പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ മംഗലപുരം എരിയാ കമ്മിറ്റിയുടെ പരാതി. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. മംഗലപുരം ഏരിയ സമ്മേളനത്തിനായി പിരിച്ച ഏഴ് ലക്ഷത്തോളം രൂപ കൈവശപ്പെടുത്തിയതായാണ് പരാതി.
ഒരാഴ്ച മുമ്പാണ് പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിപ്പെടുത്തുകയും ചെയ്തതിന് മധു മുല്ലശ്ശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി വി ജോയ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
മംഗലപുരം ഏരിയാ സെക്രറിയായിരുന്ന മധു മുല്ലശേരിക്ക് പകരം സമ്മേളനം പുതിയ സെക്രട്ടറിയായി എം ജലീനെ തെരഞ്ഞെടുത്തിരുന്നു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ മധു പാർട്ടിക്കെതിരെ രംഗത്ത് വരുകയും പാർട്ടി നേതൃത്വത്തിനെതിരെ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
പാർട്ടിക്കൊട്ടും യോജിക്കാത്ത നടപടിയാണ് മധുവിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞിരുന്നു. പാർട്ടി നേതാക്കളെ വ്യക്തിഹത്യ ചെയ്ത നടപടിയാണ് മധുവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. മധു മറ്റു പാർട്ടികളിൽ ചേരുന്നത് സിപിഐഎമ്മിന് ബാധകമല്ലെന്നും വി ജോയ് വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here