എര്‍ലിങ് ഹാലണ്ടിന്റെ ഗോളിൽ സതാംപ്ടണെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. വിജയത്തോടെ പ്രീമിയർലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സിറ്റിക്ക് സാധിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സതാംപ്ടണെ മാഞ്ചസ്റ്റര്‍ സിറ്റി തകർത്തത്. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ സ്വന്തം ആരാധകരെ ആവേശത്തിലാക്കി അഞ്ചാം മിനിറ്റിൽ സിറ്റി ലീഡെടുത്തു.
കളി തുടങ്ങി അല്പനേരത്തിനുള്ളിൽ സതാംപ്ടണിന്റെ വലയിലേക്ക് ഹാലണ്ട് നിറയൊഴിച്ചു. മാത്യൂസ് ന്യൂനസിന്റെ ക്രോസ് കാലുകളിലേക്കാവാഹിച്ച് അതിവേഗ നീക്കത്തിലൂടെ എതിര്‍താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് പായിക്കുകയായിരുന്നു.
Also Read: ബെര്‍ണബ്യൂവില്‍ ഗോള്‍മഴ; എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ
നിരവധി അവസരങ്ങൾ തുറന്നെടുക്കാൻ സാധിച്ചെങ്കിലും അവയൊന്നും ഗോളാക്കാൻ സിറ്റിക്ക് സാധിച്ചില്ല. ഹാലണ്ടിന്റെ ഗോൾ മികവിൽ ജയിച്ചുകയറിയ സിറ്റി ഇതോടെ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഈ സീസണിൽ ഹാലണ്ടിന്റെ ഗോൾ അക്കൌണ്ടിൽ ഇതോടെ 11 ഗോളുകളായി.
പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന് ഇതോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 23 പോയിന്റ് നേടാൻ സാധിച്ചു. എട്ട് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ലിവര്‍പൂൾ തൊട്ടുപിന്നിലുണ്ട്. ഇതുവരെ ഒരു വിജയം പോലും നേടാൻ സാധിക്കാത്ത സതാംപ്ടണ്‍ ലീഗില്‍ അവസാന സ്ഥാനത്താണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here