മലയാളത്തിന്റെ മമ്മൂട്ടി വീണ്ടും പുരസ്‌കാര നിറവില്‍. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും നേടുമ്പോള്‍ അഭിനയ മികവിന്റെ പുതിയ ഭാവങ്ങളാണ് മലയാള സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുന്നത്. സിനിമാലോകത്ത് മമ്മൂട്ടിയുടെ മികച്ച മികച്ച വര്‍ഷമായിരുന്നു 2021. പുഴുവും റോഷാക്കും ഭീഷ്മപര്‍വ്വവും മമ്മൂട്ടിയുടെ വ്യത്യസ്ത വേഷങ്ങളെയും പകര്‍ന്നാട്ടങ്ങളെയും അടയാളപ്പെടുത്തി.
1981 ലാണ് ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത്. തുടര്‍ന്ന് അഹിംസ എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് രണ്ടാമതായി മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 1984ല്‍ അടിയൊഴുക്കുകളി’ലൂടെ മമ്മൂട്ടി വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായി. തുടര്‍ന്ന് ‘യാത്ര’യിലേയും, ‘നിറക്കൂട്ടി’ലെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. ‘വിധേയന്‍’, ‘പൊന്തന്‍ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമ്മൂട്ടി വീണ്ടും തുടര്‍ച്ചയായി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലും 2009ലും മികച്ച നടനുള്ള അവാര്‍ഡ് കാഴ്ച, പാലേരി മാണിക്യം എന്നീ ചിത്രങ്ങളിലൂടെയും മമ്മൂട്ടി സ്വന്തമാക്കി.
പ്രായം കൂടും തോറും അഭിനയത്തിന്റെ സാധ്യതകളും കൂടിക്കൊണ്ടേയിരിക്കുന്ന നടനാണ് മമ്മൂട്ടി. രാകി മിനുക്കി മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുന്ന അദ്ദേഹത്തിന്റെ ശരീരഭാഷയും ശബ്ദവും എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ ലിപികളില്‍ തന്നെ തിളങ്ങി നില്‍ക്കും. ഏത് കാലഘട്ടത്തിലും ആരും ഏറ്റെടുക്കാത്ത നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ചതാക്കി മാറ്റിയത് മമ്മൂട്ടിയാണ്. സൂര്യമാനസം, മൃഗയ, വിധേയന്‍ തുടങ്ങിയ പഴയ കാലഘട്ടത്തിന്റെ കഥകള്‍ പറയുന്ന സിനിമകളിലും പുഴു, നന്‍പകല്‍ നേരത്ത് മയക്കം ഭീഷ്മപര്‍വ്വം തുടങ്ങിയ പുതിയകാല സിനിമകളിലും മമ്മൂട്ടി ചെയ്തുവച്ചതൊക്കെ ഭിന്ന സ്വഭാവമുള്ള നിരവധി ക്ലാസിക് കഥാപാത്രങ്ങളെയാണ്.
കുട്ടന്‍, മൈക്കിളപ്പന്‍, സുന്ദരവും ജെയിംസും, പിന്നെ ലൂക്ക് ആന്റണിയും, മമ്മൂട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ എടുത്തു നോക്കിയാല്‍ത്തന്നെ അദ്ദേഹത്തിന്റെ ഒരു ഗ്രാഫ് വ്യക്തമാണ്. ഓരോ സിനിമകള്‍ കഴിയുമ്പോഴും മമ്മൂട്ടി അയാളിലെ നടനെ പുതുക്കിക്കൊണ്ടേയിരിക്കുകയാണ്. ജാതിവെറിയുടെ ഏറ്റവും സൂക്ഷ്മമായ തലങ്ങളെ പുഴു എന്ന സിനിമ ചര്‍ച്ച ചെയ്തപ്പോള്‍ കുട്ടന്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഒരു മടിയും കൂടാതെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കഥാപാത്രങ്ങളും കഥയുമൊന്നുമല്ല സിനിമയാണ് മമ്മൂട്ടി എന്ന നടന്റെ സ്വപ്നവും ലക്ഷ്യമുമെന്ന് അദ്ദേഹം തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
തികച്ചും വിഭിന്നമായ രണ്ടുപ്രദേശങ്ങളില്‍ രണ്ടു സംസ്‌കാരങ്ങളില്‍ രണ്ട് ഭാഷകളില്‍ സംസാരിക്കുന്ന മനുഷ്യരുടെ മനോവികാരങ്ങളെ കൃത്യമായിട്ടാണ് മമ്മൂട്ടി നന്‍പകല്‍ നേരത്ത് എന്ന ലിജോ ചിത്രത്തില്‍ അവതരിപ്പിച്ചത്. സുന്ദരത്തിന്റെ മനോവികാരങ്ങളിലേക്ക് ജെയിംസ് എന്ന മലയാളിയില്‍ നിന്ന് മമ്മൂട്ടി പരകായ പ്രവേശം ചെയ്യുമ്പോള്‍ കഥാസന്ദര്‍ഭങ്ങള്‍ ജീവിതം പോലെയാണ് പ്രേക്ഷകന് അനുഭവപ്പെട്ടത്. സുന്ദരവും ജെയിംസും രണ്ടു മനുഷ്യരായി ഒരാളില്‍ തന്നെ അവതരിപ്പിക്കാന്‍ നിലവില്‍ മലയാള സിനിമയില്‍ മമ്മൂട്ടി എന്ന നടന് മാത്രമേ കഴിയൂ എന്നാണ് സിനിമാ നിരൂപകരും പ്രേക്ഷകരും വിലയിരുത്തുന്നത്.
കണ്ട് ശീലിച്ച സകല വ്യവസ്ഥിതികളെയും പൊളിച്ചെഴുതിക്കൊണ്ടാണ് പുതിയ മമ്മൂട്ടി അഭിനയം തുടരുന്നത്. ഭീഷ്മപര്‍വ്വത്തിലെ മാസ് മൈക്കിളപ്പനെയും, വില്ലന്‍ കുട്ടനെയും, ക്ലാസിക് ജെയിംസിനെയും, മിസ്റ്റീരിയസ് ലൂക്ക് ആന്റണിയെയും മമ്മൂട്ടി അവതരിപ്പിച്ചത് ഒരു വര്ഷത്തിനിടയിലാണ് എന്നുള്ളത് മമ്മൂട്ടിയുടെ അഭിനയ യൂണിവേഴ്‌സിറ്റികള്‍ മലയാള സിനിമ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നതിന്റെ തെളിവാണ്. കഥാപാത്രത്തില്‍ നിന്ന് പുറത്തിറങ്ങിവരാന്‍ കഴിയാത്ത വിധം അദ്ദേഹം സിനിമയില്‍ സഞ്ചരിക്കാറുണ്ടെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ വെളിപ്പെടുത്തുമ്പോള്‍ ഏത് കാലഘട്ടത്തിനും അനുയോജ്യമായ നടനായി അദ്ദേഹം മാറുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here