തിരുവനന്തപുരം മംഗലപുരത്ത് കൊല്ലപ്പെട്ട 69കാരിയായ ഭിന്നശേഷിക്കാരി ബലാത്സംഗത്തിന് ഇരയായി. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് സ്ഥിരീകരിച്ചു. വീഴ്ചയിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.
കൊലപാതകമാണെന്ന് നേരത്തേ പൊലീസ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മംഗലപുരത്തിന് സമീപം കൊയ്ത്തൂര്‍ക്കോണത്താണ് 69 വയസ്സുള്ള ഭിന്നശേഷിക്കാരിയെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരുടെ മൃതദേഹം കണ്ടത് തൊട്ടടുത്ത സഹോദരന്റെ പുരയിടത്തിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെന്ന് സംശയിക്കുന്ന തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.
Read Also: ആദ്യം ചാറ്റിങ്, ഒടുക്കം നാലരപവന്റെ മാലകൊണ്ട് ഓട്ടം; പിന്നാലെ അഴിക്കുള്ളിൽ
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നേരത്തെ മൃതശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതും പൊലീസിന് മരണം കൊലപാതകമാണെന്ന സൂചന നല്‍കി. വെളുപ്പിനെ പൂജയ്ക്ക് പൂ പറിക്കാന്‍ പോയപ്പോഴാകാം കൃത്യം നടന്നതെന്നാണ് പൊലീസ് നിഗമനം.
വയോധികയുടെ സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖത്ത് മുറിവിന്റെ പാടുകള്‍ ഉള്ളതും ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലുള്ളതും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലായതും കൃത്യം കൊലപാതകമാണെന്ന പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തി. കൂടാതെ പൂക്കളും ചെരിപ്പും സമീപത്ത് ചിതറിക്കിടപ്പുണ്ടായിരുന്നു. ഉപയോഗിച്ചിരുന്ന കമ്മലും കാതില്‍ ഉണ്ടായിരുന്നില്ല.
സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി പരിശോധനയിലാണ് കൊലയാളിയുടെ സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് പോത്തന്‍കോട് നിന്ന് പ്രതി തൗഫീഖ് പിടിയിലായത്. പോക്സോ കേസിലെ പ്രതി കൂടിയാണ് തൗഫീഖ്. മോഷണ വണ്ടിയുമായി എത്തിയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. തൗഫീഖില്‍ നിന്നും വയോധികയുടെ സ്വര്‍ണ കമ്മലും പൊലീസ് കണ്ടെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here