മംഗളൂരു കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്ക് കവർച്ച കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം. പ്രതിയെ പൊലീസ് മുട്ടിന് താഴെ വെടി വെച്ചിട്ടു. മൂന്ന് പ്രതികളിൽ ഒരാളായ കണ്ണൻ മണിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസുദ്യോഗസ്ഥരെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച ശേഷമാണ് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. പരിക്കേറ്റ പ്രതിയും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ ചികിത്സയിലാണ്. ഉള്ളാൾ കോട്ടേക്കാർ വ്യവസായ സേവ സഹകരണ ബാങ്കിൽ ആയുധധാരികളായ ആറംഗ സംഘമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് കവർച്ച നടത്തിയത്.
കവർച്ചക്ക് ശേഷം ബാങ്കിൽ നിന്ന് പുറത്തെത്തിയ സംഘം ഫിയറ്റ് കാറിൽ നൂറ് മീറ്റർ ദൂരത്തിലുള്ള ദേശീയ പാതയിലെത്തി. നാല് പേർ അവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ കയറി മംഗളൂരു ഭാഗത്തേക്കും രണ്ട് പേർ ഫിയറ്റ് കാറിൽ കേരള ഭാഗത്തേക്കും രക്ഷപ്പെടുകയായിരുന്നു.
എന്നാൽ സംഘത്തിലെ മൂന്നുപേർ മൂന്നാം നാൾ തന്നെ അറസ്റ്റിലായി. മുംബൈ സ്വദേശികളായ ഡോംബിവിലി വെസ്റ്റ് ഗോപിനാഥ് ചൗക്കിലെ ജോഷ്വ രാജേന്ദ്രൻ (35), ചെമ്പൂർ തിലക് നഗർ സ്വദേശി കണ്ണൻ മണി (36), തമിഴ്‌നാട് തിരുവണ്ണാമലൈ പദ്‌മനെരി സ്വദേശി മുരുഗണ്ടി തേവർ (36) എന്നിവരാണ് തമിഴ്‌നാട്ടിലെ പദ്‌മനെരിയിൽ പിടിയിലായത്. ഇതിലെ ചെമ്പൂർ തിലക് നഗർ സ്വദേശി കണ്ണൻ മണിയാണ് വെടിയേറ്റ് ചികിത്സയിൽ കഴിയുന്നത്.
പ്രതികളിൽനിന്ന് സ്വർണമടക്കം കവർച്ചമുതലിന്റെ ഒരുഭാഗം പോലീസിന് ലഭിച്ചു. കവർച്ചയ്ക്കുപയോഗിച്ച കറുത്ത ഫിയറ്റ് കാറും രണ്ട് തോക്ക്, വടിവാളുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു. 4 കോടിയുടെ സ്വർണ്ണവും പണവുമാണ് നഷ്ടപ്പെട്ടതെന്ന് കണക്കെടുപ്പിൽ വ്യക്തമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here