ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. വിവാഹ ചടങ്ങിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ നോയ്ഡയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.
Also read:റെയില്‍വേയുടെ അവഗണന; ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍
സംഭവത്തിൽ ഹോഷിയാർപൂർ സ്വദേശി അശോക് യാദവാണ് മരിച്ചത്. മകൻ്റെ ഭാര്യാപിതാവ് ശേഖർ യാദവാണ് അശോകിനെ വെടിവെച്ചതെന്നാണ് വിവരം. കുറച്ച് വർഷങ്ങൾക്ക് മുൻപ് അശോകന്റെ മകൻ ശേഖറിന്റെ മകളെ കല്യാണം കഴിച്ചിരുന്നു. പക്ഷേ, ദമ്പതികളുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല.
വിവാഹ ജീവിതം വഷളായതോടെ വിവാഹമോചനത്തിന് ഇരുവരും തയ്യാറായി. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അശോകും ശേഖറും തമ്മിൽ വഴക്കുണ്ടാവുകയും ശേഖർ വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ വെടിയേറ്റ അശോകിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരയുടെ ബന്ധുവിന്റെ പരാതിയിൽ ശേഖർ യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെടിവെപ്പിന് മുൻപ് എന്താണ് സംഭവിച്ചതെന്ന് വിവാഹത്തിൽ പങ്കെടുത്തവരുമായി പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ സുനിതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here