നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ മലയാള സിനിമയുടെ സ്‌ക്രീനിൽ നിറഞ്ഞു നിന്നിരുന്നു . പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കോയയുടെ സംഭാവനകളായിരുന്നു.
തമാശവേഷങ്ങൾക്കിടെ തേടി വന്ന ചില വേഷങ്ങൾ മാമുക്കോയയിലെ സ്വാഭാവിക നടനെ പുറത്ത് കൊണ്ട് വന്നു. പെരുമഴക്കാലത്തെ അബ്ദു അതിലൊന്നായിരുന്നു. ഒടുവിൽ ചെയ്ത കുരുതിയിലെ മൂസാക്ക ആ നടനിലെ തീപ്പൊരി അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. 250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യൻ. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here