ക്ഷേത്രനിർമാണത്തിന് എത്തിയ തമി‍ഴ്നാട് സ്വദേശി കൊല്ലപ്പെട്ടു: കോട്ടയം സ്വദേശി അറസ്റ്റില്‍

ചവറ: കൊല്ലം നീണ്ടകര പുത്തൻതുറയിൽ ക്ഷേത്രനിർമാണത്തിന് എത്തിയ തമിഴ്നാട്ടുകാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെയാണ് സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തമിഴ്നാട് മധുര ഇല്യാസ് നഗർ, ബോഡി ഡെയ്ൽ ബാലാജി അപ്പാർട്മെന്റിൽ മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ താഴത്തുപറമ്പിൽ ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി.

നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ വെള്ളിയാ‍ഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്ര നിർമാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതായി പറയുന്നു. ഇതിനുശേഷം പുലർച്ചെ ഒന്നരയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തല കമ്പിവടി കൊണ്ട് ബിജു തല്ലിത്തകർക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾത്തന്നെ പുലർച്ചെ 2 മണിയോടെ 108ൽ വിളിച്ച് ആംബുലൻസ് വരുത്തി.

ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചവറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പൊലീസ് കാവലിൽ സംഭവ സ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫൊറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration