നിരവധി ആൾമാറാട്ട തട്ടിപ്പുകൾ നടത്തി അറസ്റ്റിലായ മൃണാങ്ക് സിങിന്റെ ജീവിതകഥ ഏവരെയും ഞെട്ടിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ നിന്നു ഹോങ്കോങ്ങിലേക്കു പോകാൻ എത്തിയപ്പോൾ എയർപോർട്ടിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസ് കണ്ട് പൊലീസിനെ വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐപിഎൽ ക്രിക്കറ്റ് താരമായും ,കർണാടക എഡിജിപിയായും, അഡിഡാസിന്റെ ബ്രാൻഡ് അംബാസിഡറായുമൊക്കെ വേഷമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത് .
ALSO READ: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് അക്രമ സമരം; ഒരാൾ കൂടി അറസ്റ്റിൽ
ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ പറ്റിച്ച് 1.63 കോടി രൂപ തട്ടിയെടുത്തതും ഇതേ മൃണാങ്ക് ആണ് . 42,000 ഫോളോവർമാരുള്ള വെരിഫൈഡ് ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോ കണ്ടാൽ ഒരു സെലിബ്രിറ്റി ആണ് മൃണാങ്ക് സിങ്. 2022ൽ മുംബൈയിൽ ഒരു വ്യാപാരിയെ കബളിപ്പിച്ച കേസിൽ പിടിയിലായപ്പോഴാണ് റിഷഭ് പന്തിനെ പറ്റിച്ചു പണം തട്ടിയ കാര്യം ഇയാൾ വെളിപ്പെടുത്തിയത്. 2021ൽ ഒരു സോണൽ ക്രിക്കറ്റ് അക്കാദമിയിൽ വച്ചാണ് റിഷഭിനെ പരിചയപ്പെടുന്നത്. വർത്തമാനം പറഞ്ഞു വീഴ്ത്തുന്നതിൽ വിരുതനായ മൃണാങ്ക് ക്രിക്കറ്റ് താരത്തിന് ആഡംബര വാച്ചുകളോടുള്ള പ്രിയം മനസ്സിലാക്കിയെടുത്തു.പിന്നെ വില കൂടിയ വാച്ചുകൾ കുറഞ്ഞ നിരക്കിൽ ഒപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞാണ് പല തവണകളായി പണം വാങ്ങിയത്. കൂടുതൽ വിലയ്ക്കു വിറ്റു നൽകാമെന്ന് പറഞ്ഞു പന്തിന്റ കൈവശമുണ്ടായിരുന്ന കുറേയേറെ ആഭരണങ്ങളും തട്ടിയെടുത്തു. പകരം മൃണാങ്ക് നൽകിയ ചെക്കുകൾ മടങ്ങിയപ്പോഴാണ് ബാങ്കിലെത്തി കബളിക്കപെട്ട കാര്യം പന്ത് മനസിലാക്കിയത്. എന്നാൽ റിഷഭ് പന്ത് കേസിനു പോയില്ല. കൂടാതെ മുബൈയിലെ വ്യാപാരിയെ കബളിപ്പിച്ച കേസിൽ മൃണാങ്ക് ജാമ്യമെടുക്കുകയും ചെയ്തു.
മൃണാങ്കിന്റെ പേരിൽ ലക്ഷങ്ങൾ കബളിപ്പിച്ച 4 കേസുകളാണുള്ളത്. 2022 ൽ മുംബൈ ഇന്ത്യൻസ് ടീമിലെ താരമാണെന്ന് പറഞ്ഞ് മൃണാങ്ക് താജ് പാലസിൽ മുറിയെടുക്കുന്നത്. 29 വരെ ഇവിടെ താമസിച്ചിട്ട് ബിൽ തുകയായ 5, 53,362 രൂപ കൊടുക്കാതെ മുങ്ങി.പണം ചോദിച്ചപ്പോൾ തന്റെ മുറിയുടെ വാടക അഡിഡാസ് കമ്പനി നൽകുമെന്നു പറഞ്ഞു. 2 ലക്ഷം രൂപ മുൻകൂർ അടച്ചതായും ഇയാൾ ഹോട്ടൽ ജീവനക്കാരോടു പറഞ്ഞ് മുങ്ങുകയായിരുന്നു.
തന്റെ അച്ഛൻ അശോക് കുമാർ രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു എന്നും ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടുണ്ടെന്നും മൃണാങ്ക് പറഞ്ഞു. എന്നാൽ എല്ലാം തട്ടിപ്പാണെന്ന് പൊലീസിനു പിടികിട്ടി. ഇയാളുടെ വീട്ടിൽ എത്തിയ പൊലീസുകാരോട് മൃണാങ്കുമായി തന്റെ കുടുംബത്തിന് ഒരു ബന്ധവുമില്ലെന്നും കുടുംബത്തിലെ രേഖകളിൽ നിന്നു പോലും ഇയാളുടെ പേര് നീക്കം ചെയ്തെന്നുമാണ് പറഞ്ഞു.
മൊബൈൽ ഫോൺ ഓഫ് ചെയത് സോഷ്യൽ മീഡിയ ചാറ്റിലൂടെയും ഇന്റർനെറ്റ് കോൾ സംവിധാനമുള്ള ആപ്പുകളിലൂടെയും ബന്ധപെട്ടു. ഇയാൾ ദുബായിലേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജാമ്യമമില്ലാ വാറന്റിറക്കുകയായിരുന്നു.
ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ് മൃണാങ്ക്. ആഡംബര ജീവിതത്തിനും ആഡംബര ഹോട്ടലുകളിലെ താമസത്തിനുമാണ് തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ചെലവഴിക്കുന്നത്.വില കൂടിയ വസ്ത്രങ്ങളും സൺഗ്ലാസും ഗാഡ്ജറ്റുകളും മാത്രമെ ഉപയോഗിക്കൂ. മോഡലുകളായ പെൺ സുഹൃത്തുക്കളുമൊത്ത് വിദേശത്ത് പോയതിന്റെ ചിത്രങ്ങളും പൊലീസ് ഇയാളുടെ ഫോണിൽ നിന്നു കണ്ടെത്തി. കൂടുതലാളുകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നു വരും ദിവസങ്ങളിൽ വ്യക്തമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here