പാണപറമ്പില്‍ ഇസ്മായില്‍കുട്ടിയുടെ ഭാര്യയായി പാണ്ഡ്യാമ്പറമ്പില്‍ ഫാത്തിമ എത്തിയതിന് കൗതുകമുള്ളൊരു പശ്ചാത്തലമുണ്ട്. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടി തന്റെ യൂ ട്യൂബ് ചാനലില്‍ ഈ വിവരങ്ങള്‍ രസകരമായി പങ്കുവയ്ക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് യൂ ട്യൂബില്‍ അപ്പ് ചെയ്ത വീഡിയോയിലാണ് ഇബ്രാഹിംകുട്ടി ഉമ്മയുടെ ബാപ്പയുടെയും വിവാഹത്തിന്റെ കഥകള്‍ പങ്കുവയ്ക്കുന്നത്.
ചെമ്പിലെ ധനാഢ്യനായിരുന്നു പാണപറമ്പില്‍ മുഹമ്മദ് കുട്ടി മേത്തര്‍. മുഹമ്മദ്കുട്ടി മേത്തരുടെയും ആമിനുമ്മയുടെയും സീമന്തപുത്രനായിരുന്നു ഇച്ചാലുവെന്ന് വിളിക്കുന്ന ഇസ്മായില്‍കുട്ടി. കൃഷിയും അരിയുടെ മൊത്തക്കച്ചവടവും ജൗളിക്കടയും പുകയിലയുടെ മൊത്തവ്യാപരവും കയറ് വാങ്ങി കൊച്ചിയിലേയ്ക്ക് കയറ്റി അയക്കുന്ന കച്ചവടവുമൊക്കെ ഉണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്കുട്ടി മേത്തര്‍.
പ്രായാധിക്യം മൂലം മുഹമ്മദ്കുട്ടി മേത്തര്‍ മൂത്ത മകനായ ഇസ്മായിലിന് കുടുംബത്തിന്റെ ചുമതലയും കച്ചവടത്തിന്റെ മേല്‍നോട്ടവും ഏല്‍പ്പിച്ചു നല്‍കി. ഇതിന് ശേഷമാണ് മുഹമ്മദ്കുട്ടിയും ഭാര്യ ആമിനയും ഇസ്മായിലിന്റെ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. ഈ ആലോചന എത്തി നിന്നത് വേമ്പനാട്ട് കായല്‍ കടന്ന്, ചേര്‍ത്തല താലൂക്കിലെ ചന്തിരൂരിലെ പാണ്ഡ്യാമ്പറമ്പില്‍ വീട്ടിലായിരുന്നു. പാണ്ഡ്യാമ്പറമ്പില്‍ അഹമ്മദിന്റെ സീമന്തപുത്രി ഫാത്തിമയായിരുന്നു അവര്‍ കണ്ടെത്തിയ പെണ്‍കുട്ടി. ഇസ്മായില്‍കുട്ടി പാണ്ഡ്യാമ്പറമ്പിലെത്തി ഫാത്തിമയെ കണ്ടു, ഇഷ്ടമായി. ഇതിന് ശേഷം ഇസ്മായിലിന്റെ ഉമ്മ ആമിനുമ്മ ഭാവി മരുമകളെ കാണാന്‍ വള്ളം പിടിച്ച് പാണ്ഡ്യാമ്പറമ്പില്‍ എത്തിയ കഥയും രസകരമായി ഇബ്രാഹിംകുട്ടി വിവരിക്കുന്നുണ്ട്.
ആഘോഷപൂര്‍വ്വമായിരുന്നു ഇസ്മായില്‍കുട്ടിയുടെയും ഫാത്തിമയുടെയും വിവാഹം. അന്നൊക്കെ ഓലമെടഞ്ഞ പന്തലായിരുന്നു വിവാഹത്തിന് വേണ്ടി തയ്യാറാക്കുക. എന്നാല്‍ ഇസ്മായിലിന്റെയും ഫാത്തിമയുടെയും വിവാഹത്തിന് പാണപറമ്പില്‍ 25ഓളം ആശാരിമാരെ നിര്‍ത്തി കൂട്ടുകേറ്റി, വീടുപണിയുന്നത് പോലെയാണ് പന്തലൊരുക്കിയത്. വീടിന്റെ പടിപ്പുരയുടെ തെക്കേ മുറിയില്‍ തയ്യല്‍ക്കാരന്‍ കോശുകാക്കയും സഹപ്രവര്‍ത്തകരും മണവാട്ടിക്കും പാണപറമ്പിലുള്ള എല്ലാവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തയ്‌ച്ചൊരുക്കി. മൂത്തതട്ടാനും സഹായികളും കൂടി പാണപറമ്പില്‍ വീട്ടിലെത്തി തങ്കമുരുക്കിയാണ് മണവാട്ടിക്കുള്ള വിവാഹ ആഭരണങ്ങളെല്ലാം ഒരുക്കിയത്.
കല്യാണ ദിവസം ചെമ്പില്‍ നിന്നും അലങ്കരിച്ച കെട്ടുവഞ്ചിയിലായിരുന്നു മണവാളനായ ഇസ്മായില്‍കുട്ടിയുടെ യാത്ര. ചന്തിരൂര്‍ പാലം വരെ വഞ്ചിയില്‍, അവിടെ നിന്നും ബാന്റ് മേളത്തിന്റെയും അര്‍ബന മുട്ടിന്റെയും അകമ്പടിയോടെയാണ് മണവാളന്‍ പാണ്ഡ്യാമ്പറമ്പില്‍ വീട്ടിലെത്തുന്നത്. തുര്‍ക്കി തൊപ്പിയെല്ലാം ധരിച്ചാണ് ആറടി രണ്ടിഞ്ചുകാരനായ ഇസ്മായില്‍കുട്ടി മണവാട്ടിയുടെ നാട്ടിലെത്തിയത്. അന്നു മുതല്‍ മരണം വരെ ചന്തിരൂരുകാര്‍ക്ക് ചെമ്പിലെ പുതിയാപ്ലയായിരുന്നു ഇസ്മായില്‍കുട്ടി. വിവാഹശേഷം ഫാത്തിമ പാണപറമ്പിലേക്ക് മടങ്ങിയത് മണവാളന്‍ വന്ന വഞ്ചിയില്‍ തന്നെയായിരുന്നു മണവാട്ടിയായ ഫാത്തിമ പാണപറമ്പില്‍ എത്തിയത്.
വിവാഹശേഷം അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫാത്തിമ പ്രസവിക്കുന്നത്. പാണപറമ്പില്‍ തറവാട് ആകാംക്ഷയോടെ കാത്തിരുന്ന ആ ആണ്‍കുട്ടിയാണ് മുഹമ്മദ്കുട്ടിയെന്ന മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി.
ഇബ്രാഹിംകുട്ടിയുടെ വീഡിയോ കാണാം: https://youtu.be/D8A-kMq2z3Y
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here