ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം. ഇസ്താൻബുളിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.
ALSO READ: പുനർജനി വിദേശ പിരിവ് കേസ് ഹൈക്കോടതി തള്ളിയതെന്ന സതീശന്റെ വാദം തെറ്റ്
വാശിയേറിയ മത്സരമായിരുന്നു ഫൈനലിലേത്. ഇരുടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പതിവ് മത്സരരീതിക്ക് വിപരീതമായി സിറ്റി ബോൾ പൊസഷൻ നിലനിർത്തിക്കളിക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. സിറ്റി മുൻനിര താരം ഏർലിങ് ഹാലൻഡ് എന്ന ഭീഷണിയെ മുന്നിൽകണ്ട് ഇന്റർ മിലാനും മികച്ച പ്രതിരോധം കാഴ്ചവെച്ചു. എന്നാൽ ഇവയെയെല്ലാം ഭേദിച്ച് സിറ്റിയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ റോഡ്രി അറുപത്തിയെട്ടാം മിനുട്ടിൽ സിറ്റിക്ക് വേണ്ടി വല കുലുക്കി.
ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സിറ്റിയേക്കാൾ കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചത് ഇന്റർ മിലാൻ ആയിരുന്നെങ്കിലും അവർക്ക് ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇന്റർ മിലൻ ഫോർവേഡ് താരം ലുക്കാക്കുവിന്റെതടക്കമുള്ള നിരവധി ഷോട്ടുകൾ സിറ്റിയുടെ വിശ്വസ്തൻ എഡേഴ്സൻ തടുത്തിട്ടു. മത്സരത്തിൽ എഡേഴ്സണും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സിറ്റി മറ്റൊരു നേട്ടം കൂടി ഇതോടെ കരസ്ഥമാക്കി. ഈ സീസണിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ്.എ കപ്പ് ചാമ്പ്യന്മാരും മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ഇതോടെ ഒരു സീസണിലെ എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും സിറ്റിയുടെ പേരിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here