അലിഡ മരിയ ജിൽസൺ
അഭിനയ ജീവിതത്തിന്റെ നിരവധി നാഴികക്കല്ലുകൾ പൂർത്തിയാക്കിയ മമ്മൂട്ടി വീണ്ടുമൊരു പിറന്നാളിന്റെ നിറവിലാണ്. സിനിമ സ്വപ്നം കണ്ടുനടന്ന ഒരു ചെറുപ്പക്കാരൻ സിനിമയിലെത്തിയ കഥ എത്ര തവണ കേട്ടാലും വീണ്ടും നമ്മളിൽ കൗതുകമുണർത്താറുണ്ട്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സെക്കൻഡുകൾ മാത്രം അഭിനയിച്ച് തുടങ്ങിയ ആ ഇരുപതുകാരനിൽ നിന്ന് ഇപ്പോൾ നേടിയെടുത്ത സിംഹാസനം പണിതെടുക്കാൻ തന്റെ കഠിന പരിശ്രമം മാത്രമായിരുന്നു അയാൾക്ക് മുതൽക്കൂട്ട്. മലയാളത്തിന്റെ മഹാനടൻ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുമ്പോഴും, താനൊരു മികച്ച നടൻ ആയിട്ടില്ല, ഇപ്പോഴും തന്നിലെ നടനെ തേച്ചുമിനുക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണെന്ന് അയാൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങളിലും എടുത്തുപറയാൻ പാകത്തിന് പുതിയ എന്തെങ്കിലുമൊരു കാര്യം അയാളുടെ അഭിനയത്തിലുണ്ടാവും.
Also Read; അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്; ഡിസംബർ 16 മുതൽ 20 വരെ
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത്, സത്യൻ, നസീർ, ഷീല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവങ്ങൾ പാളിച്ചകൾ പുറത്തിറങ്ങിയിട്ടിപ്പോൾ അര നൂറ്റാണ്ട് പിന്നിട്ടു. അവിടെ നിന്ന് തുടങ്ങിയ മമ്മൂട്ടിയുടെ അഭിനയ യാത്രയിൽ എടുത്തുപറയേണ്ട കഥാപാത്രങ്ങൾ ഏറെയാണ്. എല്ലാക്കാലത്തും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ അയാളുടെ കഴിവ് എടുത്തുപറയേണ്ടത് തന്നെയാണ്. 1981 -ൽ പുറത്തിറങ്ങിയ ‘തൃഷ്ണ’യാണ് മമ്മൂട്ടി നായകനായെത്തിയ ആദ്യ സൂപ്പർഹിറ്റ് സിനിമ. ശരിക്കും അവിടെ മുതലായിരുന്നു അക്ഷരാർത്ഥത്തിൽ മമ്മൂട്ടിയുടെ യുഗം ആരംഭിച്ചത്.
നമുക്കറിയാം മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയ കുറച്ച് സിനിമകളുണ്ട്, മലയാള സിനിമയിലെ തന്നെ പകരം വെക്കാനാവാത്ത ചിത്രങ്ങൾ. അതിൽ ആദ്യം തന്നെ പറയാനുള്ളത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987 -ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹിയാണ്. മമ്മൂട്ടിയുടെ കരിയർ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രം. ഒപ്പം മലയാള സിനിമ ഇൻഡസ്ട്രിയുടെ മുഖഛായ മാറ്റിമറിച്ച ചിത്രവും. മലയാള സിനിമയെന്നാൽ ബി ഗ്രേഡ് സിനിമകൾ മാത്രമാണെന്ന് അന്യഭാഷാ ഇൻഡസ്ട്രികൾ വിശ്വസിച്ചിരുന്ന കാലത്തായിരുന്നു ന്യൂ ഡൽഹിയുടെ വരവ്. 1986 -ൽ നേരിട്ട കടുത്ത പരാജയങ്ങളെയാകെ പിന്തള്ളാൻ ഈ ഒരൊറ്റ സിനിമയിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞു. ന്യൂ ഡൽഹി മലയാളക്കരയിൽ തരംഗമായി, ഒപ്പം പാൻ ഇന്ത്യൻ ലെവലിലും ശ്രദ്ധ നേടി ചിത്രത്തിന്റെ തകർപ്പൻ വിജയത്തോടെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്കും ചെയ്യപ്പെട്ടു.
ചുരുക്കിപ്പറഞ്ഞാൽ മഹാനടനിലേക്കുള്ള യാത്രയുടെ തുടക്കം ഇവിടെ നിന്നായിരുന്നുവെന്ന് പറയാം. പിന്നാലെ തന്നെ മമ്മൂട്ടിയുടെ നായർ സാബ്, സേതുരാമയ്യർ സിബിഐ ആയി എത്തിയ ഒരു സിബിഐ ഡയറിക്കുറിപ്പ്, പിന്നീട് തുടർച്ചയായ നാല് തവണ ചുരുളഴിയാത്ത കൊലപാതകങ്ങൾ തെളിയിക്കാൻ സേതുരാമയ്യരെത്തി. തന്റെ തിളക്കത്തിന് മാറ്റ് കൂട്ടിയ കഥാപാത്രമായിരുന്നു അയ്യരായെത്തിയ സിനിമ സീരീസിലുള്ളത്. തന്റെ സിംഹാസനത്തിൽ അയാൾ ഇരിപ്പുറപ്പിച്ചത് 1989 -ൽ ഇറങ്ങിയ വടക്കൻ വീരഗാഥയിലൂടെയാണ്. മമ്മൂട്ടിക്ക് ആദ്യമായി ദേശീയ പുരസ്കാരം നേടികൊടുത്ത സിനിമ. ഇന്ത്യൻ വെള്ളിത്തിരയിൽ ഇറങ്ങിയതിൽ തന്നെ മികച്ച സിനിമകളിലൊന്ന്.
1992 -ൽ ഒരോണക്കാലത്ത് പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് മലയാള സിനിമയിൽ തന്നെ അന്നുവരെ നേടിയ കളക്ഷനുകളെ മറികടക്കുന്നതായിരുന്നു. 1992 -ൽ പുറത്തിറങ്ങിയ സൂര്യമാനസം മമ്മൂട്ടി എന്ന നടനിൽ നിന്നുണ്ടായ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. അന്നേവരെ ആരും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായി, ഉറുമീസ്സായി പ്രേക്ഷകരുടെ മനസ് കീഴടക്കി. മമ്മൂട്ടിയിലെ കഥാപാത്രം കരഞ്ഞാൽ പ്രേക്ഷകരും ഒപ്പം കരയുമെന്ന പ്രതീതി ആ സിനിമയോടെ നേടിയെടുക്കാൻ ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് മമ്മൂട്ടിക്ക് കഴിഞ്ഞു.
പിന്നീടങ്ങോട്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരു നടനായി മമ്മൂട്ടിയുടെ പരിണാമം നമ്മളോരോരുത്തരും നേരിൽ കാണുകയായിരുന്നു, 1994 -ലെ പൊന്തൻമാട, 2004 -ൽ പുറത്തിറങ്ങിയ കാഴ്ച, 2007 -ൽ മലയാളത്തിന്റെ തന്നെ ബിഗ് ബ്രദറായി എത്തിയ ബിഗ് ബി, 2014 -ൽ പുറത്തിറങ്ങിയ മുന്നറിയിപ്പ്, 2022 -ലെ നൻപകൽ നേരത്ത് മയക്കം, 2024 -ലെ ഭ്രമയുഗം അങ്ങനെ നീളുന്നു എടുത്തുപറയേണ്ട ചിത്രങ്ങൾ….
Also Read; സ്‌റ്റൈലിഷ് പിങ്ക്…ആരാധകരുടെ മനംകവര്‍ന്ന് മഞ്ജു വാര്യര്‍!
ഇക്കാലയളവിൽ മമ്മൂട്ടിയെ തേടിയെത്തിയ പുരസ്‌കാരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. മതിലുകൾ, വടക്കൻ വീരഗാഥ, പൊന്തൻ മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്‌കർ എന്നീ സിനിമകൾക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. അടിയൊഴുക്ക്, അഹിംസ, യാത്ര, നിറക്കൂട്ട്, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, വിധേയൻ, പൊന്തൻ മാട, വാത്സല്യം, കാഴ്ച, പാലേരി മാണിക്യം – ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, നൻപകൽ നേരത്ത് മയക്കം, കാതൽ – ദ കോർ എന്നീ സിനിമകൾക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. കൂടാതെ 1998 -ൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ പദ്മ ശ്രീ അവാർഡ്, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 2010 -ൽ ഹോണറേറി ഡോക്ടർ ഓഫ് ലെറ്റേഴ്സ് അവാർഡ്, 2022 -ൽ ഗവണ്മെന്റ് ഓഫ് കേരളയുടെ കേരള പദ്മ അവാർഡ് എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചു.
എന്നാൽ ഇക്കണ്ട പുരസ്കാരങ്ങളിലും, ആദരവുകളിലും ഒരിക്കലും ഭ്രമപ്പെട്ടിട്ടുള്ള ഒരു വ്യക്തിയല്ല മമ്മൂട്ടി. സിനിമ മാത്രമായിരുന്നു അയാൾക്കെപ്പോഴും കമ്പം. പുതിയുടെ കഥകളും, കഥാപാത്രങ്ങളും ആർത്തിയോടെ തേടിക്കൊണ്ടുള്ള യാത്രയിലാണ് ഇപ്പോഴും അയാൾ. അതുകൊണ്ടുതന്നെയാണ് നവാഗത സംവിധായകർക്ക് മമ്മൂട്ടിയെന്ന നടൻ ഇത്രയും പ്രിയപ്പെട്ടവനാകുന്നത്. ഇനിയും ഒരുപാട് വർഷങ്ങൾ, വേറിട്ട വഴികളിലൂടെയുള്ള പുതിയ കഥാപാത്രങ്ങൾക്ക് ഞങ്ങൾ കാത്തിരിക്കുന്നു… മഹാനടന് പിറന്നാളാശംസകൾ….
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here