അമ്മമാരില്ലാതെ മക്കിമല

ജോലികഴിഞ്ഞ്‌ നേരത്തെയായിരുന്നു ആ മടക്കം.ക്ഷീണത്തോടെ പതിവ്‌ പോലെ തന്നെയായിരുന്നു ആ ജീപ്പ്‌ യാത്ര. തലപ്പുഴയിൽ നിന്ന് വാളാടിലേക്കുള്ള വഴിയിൽ ഇടക്കാണ്‌ കണ്ണോത്ത്‌ മല.13 പേർ ഒരുമിച്ച്‌ ജോലിചെയ്യുന്നവർ. ഒരുമിച്ച്‌ വീടെത്തി ഓണത്തിന്‌ മുൻപുള്ള തിരക്കുകളിലേക്കും സന്തോഷങ്ങളിലേക്കും നടക്കേണ്ടവർ. മണികണ്ഠനാണ്‌ ഡ്രൈവർ. വഴി പരിചയമുള്ള പരിചയക്കാരനാണ്‌.വാളാട്‌ വിവിധയിടങ്ങളിൽ ജോലിചെയ്യുന്നവരാണ്‌ ഇവരെല്ലാം. മക്കിമല ആറാം നമ്പർ കോളനിയിലെ അടുത്തടുത്ത അടുപ്പക്കാർ.വലിയ വളവിൽ ബ്രേക്ക്‌ നഷ്ടപ്പെട്ട്‌ മുപ്പത്‌ മീറ്ററോളം ജീപ്പ്‌ താഴേക്ക്‌ പതിച്ചത്‌ പെട്ടെന്നായിരുന്നു.വലിയ കല്ലുകളിൽ തട്ടി താഴെയുള്ള അരുവിയിലേക്ക്‌ എത്തിയപ്പോഴേക്കും നാല്‌ പേർ മരണപ്പെട്ടിരുന്നു.അപകടം നടന്നാലും അത്‌ ശ്രദ്ധയിൽപ്പെടാൻ സാധ്യത കുറവുള്ള പ്രദേശമാണ്‌ ഇവിടം.ആദ്യമെത്തിയ ചിലർ ബഹളം കേട്ടാണ്‌ ഇവിടേക്ക്‌ എത്തിയത്‌.അപകടത്തിന്റെ തീവ്രത മനസ്സിലായ ഉടൻ കൂടുതൽ പേരെ അവർ ഇവിടെക്കെത്തിച്ചു.വാഹനത്തിൽ നിന്ന് പുറത്തെടുക്കുന്നവരെ ഓരോരുത്തരെയായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോയി. തിരിച്ചറിയാനാവാത്ത വിധം തലക്ക്‌ പരുക്കേറ്റ അതിദാരുണ കാഴ്ചകളായിരുന്നു ആ താഴ്ചയിൽ. പുറക്‌ വശം കുത്തിയാണ്‌ ജീപ്പ്‌ വീണത്‌.അവിടെയിരുന്നവരാണ്‌ മരിച്ചവർ.

ചിത്ര, ശോഭന, കാർത്യാനി, ഷാജ, ചിന്നമ്മ, റാബിയ, ലീല , ശാന്ത, റാണി എന്നിവരുടെ മരണം അരമണിക്കൂറിനുള്ളിൽ തന്നെ സ്ഥിരീകരിച്ചു. അതിലേറെപേരും അൻപതിനോടടുത്ത്‌ പ്രായമുള്ളവരായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ്‌ പെട്ടെന്ന് ശോകമൂകമായി. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ വിലപിക്കുന്നത്‌ കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ചു.

Also Read: വയനാട് അപകടം: മക്കിമല യു പി സ്കൂളില്‍ പൊതുദര്‍ശനം

ഭാര്യ ശാന്തയും മകൾ ചിത്രയും മരിച്ചതറിഞ്ഞ്‌ പത്മനാഭൻ മോർച്ചറി വരാന്തയിൽ തളർന്നിരുന്നു. പരുക്കേറ്റവരിൽ ലതയേയും മോഹന സുന്ദരിയേയും കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌.ഡ്രൈവർ മണികണ്ഠനും ഉമാദേവിയും ജയന്തിയും മാനന്തവാടിയിൽ ചികിത്സയിലാണ്‌.

2004 ൽ പനമരത്ത്‌ പതിനൊന്ന് പേരുടെ ജീവനെടുത്ത ബസ്‌ അപകടത്തിന്‌ ശേഷം ജില്ലയെ വേദനയിലാഴ്ത്തിയ വാഹനാപകടമാണ്‌ രണ്ട്‌ പതിറ്റാണ്ടിന്‌ ശേഷം മക്കിമലയിലുണ്ടായത്‌.കൂടുതൽ സ്ത്രീകൾ മരണപ്പെട്ടതും ഇവിടെ. അതി സാധാരണ ജീവിത സാഹചര്യങ്ങളുള്ള തലമുറകളായി തോട്ടം തൊഴിലാളികളായ ഒരുപാട്‌ പേരുള്ള സ്ഥലമാണ്‌ തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല.ഒൻപത്‌ കുടുംബങ്ങളുടെ നഷ്ടം ഒരു ഗ്രാമത്തിന്റെയാകെ തീരാ വേദനയായി മാറി.

എല്ലാ ആഘോഷങ്ങളിലും ഒരുമിച്ച്‌ സന്തോഷിച്ച വേദനകളും പരിഭവങ്ങളും പരാതികളും പങ്കുവെച്ച അവർ ഒരുമിച്ച്‌ മടങ്ങുകയാണ്‌.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മക്കിമല എൽ പി സ്കൂളിൽ പൊതുദർശനം നടക്കും.വൈകീട്ടൊടെ സംസ്കാര ചടങ്ങുകളും പൂർത്തിയാവും.

Also Read: മാനന്തവാടി ജീപ്പ് അപകടം; പരുക്കേറ്റവരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; അഹമ്മദ് ദേവർ കോവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here