ലോട്ടറി ടിക്കറ്റെടുത്ത ശേഷം അതിന് സമ്മാനം വല്ലതും കിട്ടിയിട്ടുണ്ടോ എന്ന് തിരിഞ്ഞുപോലും നോക്കാത്തവരാണ് പലരും. അത്തരത്തില്‍ മൈൻഡ് പോലും ചെയ്യാതിരുന്ന ഒരു ടിക്കറ്റിന് 42 ലക്ഷം രൂപ അടിക്കുന്ന അവസ്ഥയാണെങ്കിലോ? അമേരിക്കയിലെ മെറിലാന്‍ഡിലാണ് കൗതുകകരമായ സംഭവമുണ്ടായത്. സ്ഥിരമായി പവര്‍ബോള്‍ ലോട്ടറിയെടുക്കുകയെന്ന ഹോബിയുള്ള ആളാണ് ഇവിടുത്തെ ഹീറോ. പക്ഷേ എടുത്ത ലോട്ടറി ടിക്കറ്റുകളൊന്നും തിരിഞ്ഞുനോക്കുന്ന സ്വഭാവം കക്ഷിക്കില്ല. പകരം കാറിനുള്ളിൽ സൂക്ഷിച്ച് വെക്കും.
ഇത്തവണയും അത് തന്നെ സംഭവിച്ചു. ആഴ്ചകൾക്ക് ശേഷം ഒരുദിവസം തന്റെ സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോഴാണ് കഥയിലെ ട്വിസ്റ്റ് സംഭവിക്കുന്നത്. കാറില്‍ കിടക്കുന്ന പവര്‍ബോള്‍ ലോട്ടറി ടിക്കറ്റിന്റെ കെട്ട് കണ്ടപ്പോള്‍ കൗതുകം തോന്നിയ സുഹൃത്ത് അവസാനമെടുത്ത ടിക്കറ്റ് തന്റെ ഫോണിലെ ആപ്പില്‍ പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഇവർ തിരിച്ചറിഞ്ഞത്. 42 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ (50,000 യു.എസ്. ഡോളര്‍) സമ്മാനം ആ ടിക്കറ്റിനുണ്ടായിരുന്നു.
ഇത് വിശ്വസിക്കാന്‍ കഴിയാതിരുന്ന കാറുടമ വാഹനം നിർത്തുകയും, ടിക്കറ്റ് വാങ്ങി സ്വയം ഒരുതവണ കൂടെ പരിശോധിക്കുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് ഓടിപ്പോയി വിജയിച്ച നമ്പറുകള്‍ പരിശോധിച്ചു. ഒടുവില്‍ തന്റെ ടിക്കറ്റ് നമ്പര്‍ ആ പട്ടികയില്‍ കണ്ടെത്തിയതോടെയാണ് നോട്ടിങ്ഹാം സ്വദേശിയായ വ്യക്തി തനിക്ക് ലോട്ടറിയടിച്ചെന്ന് വിശ്വസിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here