‘വെറും പതിനഞ്ച് മിനിറ്റ്’; എടിഎം കവര്‍ച്ചയ്ക്ക് ക്രാഷ് കോഴ്‌സ് നടത്തിയ സംഘം പിടിയില്‍

എടിഎം കവര്‍ച്ച നടത്താന്‍ പരിശീലനം നടത്തിയ സംഘം അറസ്റ്റില്‍. ബിഹാറിലാണ് സംഭവം. പതിനഞ്ച് മിനിറ്റുകൊണ്ട് എടിഎം കൊള്ളയടിക്കാനാണ് സംഘം പഠിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന എടിഎം കവര്‍ച്ചയില്‍ നടത്തിയ അന്വേഷണമാണ് പൊലീസിനെ ബിഹാറില്‍ എത്തിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു ലഖ്‌നൗവില്‍ എടിഎം കവര്‍ച്ച നടന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ 39.58 കോടി രൂപയാണ് എടിഎമ്മില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. വിശദമായ അന്വേഷണത്തില്‍ നീരജ് മിശ്ര, രാജ് തിവാരി, പങ്കജ് കുമാര്‍ പാണ്ഡെ, കുമാര്‍ ഭാസ്‌കര്‍ ഓജ എന്നിങ്ങനെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ബിഹാറിലെ ഛപ്ര സ്വദേശിയായ സുധീര്‍ മിശ്രയും ഇയാളുടെ കൂട്ടാളി ബുല്‍ബുല്‍ മിശ്രയുമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസിന് വ്യക്തമായി. ഇതില്‍ എടിഎം ബാബ എന്നറിയപ്പെടുന്ന സുധീറാണ് യുവാക്കള്‍ക്ക് കവര്‍ച്ച നടത്താനുള്ള പരിശീലനം നല്‍കുന്നതെന്നും പൊലീസ് കണ്ടെത്തി. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക്് ഇയാള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കും. തുടര്‍ന്നാണ് പരിശീലനം നല്‍കുന്നത്.

ഛപ്രയിലാണ് പരിശീലന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെ വച്ച് മൂന്ന് മാസത്തെ ക്രാഷ് കോഴ്‌സ് നല്‍കും. പതിനഞ്ച് മിനിറ്റുകൊണ്ട് എടിഎം കവര്‍ച്ച നടത്താനുള്ള വിദ്യകളാണ് ഇയാള്‍ പഠിപ്പിക്കുന്നത്. കൗണ്ടറില്‍ കടക്കുന്നതു മുതല്‍ ഗ്ലാസിലും സിസിടിവിയിലും അടിക്കാനുള്ള സ്‌പ്രേ പെയിന്റുകളുടെ ഉപയോഗവും കൗണ്ടര്‍ എങ്ങനെ പൊളിക്കുമെന്നതും പഠിപ്പിക്കും. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ പതിനഞ്ച് ദിവസത്തെ ഓഫ്‌ലൈന്‍ ക്ലാസുണ്ടാകും. ഇതില്‍ കവര്‍ച്ചാ രീതി നേരിട്ട് പ്രദര്‍ശിപ്പിച്ച് പഠിപ്പിക്കും. പരിശീലനത്തിന് ശേഷം സംഘത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കും ഇത്തരത്തില്‍ മുപ്പതോളം കവര്‍ച്ചകള്‍ സുധീര്‍ മിശ്രയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News