മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നൽകി, കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മഹാരാഷ്ട്രയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി

crime

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടിയ സംഭവത്തിൽ പട്ടാളക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാഗ്പുരിലാണ് സംഭവമുണ്ടായത്. മുപ്പത്തിമൂന്നു വയസുകാരകാരനായ അജയ് വാംഖഡെ എന്ന പട്ടാളക്കാരനെയാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തായ ജ്യോത്സ്‌ന(32) എന്ന യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ഒരു മാട്രിമോണി സൈറ്റ് വഴിയായിരുന്നു ഇവർ പരിചയപ്പെട്ടത്. എന്നാല്‍, ജ്യോത്സ്‌ന വിവാഹമോചിതയാണ് എന്ന കാരണത്താൽ അജയ് വാംഖഡെയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടത്തുകയും ചെയ്തു. ഇത് ഇരുവരുടെയും ബന്ധത്തെ തകർത്തു.

Also Read; ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിവാഹശേഷം ജ്യോത്സ്‌നയെ ഒഴിവാക്കാന്‍ അജയ് ശ്രമിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇയാൾ ഫോണ്‍ എടുക്കുന്നത് നിര്‍ത്തിയതോടെ ജ്യോത്സ്‌ന ഇയാളുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയായിരുന്നു. സുഹൃത്ത് വഴി ജ്യോത്സ്‌ന തന്നെ അന്വേഷിച്ച് നടക്കുന്നതായി അജയ് അറിയുകയായിരുന്നു. ഇതിനുപിന്നാലെ ജ്യോത്സ്‌നയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് തമ്മില്‍ കാണണമെന്ന് അജയ് പറഞ്ഞു. ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ ജ്യോത്സ്‌ന ഒരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്നും അടുത്ത ദിവസം ജോലി കഴിഞ്ഞേ വീട്ടിലെത്തുകയുള്ളൂ എന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി.

ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. പിന്നീട് ഹോട്ടലിൽ നിന്ന് സമീപത്തെ ടോള്‍ പ്ലാസയിലേക്ക് അജയ് ജ്യോത്സ്‌നയെ കാറിലെത്തിച്ചു, അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നൽകി. ജ്യോത്സ്‌നയുടെ ബോധം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയതിനു പിന്നാലെ അജയ് ജ്യോത്സ്‌നയെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തേക്ക് യുവതിയുടെ മൃതദേഹമെത്തിക്കുകയും, മണ്ണില്‍ കുഴിയെടുത്ത് മൃതദേഹം കോണ്‍ക്രീറ്റ് ചെയ്തു മൂടുകയും ചെയ്തു. പിന്നാലെ ജ്യോത്സ്‌നയുടെ മൊബൈല്‍ വാര്‍ധ റോഡിലൂടെ പോവുകയായിരുന്ന ട്രക്കിലേക്ക് എറിഞ്ഞു.

Also Read; നിങ്ങളിവിടെ, ഞങ്ങളവിടെ! മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി സഖ്യം ധാരണയിലായി

ജ്യോത്സ്‌ന പിറ്റേന്നും വീട്ടില്‍ തിരിച്ചെത്താതെയായതോടെയാണ് വീട്ടുകാര്‍ പൊലീസിൽ വിവരമറിയിച്ചത്. ജ്യോത്സ്‌നയുടെ കോള്‍ റെക്കോഡുകള്‍ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതിയിലേക്കെത്തിയത്. അപകടം മണത്ത അജയ് ഉയര്‍ന്ന രക്തസമ്മര്‍ദമെന്ന് പറഞ്ഞ്‌ ആശുപത്രിയില്‍ ചികിത്സ തേടുകയും, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. കോടതി ഇത് തള്ളിയതോടെ ഇയാളെ അറസ്റ്റു ചെയ്തു. മലയാളസിനിമ ‘ദൃശ്യ’ത്തിന്റെ റീമേക്കായ അജയ് ദേവ്ഗണ്‍ ചിത്രം ‘ദൃശ്യ’വുമായി കൊലയ്ക്ക് സാമ്യമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News