കോഴിക്കോടന്‍ ഭാഷയ്ക്ക് ഇത്രമേല്‍ സൗന്ദര്യമുണ്ടെന്ന് ലോകത്തെ അറിയിച്ച ഒരു കലാകാരനുണ്ടാകില്ല. അത്രമനോഹരമായാണ് മാമുക്കോയ തന്റെ കഥാപാത്രങ്ങളിലൂടെ കോഴിക്കോടന്‍ ഭാഷയെ വരച്ചുകാട്ടുന്നത്. ഓരോ കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ മാമുക്കോയ മറന്നിരുന്നില്ല. അത് പ്രേക്ഷകരും നിറമനസോടെ ഏറ്റെടുത്തു.
ഹാസ്യകഥാപാത്രങ്ങളിലൂടെയായിരുന്നു മലയാളി പ്രേക്ഷകരുടെ മനസില്‍ മാമുക്കോയ ഇടം പിടിച്ചത്. നാടകരംഗത്തിലൂടെ സിനിമയിലേക്കെത്തിയ മാമുക്കോയയ്ക്ക് അഭിനയം ഒരു പുത്തരിയായിരുന്നില്ല. അഭിനയത്തിനൊപ്പം സംഭാഷണ ശൈലിയുടെ പ്രത്യേകതയും കൂടി ചേര്‍ന്നതോടെ സിനിമയില്‍ പുതിയൊരു ശൈലിക്ക് തന്നെ മാമുക്കോയ തുടക്കമിട്ടു. കുതിരവട്ടം പപ്പുവിലൂടെ കോഴിക്കോടന്‍ ശൈലി പരിചയമുണ്ടായിരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ അതില്‍ നിന്ന് വ്യത്യസ്തമായി മുസ്ലീം സംഭാഷണ ശൈലിയായിരുന്നു മാമുക്കോയ അവതരിപ്പിച്ചത്.
മാമുക്കോയ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ അധികവും മുസ്ലീം ടച്ചുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ഭാഷാ ശൈലികൊണ്ട് ആ കഥാപാത്രങ്ങള്‍ക്കെല്ലാം ‘സിംപിളായി’ ജീവന്‍ നല്‍കാന്‍ മാമുക്കോയക്കായി. അത് പ്രേക്ഷകര്‍ ആവേശത്തോടെ തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പള്ളിക്കണ്ടി എന്ന കൊച്ചുഗ്രാമത്തെ കേരളമറിഞ്ഞത് മാമുക്കോയയിലൂടെയായിരുന്നു. അത് ഇനിയും അങ്ങനെ തന്നെയാണ്. ഗഫൂര്‍ക്കയേയും ഹംസയേയും ഉമ്മുക്കോയയേയും കലാമണ്ഡലം ഹൈദ്രോസിനേയുമെല്ലാം പ്രേക്ഷകര്‍ എങ്ങനെ മറക്കാനാണ്. മാമുക്കോയ വിടപറഞ്ഞാലും അദ്ദേഹത്തിന്റെ സംസാര ശൈലിയും മനസ് നിറഞ്ഞുള്ള ചിരിയുമെല്ലാം പ്രേക്ഷരുടെ മനസില്‍ ജീവിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here