‘ഇവിടെ ജീവിക്കാനുള്ള അവകാശം ഒരുത്തന്റേയും കുത്തകയല്ല’; മാമുക്കോയയുടെ വാക്കുകള്‍ വീണ്ടും പങ്കുവച്ച് സോഷ്യല്‍ മീഡിയ

നടനെന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍കൊണ്ടും ശ്രദ്ധേയനായിരുന്നു മാമുക്കോയ. നിരവധി വിഷയങ്ങളില്‍ മാമുക്കോയ സ്വീകരിച്ച ഉറച്ചനിലപാടുകള്‍ ശ്രദ്ധേയമാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമയത്ത് വിവിധ സമരപരിപാടികളില്‍ പങ്കെടുത്ത് തന്റെ ശക്തമായ നിലപാട് സധൈര്യം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നൊരു അവസ്ഥ വരുമ്പോള്‍ ജീവന്‍ കൊടുത്തും പ്രതിഷേധിക്കും എന്നാണ് അദ്ദേഹം ഒരു വേദിയില്‍ പറഞ്ഞത്.

പൗരത്വ നിയമത്തിനെതിരെ 2019 ല്‍ കോഴിക്കോട് വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെയെല്ലാം നിറസാന്നിധ്യമായിരുന്നു മാമുക്കോയ. അന്ന് ഒരു വേദിയില്‍ മാമുക്കോയ തുറന്നടിച്ചതിങ്ങനെ, ‘ഈ രാജ്യത്ത് ഞാന്‍ ജനിച്ച് 74 കൊല്ലം ജീവിച്ചതിനിടയ്ക്ക് ഏറ്റവും കൂടുതല്‍, 90 ശതമാനവും ഹിന്ദു സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ഞങ്ങളൊരു കുടുംബം പോലെ ജീവിച്ചതാ. ഇതിന് കത്തിവയ്ക്കരുത്. ഞങ്ങളെ നാട്ടില്‍ ഞാനും കല്‍പ്പറ്റ നാരായണനും കുമാരനും ഒന്നിച്ചുജീവിച്ചിച്ച സൗഹൃദത്തിനും ബന്ധത്തിനുമൊക്കെ കോടാലി വെക്കുക എന്ന് പറഞ്ഞാല്‍ നിങ്ങടെ ഫാസിസത്തിനൊരു വിലയുമില്ലെന്ന് മനസിലാക്കണം’ എന്നായിരുന്നു മാമുക്കോയ പറഞ്ഞത്.

‘എന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നൊരു അവസ്ഥ വരുമ്പോള്‍ ഞാനെങ്ങനെയാണ് പ്രതിഷേധിക്കുകയെന്ന് പറയാനാവില്ല. അത് ചെലപ്പോള്‍ ജീവന്‍ കൊടുത്തുകൊണ്ടായിരിക്കും. കാരണം, അതെന്റെ നിലനില്‍പ്പിന് വേണ്ടി മാത്രമല്ല, എന്റെ കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കുമൊക്കെ വേണ്ടി ഞാന്‍ പട പൊരുതും. എല്ലാവരും ഇതിനു വേണ്ടി ശബ്ദിക്കണം’, മാമുക്കോയയുടെ ഈ വാക്കുകളും കോഴിക്കോട് ഏറ്റെടുത്തു.

‘ഇനിയെന്ത് പേടിക്കാന്‍, തല പോകാന്‍ നിക്കുമ്പോഴാണോ ചെറിയ വിരലിന്റേയും കൈയിന്റേയുമൊക്കെ കണക്ക് നോക്കുന്നത്. പ്രതികരിക്കണം. അങ്ങേയറ്റം പ്രതികരിക്കണം. കാരണം എന്റെ നിലനില്‍പ്പിനാ. വേറൊന്നിനും വേണ്ടിയല്ല. ഞാന്‍ ജനിച്ചുവീണ ഈ രാജ്യത്ത്, വളര്‍ന്നു മരിച്ചുപോവേണ്ട ഈ പ്രദേശത്ത് എനിക്ക് ജീവിക്കണം. അതിന്റെയവകാശം ഒരുത്തന്റേയും കുത്തകയല്ല’

‘ഈ അവസ്ഥയില്‍ ജീവിച്ചുമരിച്ചുപോവുക എന്നല്ലാതെ, അതെന്തിന് നിങ്ങളിവിടെ ജീവിക്കുന്നു എന്നൊക്കെ ചോദിച്ചാല്‍, അത് ചോദിക്കുമ്പോള്‍ പറയാം. അല്ലാത ഇതിന് രേഖ തയാറാക്കി കാണിക്കാന്‍ പറഞ്ഞാല്‍ എവിടെ പോയിട്ട് ആരോട് എന്ത് രേഖ?. എന്തിന് രേഖ? രേഖയൊന്നുമല്ല ആവശ്യം. അപ്പോ രേഖയൊന്നും ഉണ്ടാക്കണ്ട, നിങ്ങള് വിചാരിച്ച എന്താച്ചാ ചെയ്തോ, ഇങ്ങ്ട് വാ… ഇത്രയേ പറയാനുള്ളൂ’, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സംഗമങ്ങളില്‍ ഇങ്ങനെ പോകുന്നു മാമുക്കോയയുടെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News