ബുർഖ ധരിച്ച് വനിതാ ചെസ് ടൂർണമെന്റിൽ പങ്കെടുത്ത പുരുഷതാരം പിടിയിൽ. ഇരുപത്തിയഞ്ച് വയസ്സുള്ള സ്റ്റാൻലി ഓമോണ്ടി എന്ന ചെസ് താരമാണ് ആൾമാറാട്ടത്തിന് പിടിയിലായത്.
കെനിയയിലാണ് സംഭവം. വനിതകൾ മാത്രമുള്ള ടൂർണ്ണമെന്റിലാണ് ഓമോണ്ടി ബുർഖ ധരിച്ച്, മിലീസെന്റ് ആവൂർ എന്ന പേരിൽ ആൾമാറാട്ടം നടത്തി എത്തിയത്. ശരീരം പൂർണമായും മറച്ചുകൊണ്ട് ആർക്കും മനസിലാകാത്ത രീതിയിലായിരുന്നു ഓമോണ്ടിയുടെ നിൽപ്പും ഭാവവും. ഒത്തിരി മത്സരങ്ങൾ കളിച്ച ഇയാൾ പുഷ്പം പോലെ എല്ലാറ്റിലും ജയിച്ചുകേറുകയും ചെയ്തു. എന്നാൽ ഇതുവരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഒരാൾ ഇത്തരത്തിൽ ജയിച്ചുകേറുന്നതും, മത്സരാർത്ഥി ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നുള്ളതും അധികൃതരിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓമോണ്ടി പിടിക്കപ്പെട്ടത്.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് താൻ മത്സരത്തിൽ പങ്കെടുത്തത് എന്നും എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നുമാണ് ഓമോണ്ടിയുടെ ഭാഗം. ഓമോണ്ടിയുടെ നടപടി ഗുരുതരമാണെന്ന് വിലയിരുത്തിയ ചെസ് കെനിയ പ്രസിഡന്റ് ബെർണാഡ് വാഞ്ജല താരത്തിനെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ലെന്നും എന്നാൽ നിശ്ചിതകാലത്തേക്ക് വിലക്കുണ്ടാകുമെന്നും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here