സോനാ കണ്ടത്തിൽ ഫിലിപ്പ്
ചില ചിത്രങ്ങൾ ഉണ്ട്, വർഷങ്ങൾ എത്ര കഴിഞ്ഞാലും ആവർത്തിച്ച് ആവർത്തിച്ച് കാണാൻ തോന്നുന്ന ചിലത്. അവയിലെയൊക്കെ ഓരോ കഥാപാത്രങ്ങളും അവരുടെ ഡയലോഗുകളും പ്രേക്ഷകരുടെ മനസിൽ എക്കാലത്തും നിറഞ്ഞ് നിൽക്കുന്നവയാണ്. അത്തരത്തിൽ എടുത്ത് പറയേണ്ട ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമ. ഡോ സണ്ണിയായി മോഹൻലാലും നകുലനായി സുരേഷ് ഗോപിയും നാഗവല്ലിയായി ശോഭനയും നിറഞ്ഞാടിയ ചിത്രം…അതേ, മണിച്ചിത്രത്താഴ് എന്ന ആ എവർ ഗ്രീൻ സിനിമ ഇറങ്ങിയിട്ട് ഡിസംബർ 25 ന് 30 വർഷം തികയുന്നു…
മധു മുട്ടം എഴുതി ഫാസിൽ സംവിധാനം ചെയ്ത് സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ച് 1993 ൽ പുറത്തിറങ്ങിയ ഇതിഹാസ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് മണിച്ചിത്രത്താഴ്. സംവിധായകരായ സിബി മലയിൽ, പ്രിയദർശൻ, സിദ്ധിഖ് -ലാൽ എന്നിവർ രണ്ടാം യൂണിറ്റ് ഡയറക്ടർമാരായും പ്രവർത്തിച്ചു എന്നത് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 19ആം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂർ കുടുംബമായ ആലുംമൂട്ടിൽ തറവാട്ടിൽ നടന്ന ഒരു ദുരന്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ കഥ. സിനിമ ഇറങ്ങി വർഷം ഇത്ര പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ മനസിൽ സണ്ണിയും ഗംഗയും നകുലനുമൊക്കെ മായാതെ നിൽക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും ആ സിനിമയുടെ വിജയം തന്നെയാണ്. കാരണം ഇന്ത്യൻ സിനിമയിൽ പതിവില്ലാത്ത ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്തത്. നിരവധി തീയേറ്ററുകളിലായി 300 ദിവസത്തിൽ അധികമായിരുന്നു സിനിമ പ്രദർശനത്തിന് എത്തിയത്.
എല്ലാം കൊണ്ടും തികഞ്ഞ ഒരു സിനിമ എന്നു തന്നെ മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കാം. കാരണം വൈകാരികത,ഹാസ്യം,പ്രണയം,നിഗൂഢത, സാംസ്കാരിക തനിമ,സംഗീതം ഇവയെല്ലാം അതിന്റെ എല്ലാ അർത്ഥത്തിലും സമന്വയിപ്പിച്ചുള്ള ചിത്രമാണിത്. കൂടാതെ ക്ലൈമാക്സ് രംഗങ്ങളിലുള്ള ട്വിസ്റ്റ് മണിച്ചിത്രത്താഴിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്ന് തന്നെ പറയാം. ഇത്തരമൊരു ചിത്രം ഇന്ത്യൻ സിനിമ ലോകത്തിന് ഒരത്ഭുതം തന്നെയാണ്.
നർമ്മത്തിലും നിഗൂഢതയിലും ആരംഭിക്കുന്ന കഥ ക്രമേണ ഭയാനകമായി പുരോഗമിക്കുകയും അപ്രതീക്ഷിതമായി ക്ലൈമാക്സിൽ ഒരു മനഃശാസ്ത്ര വിഷയമായി മാറുകയും ചെയ്യുന്നു. കഥയിലുടനീളം ‘തെക്കിനി’ സൃഷ്ടിച്ചിരിക്കുന്നത് അസാധാരണമായൊരു പ്രകമ്പനം തന്നെയാണ്. ഈ രംഗങ്ങളെ കൂടുതൽ തീവ്രവും ഭയപ്പെടുത്തുന്നതും ആക്കുവാൻ ജോൺസൺ മാഷിന്റെ മ്യൂസിക്കൽ സ്കോറിന് സാധിച്ചുവെന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. എം ജി രാധാകൃഷ്ണൻ രചിച്ച 9 ട്രാക്കുകളും കഥാഗതിയുമായി നന്നായി ഇഴുകി ചേരുന്നുണ്ട്.
മണിച്ചിത്രത്താഴിനെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് സിനിമയുടെ കാസ്റ്റിംഗ് തന്നെയാണ്. സിനിമയുടെ പെരുമ വാനോളം ഉയർത്തിയ പപ്പു, തിലകൻ, നെടുമുടി വേണു, കെ പി എ സി ലളിത, ഇന്നസെന്റ് തുടങ്ങിയ അതുല്യ പ്രതിഭകളുടെ വിയോഗം മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ്. മോഹൻലാൽ, സുരേഷ് ഗോപി,ശോഭന തുടങ്ങിയ മറ്റു താരങ്ങളുടെ ഒക്കെ അഭിനയ മികവും എടുത്ത് പറയേണ്ടതാണ്. ഈ സിനിമയിലെ ഏറ്റവും വലിയ നേട്ടം ഇതിന്റെ തിരക്കഥ തന്നെയാണ്. മധു മുട്ടം എന്ന തിരക്കഥാകൃത്തിന്റെ എഴുത്തിലെ വൈദഗ്ധ്യമാണ് അതിന്റെ കാരണം. ചാത്തനേറിനെക്കുറിച്ച് ഒന്ന് ആലോചിച്ചാലോ എന്ന് ചോദിച്ചാണ് ഇദ്ദേഹം ഫാസിലിനെ കാണാൻ എത്തുന്നത്. എന്നാൽ ഈ വ്യത്യസ്തമായ ആശയത്തെ കഥയായി വികസിപ്പിക്കുവാൻ ആയിരുന്നു ഫാസിലിന്റെ മറുപടി. പിന്നെ എഴുത്തും ചർച്ചയും ഒക്കെയായി മൂന്നു വർഷം കഴിഞ്ഞു പോയി. ശേഷം ചിത്രം തിയ്യേറ്ററിൽ എത്തിയപ്പോൾ സൂപ്പർഹിറ്റ്. ഫാസിലിലെ സംവിധായക മികവിനെ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയായി ഇത് മാറി.
ALSO READ: കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു
സൈക്യാട്രിസ്റ്റ് ഡോക്ടർ വന്ന് ചികിത്സിച്ച് ഭേദമാക്കാം എന്നുള്ള ഒരു രോഗത്തെ മാനസികരോഗിയിലെ അപരവ്യക്തിത്വവും മന്ത്രവാദവും ഒക്കെയായി സിനിമയിൽ ചിത്രീകരിച്ചു. അതിലൽപ്പം ഹാസ്യം കൂടി സംവിധായകൻ ഉൾപ്പെടുത്തിയപ്പോൾ മറ്റൊരു തലത്തിലേക്ക് ചിത്രം വഴിമാറുകയായിരുന്നു.
സിനിമയെ സൈക്കിക്ക് ഡില്യൂഷൻ ആയും ശാസ്ത്രീയപരമായും വ്യാഖ്യാനിക്കാം. ഗംഗ എന്ന കഥാപാത്രം ഇതിന് മികച്ച ഉദാഹരണമാണ്. കുട്ടിക്കാലത്ത് ഗംഗ കേട്ടറിഞ്ഞ പുരാണകഥകളും കെട്ടുകഥകളും നകുലന്റെ ഭാര്യയായി മാടമ്പള്ളി തറവാട്ടിൽ എത്തിയതിനു ശേഷം കേട്ടറിഞ്ഞ കഥകളിലൂടെയും ഒക്കെ ഗംഗ നാഗവല്ലിയിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ ഫാസിലിലെ സംവിധായകന് സാധിച്ചു.
അതുകൊണ്ടുതന്നെ മണിച്ചിത്രത്താഴ് എന്ന ഈ സിനിമയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. സംസ്ഥാന അവാർഡുകൾക്ക് പുറമേ ദേശീയ അവാർഡുകളും സിനിമയ്ക്ക് ലഭിച്ചു. മികച്ച നടിക്കുള്ള 1993ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും 1994ലെ ദേശീയ ചലച്ചിത്ര അവാർഡും ശോഭനക്ക് ലഭിച്ചതോടെ അത് സിനിമയുടെ കൂടി വിജയമായി മാറി.
മലയാളം കൂടാതെ തമിഴ്,കന്നഡ, ബംഗാളി,ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മലയാളത്തിൽ ലഭിച്ചത്ര ജനപ്രീതി മറ്റൊരു ഭാഷയിലും ലഭിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. കാലമെത്ര കഴിഞ്ഞാലും മലയാളി ഉള്ളിടത്തോളം കാലം മണിച്ചിത്രത്താഴ് എന്ന സിനിമ തലയെടുപ്പോടുകൂടി ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ നിലകൊള്ളും എന്നതിന് രണ്ടു പക്ഷമില്ല. മലയാള സിനിമയ്ക്ക് കാലാതീതമായ രത്നമാണ് മണിച്ചിത്രത്താഴ്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here