ഭാര്യയേയും മകനേയും കുത്തിക്കൊന്ന് യുവാവ്, തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; ട്രെയിന് മുന്നില്‍ച്ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്

Karnataka Murder

ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബാങ്ക് ജീവനക്കാരന്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് ദാരുണ സംഭവം. 28കാരിയായ ഭാര്യയേയും നാല് വയസുള്ള മകനേയും കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു 32കാരന്‍.

ബാങ്ക് ജീവനക്കാരനായ കാര്‍ത്തിക് ഭട്ടാണ് ഭാര്യയായ പ്രിയങ്കയേയും മകന്‍ ഹൃദ്യനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മുറിയില്‍ തന്നെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുവാവ് പുറത്തിറങ്ങി ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.

Also Read : അച്ഛനുമായി സ്വത്ത് തര്‍ക്കം; യുപിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്തുവെച്ച് വിഷം നല്‍കി അജ്ഞാതര്‍

മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റാണ് പ്രിയങ്കയും മകനും കൊല്ലപ്പെട്ടിട്ടുള്ളത്. മുറിയില്‍ നിന്ന് യുവാവിന്റെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

മരണത്തിന് ആരും കാരണക്കാരല്ലെന്ന് വ്യക്തമാക്കിയ ആത്മഹത്യാ കുറിപ്പില്‍ അന്തിമ കര്‍മ്മങ്ങള്‍ മാതാപിതാക്കളേക്കൊണ്ട് ചെയ്യിക്കരുതെന്നും യുവാവ് എഴുതിയിട്ടുണ്ട്. കാര്‍ത്തികിന്റെ വീട്ടുകാരുമായി ദമ്പതികള്‍ പിണക്കത്തിലായിരുന്നു. ഇതിനേ തുടര്‍ന്ന് കുടുംബ വീട്ടിലെ തന്നെ ഒരു മുറിയില്‍ തനിച്ചായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരേ വീട്ടില്‍ തന്നെ താമസിച്ചിരുന്ന കാര്‍ത്തികിന്റെ മാതാപിതാക്കളുമായി ദമ്പതികള്‍ സംസാരിച്ചിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പ്രിയങ്കയുടെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

മംഗളൂരുവില്‍ ഹോട്ടല്‍ നടത്തുകയാണ് കാര്‍ത്തികിന്റെ അച്ഛന്‍. വെള്ളിയാഴ്ച പിതാവ് ഹോട്ടലിലേക്ക് പോയതിന് പിന്നാലെ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.

Also Read : മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു; നാല് വയസ്സുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച് അമ്മ; ക്രൂരത കൊല്ലത്ത്

പക്ഷികെരെയില്‍ വച്ച് ട്രെയിനിടിച്ച് മരിച്ചത് കാര്‍ത്തിക് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് പ്രിയങ്കയും ഹൃദ്യനും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ചകളില്‍ വീടിന് പുറത്ത് പോകുന്ന രീതി മകനും മരുമകള്‍ക്കമുള്ളതിനാല്‍ ചെറുമകനൊപ്പം ഇവര്‍ പുറത്ത് പോയെന്ന ധാരണയിലായിരുന്നു കുടുംബത്തിലെ മറ്റ് അംഗങ്ങളുണ്ടായിരുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here