമായ ‘സമത്വഭാവ’ത്തോടെ വശീകരിക്കുകയും പിന്നീട് തൻ്റെ മന്ത്ര – തന്ത്രത്തിലൂടെ അവരെ കുടുക്കുകയും ചെയ്യുന്നതുപോലെയാണ് ഇത്.
പോറ്റിയുടെ വാക്കുകളിൽ പറഞ്ഞാൽ, അവർ ജീവിക്കുന്ന പ്രായം കർമ്മശക്തികൾക്കപ്പുറമാണ്. അവ ഭ്രമയുഗത്തിൽ ഉണ്ടെന്ന് തോന്നുന്നു, കലിയുഗത്തിനുള്ളിലെ ഒരു വ്യതിചലനമെന്ന പോലെ ദൈവത്തെ നിഷേധിക്കുന്ന പോറ്റിയുടെ വ്യാഖ്യാന സാധൂകരിക്കുന്ന പശ്ചാത്തലമിതാണ്.
ഇത്തരത്തിലുള്ള കഥാപശ്ചാത്തലത്തിലാണ് നമുക്ക് ഭ്രമയുഗത്തെ അധികാരത്തെക്കുറിച്ചുള്ള ഒരു ഉപമയായി കാണാൻ സാധിക്കുന്നത്.

ALSO READ | “അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ അമ്പരന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മുക്ക”; നിങ്ങളുടെ ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങളെന്ന് ജൂഡ് ആന്റണി ജോസഫ്

അധികാരം വ്യക്തിയേയും വ്യവസ്ഥിതിയേയും പൂർണമായും നശിപ്പിക്കുമെന്ന സത്യവചനത്തെ സാധൂകരിക്കും വിധം സിനിമയിലെ മൂന്ന് കേന്ദ്രകഥാപാത്രങ്ങൾ പരസ്‌പരം നിരന്തരം കലഹിക്കുന്ന മൂന്ന് വിഭാഗങ്ങളായി അനുഭവപ്പെടുന്നു. പോറ്റിയെന്ന അധികാരഗോപുരത്തിൻ്റെ അടിയിലുള്ള അസ്വതന്ത്രരായ രണ്ടുപേർക്കും അധികാര ഗോപുരത്തിനെതിരെ ഒരുമിച്ച് പോരാടാൻ കഴിയുമെന്ന് പ്രതീതി നൽകുന്നുണ്ടെങ്കിലും എന്നാൽ ഒടുവിൽ, ഭ്രമയുഗം അധികാരത്തെ കുറിച്ചുള്ള എക്കാലത്തേയും നേരറിവിനെ വിധിവാക്യമാക്കുന്നുണ്ട്. അത്, ആശ്രിത ബോധത്തോടെ അധികാരത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന എല്ലാവരേയും അധികാരം ദുഷിപ്പിക്കുക തന്നെ ചെയ്യുമെന്ന പ്രാഥമിക വിചാരത്തോളമാണ്.

ഒരുതരം ഹാലുസിനേഷൻ – ഹിപ്നോട്ടിക് സ്റ്റേറ്റ് ഓഫ് മൈൻഡ് പോലെ അരക്ഷിതവും അസ്വസ്ഥവുമാക്കുന്ന ഒരു വിചിത്രമായ അതീതപ്രപഞ്ചത്തിലാണ് രാഹുൽ സദാശിവൻ പതിനേഴാം നൂറ്റാണ്ടിലെ അധികാരത്തെ കുറിച്ചുള്ള ഐതിഹ്യമാലയെ ദൃശ്യാഖ്യാനം ചെയ്യുന്നത്. പോറ്റിയുടെ ആവാസമനയുടെ പഴകിജീർണിച്ച അനേകം ചുമർവിടവുകളിലൂടെ പെയ്യുന്ന മഴയുടെ നിരന്തരമായ ശബ്‌ദത്തിൽ നിന്ന് മാറിയിരിക്കാൻ കൊതിച്ച് ഒരുവേള പ്രേക്ഷകരായ നമ്മളും ഒരു നിമിഷത്തെ നിശബ്‌ദതയ്ക്കായി ഈ കഥയിലെ തേവനെന്ന പാണഗായകനെപ്പോലെ ആഗ്രഹിച്ചു പോകുന്നത്ര ഭീഭത്സഭരിതമായ കഥാപശ്ചാത്തലം മനയുടെ അകത്തളം നൂറ് രാക്ഷസന്മാർ അതിനെ പിടികൂടിയവനെ നോക്കിക്കാണുന്നു എന്ന മിഥ്യാധാരണ സൃഷ്‌ടിക്കുന്നു.

ആ കാലഘട്ടത്തിൻ്റെ ജീർണത മുഴുവൻ അത് അനുഭവിച്ച തലമുറകളുടെ അപചയത്താൽ ഭ്രമയുഗത്തിൽ സൂക്ഷ്‌മമായി ചിത്രീകരിച്ചിരിക്കുന്നു. പ്രാചീനമായ നിഗൂഢതകളത്രയും തളം കെട്ടിയ കളപ്പുരയിൽ ഓരോ വശത്തും നെല്ലുകൂനകൾ സജ്ജീകരിച്ചിരിക്കുന്ന ചില ഷോട്ടുകൾ ( ഡി.ഒ.പി ഷെഹ്‌നാദ് ജലാൽ) തർക്കോവ്‌സ്‌കിയുടെ Stalker-ൽ നിന്നുള്ള ഐക്കണിക് ഫ്രെയിമിൻ്റെ കാഴ്‌ചാനുഭവത്തെ ഓർമ്മിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടി എന്ന നടൻ്റെ അതിശക്തമായ സാന്നിധ്യമാണ് മറ്റ് തടവുകാരോടൊപ്പം പ്രേക്ഷകരായ നമ്മളും പോറ്റിയുടെ ബ്ലാക്ക് മാജിക്കിൻ്റെ ഈ കൂടാരത്തിനുള്ളിൽ കുടുങ്ങിപ്പോയതിൻ്റെ ഒരു വലിയ കാരണമെന്ന് കൂടി പറയാതെ വയ്യ.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കൊടുമണ്‍ പോറ്റി ഭാഗമല്ലാത്ത ചില സീനുകളിൽ പോലും അദ്ദേഹത്തിൻ്റെ സാന്നിധ്യം പാചകക്കാരനും ഗായകനും മാത്രമല്ല പ്രേക്ഷകരായ നമുക്കും അനുഭവപ്പെടും..! എന്തിനേറെ പറയുന്നു, പോറ്റിയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ ആ രണ്ടു നിസ്സഹയരായ കഥാപാത്രങ്ങളോട് മിണ്ടാതിരിക്കാൻ മനസുകൊണ്ടെങ്കിലും ആവശ്യപ്പെടുന്ന വിധം നമ്മളും മമ്മൂട്ടിയുടെ പോറ്റിയെന്ന പാത്രനിർമ്മിതിയുടെ കാന്തികവലയത്തിൽ അകപെട്ടു പോകുന്നുണ്ടെന്നതാണ് വാസ്‌തവം. പോറ്റിയിലൂടെ അഭിനയത്തികവിൻ്റെ നെറുകയിലെത്തിയ മമ്മൂട്ടി മാത്രമല്ല ഭ്രമയുഗത്തിൽ പോറ്റിയുടെ അടിച്ചമർത്തലിൽ തളർന്നുപോയ പാചകക്കാരനായി പതിറ്റാണ്ടുകളുടെ സങ്കടം ചൊരിയുന്ന മുഖഭാവവും ശരീര ഭാഷയുമായി സിദ്ധാർത്ഥ് ഭരതൻ എന്ന നടനും പ്രേക്ഷക കൈയ്യടി വാങ്ങുന്ന അഭിനയമാണ് കാഴ്‌ചവെക്കുന്നത്. ഭയവും ആശ്രിതത്വവും കൊണ്ടു കുനിഞ്ഞ ശിരസും അധൈര്യം നിറഞ്ഞ ഉടലുമായി അർജുൻ അശോകൻ എന്ന നടനും മികച്ച അഭിനേതാവായി ഈ ചിത്രത്തിലൂടെ ഒന്നുകൂടി രജിസ്റ്റര്‍ ചെയ്യപ്പെടുമെന്ന് തീർച്ച.

അധ്യാപകനും എ‍ഴുത്തുകാരനുമാണ് ലേഖകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News