പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടികെയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. ഫറോക്ക് വെസ്റ്റ് നെല്ലൂർ സ്വദേശി മനോജ് കുമാർ (58) എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തിക്കാരുടെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന 75000 രൂപയോളം വില വരുന്ന നാല് മൊബൈൽ ഫോണുകൾ പ്രതി മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
ALSO READ; വിമർശനങ്ങൾക്ക് ആരും അതീതരല്ല; മുസ്ലിം ലീഗിനെതിരെ സമസ്ത യുവനേതാവ്
മൊബൈൽ ഫോൺ റൂമിൽ വെച്ച്, പൂജാദികർമ്മങ്ങൾ ചെയ്തു തിരിച്ചുവന്നു നോക്കിയപ്പോൾ ആണ് മൊബൈൽ ഫോൺ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം കസബ പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു. ക്ഷേത്രത്തിൻറെ അകത്തും പുറത്തും ഉള്ള സിസിടിവി ദൃശ്യങ്ങളും സമീപത്തുള്ള ഷോപ്പുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്ന് കസബ പോലീസ് പ്രതിയെ തിരിച്ചറിയുകയുകയായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയുള്ള ഒരു ബാറിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ പ്രതിക്ക് സമാനമായ രണ്ട് കേസ് സുൽത്താൻബത്തേരിയിലും മലപ്പുറത്തും ഉള്ളതായും തെളിഞ്ഞിട്ടുണ്ട്. ചിത്രകല പ്രാവീണ്യമുള്ള പ്രതി ക്രിസ്ത്യൻ ദേവാലയങ്ങളിലെ പുരോഹിതരുമായി അടുപ്പത്തിലാകുകയും അവർക്ക് വേണ്ട ചിത്രങ്ങളും ചുമരെഴുത്തുകളും എഴുതി കൊടുക്കുകയും, വിശ്വാസം പിടിച്ചുപറ്റിയ ശേഷം അവിടെ നിന്ന് മോഷണം നടത്തി മുങ്ങുകയുമായിരുന്നു.
കസബ ഇൻസ്പെക്ടർ ഗോപകുമാർ ജി , സബ്ബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ ആർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ പി, സീനിയർ സി. പി. ഒ. രാജീവ് കുമാർ പാലത്ത് ,സിപിഒ ഷിംജിത്ത്, സിറ്റി ക്രൈം സക്വാഡിലെ ഷാലു എം , സുജിത്ത് സി കെ, സൈബർ സെല്ലിലെ സ്കൈലേഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here